
മുംബൈ: നടന്‍ ആര്‍ മാധവൻ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) പുതിയ അപ്പാർട്ട്മെൻ്റ് വാങ്ങിയതായി റിപ്പോർട്ട് . സ്‌ക്വയർയാർഡ്‌സ് ഡോട്ട് കോമിന് ലഭിച്ച രജിസ്‌ട്രേഷൻ രേഖകൾ പ്രകാരം 389 ചതുരശ്ര മീറ്റർ (4,182 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള വസ്തുവിന് 17.5 കോടി രൂപയാണ് വില വരുന്നത്. മാധവന്‍ വാങ്ങിയ അപ്പാര്‍ട്ട്മെന്‍റിന് രണ്ട് പാർക്കിംഗ് സ്ഥലങ്ങളും ഉണ്ട്. ജൂലൈ 22-ന് വിൽപ്പന പൂർത്തിയായത്. 30,000 രൂപ രജിസ്ട്രേഷൻ ചെലവും 1.05 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയുമായി അടച്ചുവെന്നാണ് വിവരം.
കഴിഞ്ഞ സെപ്തംബറില്‍ നടൻ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചിരുന്നു. ഗവേണിംഗ് കൗൺസിൽ ചെയർമാനും മാധവനാണ്. സ്ഥാനലബ്ധിയില്‍ മാധവനെ അഭിനന്ദിച്ചുകൊണ്ട് എക്സില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം സ്ഥാപനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
തുടര്‍ന്ന് ഇപ്പോള്‍ ബോളിവുഡില്‍ സജീവമാണ് മാധവന്‍. ബോളിവുഡില്‍ ഈ വര്‍ഷത്തെ അത്ഭുത ഹിറ്റായ സെയ്ത്താന്‍ സിനിമയിലെ മാധവന്‍റെ വില്ലന്‍ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ ഒരു ദുര്‍മന്ത്രവാദിയായണ് മാധവന്‍ എത്തിയത്. അജയ് ദേവഗണ്‍ ആയിരുന്നു നായകന്‍. ചിത്രം ബോക്സോഫീസില്‍ 200 കോടിയോളം നേടിയിരുന്നു.
മാധവൻ സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയ്ക്ക് നേരത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്‍റെ രചനയും മാധവന്‍ ആയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ഈ സിനിമയുടെ പ്രമേയം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും വൈറലായിരുന്നു.
1996 ല്‍ പുറത്തെത്തിയ ഇസ് രാത് കി സുബാ നഹീ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെയാണ് മാധവന്‍റെ സിനിമാ പ്രവേശം. 2000 ല്‍ പുറത്തെത്തിയ മണി രത്നം ചിത്രം അലൈപായുതേ ആണ് മാധവന്‍റെ കരിയര്‍ ബ്രേക്ക്. മൂന്ന് പതിറ്റാണ്ടോളം നീളുന്ന കരിയറില്‍ ഹിന്ദിയും തമിഴും കൂടാതെ ഇംഗ്ലീഷ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.
'ഞാന്‍ പിന്നെ നിങ്ങളുടെ വീട്ടില്‍ വന്നിരിക്കാം': ട്രോളുന്നവരോട് പ്രതികരിച്ച് അക്ഷയ് കുമാര്‍
നടൻ അജിത് കുമാർ കെജിഎഫില്‍ അഭിനയിക്കുമോ?: മാനേജര്‍ വ്യക്തമാക്കുന്നത്