
ബിഗ് ബോസ് മലയാളം സീസണിൽ മത്സരാർത്ഥിയായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ(Dr Robin Radhakrishnan). സീസണിൽ വിജയി ആകാൻ സാധിച്ചില്ലെങ്കിലും വൻ ജനപ്രീതിനേടാൻ റോബിന് സാധിച്ചിരുന്നു. അടുത്തിടെ റോബിൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വിവരവും പുറത്തുവന്നു. സോഷ്യൽ മീഡിയയിൽ സജീവമായ റോബിൻ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
സംവിധായകൻ പ്രിയദർശനൊപ്പമുള്ള ചിത്രവും വീഡിയോയുമാണ് റോബിൻ പങ്കുവച്ചത്. ഇതിഹാസത്തോടൊപ്പം എന്ന ക്യാപ്ഷനോടെയാണ് റോബിന്റെ പോസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ചിത്രം പുറത്തുവന്നതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ റോബിൻ അഭിനയിക്കുന്നുണ്ടോ എന്ന തരത്തിൽ ആരാധകർ കമന്റ് ചെയ്തിരുന്നു. എന്നാൽ, സിനിമയുടെ ആവശ്യത്തിന് അല്ലെന്നും പ്രിയദർശന്റെ അനുഗ്രഹം വാങ്ങാനായി റോബിൻ എത്തിയതാണെന്നും ബാദുഷ പറഞ്ഞു.
'നീ നല്‍കിയ എല്ലാ ഓര്‍മകള്‍ക്കും നന്ദി; ബഹുമാനം മാത്രം': ദിൽഷയോട് റോബിൻ
അതേസമയം, പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്. 'ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ',എന്നാണ് സന്തോഷ് ടി കുരുവിള പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്.