ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ മിനി ജിം! സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്

By Web TeamFirst Published May 23, 2020, 5:44 PM IST
Highlights

ആടുജീവിതത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുവേണ്ടി പൃഥ്വിരാജ് മുപ്പത് കിലോയോളം ഭാരം കുറച്ചിരുന്നു. 

പൃഥ്വിരാജും ബ്ലെസിയും അടക്കമുള്ള 'ആടുജീവിതം' സിനിമാസംഘം ഇന്നലെയാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. ലോകമെമ്പാടും കൊറോണ വൈറസ് പടരുന്നതിനിടെ കര്‍ഫ്യൂ പ്രഖ്യാപിച്ച ജോര്‍ദ്ദാനില്‍ സംഘം കുടുങ്ങുകയായിരുന്നു. എന്നാല്‍ ഇടയ്ക്കു നിന്നുപോയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ബ്ലെസിയും സംഘവും മടങ്ങിയത്. ഇന്നലെ കൊച്ചിയിലെത്തിയ സിനിമാസംഘത്തിന് 14 ദിവസത്തെ ക്വാറന്‍റൈന്‍ ഉണ്ട്. ചിത്രീകരണത്തിനിടെ കൈക്ക് പരുക്കേറ്റ ബ്ലെസി തിരുവല്ലയിലെ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍ പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ പെയ്‍ഡ് ക്വാറന്‍റൈന്‍ സൗകര്യത്തിലാണു കഴിയുന്നത്. പൃഥ്വിരാജിന്‍റെ താല്‍പര്യപ്രകാരം ഒരു മിനി ജിം കൂടി ഒരുക്കി നല്‍കിയിരിക്കുകയാണ് ഹോട്ടല്‍ അധികൃതര്‍. ഈ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു മലയാളികളുടെ പ്രിയതാരം.

"ശരീരഭംഗി തിരികെ നേടിയെടുക്കണമെന്ന് അതിയായ ആഗ്രഹമുള്ളപ്പോള്‍ നിങ്ങള്‍ എത്തുംമുന്‍പേ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ ഒരു മിനി ജിം ഒരുങ്ങിയിരിക്കും", പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരെടുത്തു പറഞ്ഞ് നന്ദി അറിയിച്ചിട്ടുമുണ്ട് അദ്ദേഹം. ഡംബല്‍സ് ഉള്‍പ്പെടെയുള്ള വ്യായാമോപകരണങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുമുണ്ട് പൃഥ്വിരാജ്. 

ആടുജീവിതത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുവേണ്ടി പൃഥ്വിരാജ് മുപ്പത് കിലോയോളം ഭാരം കുറച്ചിരുന്നു. ജോര്‍ദ്ദാനിലെ വാദി റം മരുഭൂമിയിലാണ് ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്ന ചിത്രത്തിന് ജോര്‍ദ്ദാനില്‍ ഇനിയും ചില ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടതുണ്ട്. സഹാറ മരുഭൂമിയാണ് മറ്റൊരു ലൊക്കേഷന്‍. ബെന്യാമിന്‍റെ പ്രശസ്ത നോവലിന് ബ്ലെസി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സന്നിവേശം. കെ യു മോഹനന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വലിയ ഇടവേളയ്ക്കു ശേഷം എ ആര്‍ റഹ്മാന്‍ ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. 

click me!