
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ആളായിരുന്നു രേണു സുധി. വിമർശനങ്ങളും ട്രോളുകളും തുടർക്കഥ പോലെ രേണുവിനെതിരെ വന്നു കൊണ്ടിരുന്നു. ആദ്യമെല്ലാം ഇതൊക്കെ കണ്ട് വിഷമിച്ച രേണു പക്ഷേ തിരിച്ച് പ്രതികരിക്കാൻ തുടങ്ങി. വിമർശനങ്ങളൊന്നും വകവയ്ക്കാതെ മുന്നോട്ട് പോയി. ഒടുവിൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തു. ആദ്യമൊക്കെ ആക്ടീവ് ആയിരുന്ന രേണുവിന് പക്ഷേ ബിഗ് ബോസ് ഹൗസിൽ അധികനാൾ പിടിച്ചു നിൽക്കാനായില്ല. മുപ്പത്തി അഞ്ചാം ദിവസം സ്വന്തം ഇഷ്ട പ്രകാരം രേണു ഷോയിൽ നിന്നും പുറത്തേക്ക് പോയി.
ബിഗ് ബോസിന് ശേഷം രേണു സുധി തനിക്ക് എതിരെ വന്ന വിമർശനങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തനിക്ക് ഭ്രാന്താണെന്ന് പറയുന്നവരുണ്ടെന്നും അവർ പറയട്ടെ എന്നും രേണു സുധി പറയുന്നു. കേരളം ഭ്രാന്താലയമാണെന്ന് ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും രേണു ഓർമിപ്പിച്ചു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.
"മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ എന്നല്ലേ. അതൊക്കെ തന്നെയാണ്. ഞാൻ ഇനി വളർന്ന് വലിയ ആളാവോ സെലിബ്രിറ്റി ആവോ എന്നൊക്കെയുള്ള ഭയം കൊണ്ടായിരിക്കണം ഇങ്ങനെ സൈബർ ബുള്ളിയിംഗ് നടത്തുന്നത്. പിന്നെ എന്തുവന്നാലും തളരത്തില്ല. ഇങ്ങനെ തന്നെ ഞാൻ മുന്നോട്ട് പോകും. അതുകൊണ്ടാകും വീണ്ടും വീണ്ടും എന്നെ എറിഞ്ഞോണ്ട് ഇരിക്കുന്നത്. എവിടെയെങ്കിലും വീണാലോ. ഇതിലും വലുത് വന്നാലും തളരുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പൊണ്ണാണ് ഞാൻ. മൂന്ന് കോടി ജനങ്ങൾക്കിടയിൽ ഒറ്റയ്ക്ക് നിന്ന് പോരാടാൻ രേണു സുധിക്ക് രേണു സുധി മാത്രമെ ഉള്ളൂ. മക്കൾ രണ്ട് പേരും കുഞ്ഞുങ്ങളാണ്. എന്റെ കൂടെ നിൽക്കാൻ ഞാൻ മാത്രമെ ഉള്ളൂ", എന്ന് രേണു സുധി പറയുന്നു.
"ഇതെല്ലാം ഓവർകം ചെയ്തേ പറ്റത്തുള്ളൂ. നടു കടലിൽ കൊണ്ടിട്ടാലും അതെല്ലാം ഓവർകം ചെയ്യും. എനിക്ക് ഭ്രാന്താണെന്ന് പറയുന്നവർ പറയട്ടെ. കേരളം ഭ്രാന്താലയമാണെന്നാണല്ലോ വലിയൊരു വ്യക്തി പറഞ്ഞിരിക്കുന്നത്. ഞാനും കേരളത്തിലെ ഒരംഗമല്ലേ. എല്ലാവരുടേയും ഉള്ളിലൊരു മാനസിക രോഗിയുണ്ട്", എന്ന് രേണു പറയുന്നു.