"പ്രഭാസിന് മുന്നിൽ ഹൃത്വിക് ഒന്നുമല്ല"; വിവാദ പ്രസംഗത്തില്‍ വിശദീകരണം നല്‍കി രാജമൗലി

By Web TeamFirst Published Jan 15, 2023, 5:23 PM IST
Highlights

2009 ല്‍ ഇറങ്ങിയ പ്രഭാസിന്‍റെ ബില്ല എന്ന ചിത്രത്തിന്‍റെ ഓഡിയോ റിലീസിനിടെയാണ് എസ്എസ് രാജമൗലി  വിവാദമായ പരാമര്‍ശം നടത്തിയത്. 

ഹൈദരാബാദ്: എസ്എസ് രാജമൗലി ഇപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ ആഗോള പ്രതിനിധിയായി മാറിയ അവസ്ഥയിലാണ്. ആര്‍ആര്‍ആര്‍ നേടിയ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും, ഓസ്കാര്‍ നേട്ടത്തിന് അടുത്ത് നില്‍ക്കുന്നതും ഒരു കാരണമാണ്. ഇതേ സമയം തന്നെയാണ് രാജമൗലിയുടെ പഴയ ഒരു പ്രസംഗം വൈറലാകുന്നത്.

2009 ല്‍ ഇറങ്ങിയ പ്രഭാസിന്‍റെ ബില്ല എന്ന ചിത്രത്തിന്‍റെ ഓഡിയോ റിലീസിനിടെയാണ് എസ്എസ് രാജമൗലി  വിവാദമായ പരാമര്‍ശം നടത്തിയത്. ബാഹുബലി ഹിറ്റായ സമയത്ത് തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന്‍റെ പേരില്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റും ഉണ്ടായിരുന്നു. 

“ദൂം 2 ഹിന്ദിയിൽ റിലീസ് ചെയ്തപ്പോൾ, എന്തുകൊണ്ടാണ് ബോളിവുഡിൽ നല്ല നിലവാരമുള്ള സിനിമ ലഭിക്കുന്നതെന്ന് എനിക്ക് സങ്കടം തോന്നി. എന്തുകൊണ്ട് ഹൃത്വിക് റോഷനെപ്പോലുള്ള നായകന്മാർ ഇല്ല എന്നതിൽ എനിക്ക് സങ്കടമുണ്ടായിരുന്നു. എന്നാൽ ബില്ലയുടെ പാട്ടുകളും പോസ്റ്ററുകളും ട്രെയിലറുകളും കണ്ടപ്പോൾ പ്രഭാസിന് മുന്നിൽ ഹൃത്വിക് ഒന്നുമല്ലെന്ന് എനിക്ക് മനസിലായി. തെലുങ്ക് സിനിമ ബോളിവുഡിനേക്കാൾ മികച്ച ഹോളിവുഡിന് തുല്യമായ ചിത്രങ്ങൾ നിർമ്മിക്കുന്നു" - രാജമൗലി പഴയ വീഡിയോയില്‍ പറയുന്നു.

അടുത്തകാലത്ത് വീണ്ടും ഈ വീഡിയോ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ന്യൂയോര്‍ക്കില്‍ വച്ച് ഈ വീഡിയോ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജമൗലി പ്രതികരിച്ചു.

ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡിന്‍റെ റെഡ് കാര്‍പ്പറ്റില്‍ പഴയ വീഡിയോ സംബന്ധിച്ച് രാജമൗലി പറഞ്ഞത് ഇതാണ്.- "ഏകദേശം 15-16 വർഷങ്ങൾക്ക് മുന്‍പാണ് ഇത്. അന്ന് ആ വാക്കുകള്‍ ഉപയോഗിച്ചത് ശരിയായില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. ഒരിക്കലും മറ്റൊരു താരത്തെ (ഹൃത്വികിനെ) തരംതാഴ്ത്തുക എന്നതായിരുന്നില്ല എന്‍റെ ഉദ്ദേശം, ഞാൻ  ഹൃത്വികിനെ വളരെയധികം ബഹുമാനിക്കുന്നു ”. ഈ അഭിപ്രായ പ്രകടനത്തിന്‍റെ വീഡിയോ വൈറലായതോടെ ആരാധകർ രാജമൗലിയെ പുകഴ്ത്തി രംഗത്ത് എത്തി.  അദ്ദേഹം തന്‍റെ തെറ്റ് അംഗീകരിച്ചതില്‍ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ച്  രംഗത്ത് എത്തി. 

'ആര്‍ആര്‍ആര്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്ക് ചിത്രമാണ്, ബോളിവുഡ് പടമല്ല': എസ്എസ് രാജമൗലി

പേര് കേട്ടപ്പോള്‍ തന്നെ വിറച്ചു, എംഎം കീരവാണി.!; അനുഭവം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

click me!