അല്ലു അര്‍ജുനെതിരെ വീണ്ടും തെലങ്കാന പൊലീസ്: ജാമ്യം റദ്ദാക്കാന്‍ നടപടി തുടങ്ങി

Published : Dec 17, 2024, 06:30 PM IST
അല്ലു അര്‍ജുനെതിരെ വീണ്ടും തെലങ്കാന പൊലീസ്: ജാമ്യം റദ്ദാക്കാന്‍ നടപടി തുടങ്ങി

Synopsis

പുഷ്പ 2 പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ നീക്കം ശക്തമാക്കാൻ തെലങ്കാന പോലീസ് ഒരുങ്ങുന്നു.

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവത്തില്‍ അല്ലു അര്‍‍ജുനെതിരെ നീക്കം ശക്തമാക്കാന്‍ തെലങ്കാന പൊലീസ്. അല്ലുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാണ് തെലങ്കാന പൊലീസ് ഒരുങ്ങുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിനാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.  

അതേ സമയം അന്ന് പുഷ്പ 2  പ്രീമിയറിനിടെ പരിക്കേറ്റ കുട്ടി ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍റെ നില ഗുരുതരമാണ്. ശ്രീതേജ് ഇപ്പോഴും കോമയിൽ ആണെന്ന് ഡോക്ടർമാർ പറഞ്ഞു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. 

ട്യൂബ് വഴി ഭക്ഷണം നൽകുന്നതിനോട് ശരീരം കുഴപ്പങ്ങളില്ലാതെ പ്രതികരിക്കുന്നത് ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം കുട്ടിയെ അല്ലു അര്‍ജുന്‍ കാണാന്‍ പോകാത്തതില്‍ ഉയര്‍ന്നിരുന്നു.

അതേസമയം, കുട്ടിയെ കാണാൻ പോകാതിരുന്നത് നിയമപ്രശ്‌നങ്ങൾ മൂലമാണെന്ന് ഇന്നലെ അല്ലു അർജുൻ വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിമർശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അർജുന്‍റെ പ്രതികരണം. കേസ് നിലനിൽക്കുന്നതിനാൽ കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു. സാധ്യമായാൽ എത്രയും പെട്ടെന്ന് കുട്ടിയെ കാണാൻ എത്തുമെന്നും അല്ലു അർജുൻ വ്യക്തമാക്കി. 

 "മരിച്ച സ്ത്രീയുടെ കുടുംബത്തോടൊപ്പം നിൽക്കും. എന്റെ കുടുംബത്തിനും ഇത് വലിയ വെല്ലുവിളികളുടെ സമയം ആയിരുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി. കൂടെ നിന്ന സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും നന്ദി", അല്ലു അർജുൻ പറഞ്ഞു. 

പുഷ്പ 2 റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്‍റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. 
ഇതോടെയുണ്ടായ തിക്കിലും തിരക്കിലും ചിത്രം കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചു. അല്ലുവും സംഘവും തിയറ്ററിലേക്ക് എത്തുന്ന വിവരം ഏറെ വൈകിയാണ് പൊലീസിനെ അറിയിച്ചത് എന്നതിനാല്‍ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അവര്‍ക്ക് ഒരുക്കാനായില്ല. 

പോരാത്തതിന് അല്ലു അര്‍ജുനൊപ്പമുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി സംഘം ആളുകളെ കൈകാര്യം ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു. അല്ലു അര്‍ജുനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മനപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത