'ഞാന്‍ മാറിനിന്നിട്ടും അവരെന്നെ പിന്തുണയ്ക്കുന്നു'; സ്വന്തം നാടിന്‍റെ സ്നേഹത്തെക്കുറിച്ച് അച്ചു സുഗന്ധ്

By Web TeamFirst Published Mar 31, 2021, 3:18 PM IST
Highlights

പണ്ടുമുതലേ സിനിമയായിരുന്നു സ്വപ്‌നമെന്നും അതുകൊണ്ടുതന്നെ നാട്ടിലെ ആഘോഷങ്ങള്‍ക്കൊന്നും വലുതായി പങ്കെടുക്കാറില്ലായിരുന്നുവെന്നും അച്ചു സുഗന്ധ്

നിലവില്‍ മലയാളത്തിലെ ജനപ്രിയ പരമ്പര ഏതാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു, അത് സാന്ത്വനം ആണ്. അതിനെ ചിലര്‍ 'ശിവാഞ്ജലി' എഫക്ട് എന്നും ചിപ്പി മാജിക്കെന്നുമെല്ലാം പറയാറുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പര ആണ് സാന്ത്വനം എന്ന കാര്യത്തില്‍ മാത്രം സംശയമില്ല. സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ പരമ്പരയിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. കൂടാതെ അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ മനോഹരമായിത്തന്നെ കാണാം. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്.

സാന്ത്വനത്തിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണെങ്കിലും അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്‍ടമുണ്ട്. കണ്ണന്‍റെ കൊച്ചു കൊച്ചു വികൃതികളും ഏട്ടന്മാരോടുള്ള സ്‌നേഹവുമെല്ലാം പരമ്പരയെ വേറിട്ട തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അച്ചു പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. ജന്മനാടിന്‍റെ അഭിനന്ദനം തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് പറയുകയാണ് അച്ചു. പണ്ടുമുതലേ സിനിമ സ്വപ്‌നമായിരുന്നെന്നും അതുകൊണ്ടുതന്നെ നാട്ടിലെ ആഘോഷങ്ങള്‍ക്കൊന്നും വലുതായി പങ്കെടുക്കാറില്ലായിരുന്നുവെന്നുമാണ് താരം പറയുന്നത്. എന്നാല്‍ അതിലൊന്നും നാട്ടിലെ ചേട്ടന്മാര്‍ക്ക് പരിഭവങ്ങളില്ലെന്നും, അവരുടെ സപ്പോര്‍ട്ട് സന്തോഷമാണെന്നും അച്ചു പറയുന്നുണ്ട്.

കുറിപ്പ് വായിക്കാം

ഓര്‍മ്മവെച്ച കാലം മുതലേ സിനിമ മാത്രമാണ് എന്നെ സ്വാധീനിച്ചത്.. അതുകൊണ്ടുതന്നെ നാട്ടിലെ യുവാക്കള്‍ നടത്തിയ പല പ്രവര്‍ത്തനങ്ങളിലും ഞാന്‍ പങ്കെടുത്തിരുന്നില്ല. എല്ലാരെയും കാണുമ്പോള്‍ ചിരിക്കും സംസാരിക്കും എന്നതല്ലാതെ അവര്‍ക്കിടയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നിരുന്നില്ല.. എന്‍റെ മൂന്ന് പ്രിയപ്പെട്ട സുഹൃത്തുക്കളും സ്വപ്നങ്ങളുമായി ഞാന്‍ ഒതുങ്ങി കൂടിയിരുന്നു.. ഞങ്ങള്‍ നാലുപേരും ഇപ്പോള്‍ നാല് സ്ഥലങ്ങളിലാണ്, നാല് വ്യത്യസ്തമായ ജോലികള്‍ ചെയ്യുന്നു. അന്നും ഇന്നും അയിരൂറിനെ ചേര്‍ന്നുനില്‍ക്കുന്ന ഒരുപാട് ചേട്ടന്മാര്‍ ഉണ്ട്.... അവരില്‍ പലരും അന്നുമുതലേ എന്നോട് ചോദിക്കുന്നതാണ്, നിങ്ങള്‍ എന്താ മാറി നില്‍ക്കുന്നത് എന്ന്.. അതിനന്നും ഉത്തരമില്ല ഇന്നും ഉത്തരമില്ല. അസിസ്റ്റന്‍റ് ഡയറക്ടറായി കയറിയതിനു ശേഷം നാട്ടില്‍ അങ്ങനെ അധികം ഒന്നും നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, നാട്ടിലെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഞാന്‍ ഇല്ലായിരുന്നു. എന്നിട്ടും ചേട്ടന്മാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നു. പ്ലസ് ടു പഠിച്ചു കൊണ്ടിരുന്ന സമയത്ത് വീടിനു മുന്നിലെ റോഡില്‍ ഒരു പോസ്റ്റിന്‍റെ മുകളില്‍ വിജയ് അണ്ണന്‍റെ, ഞാന്‍ തന്നെ ഫോട്ടോസ് ഒട്ടിച്ച് ക്രിയേറ്റ് ചെയ്ത ഒരു ഫ്ളെക്സ് വച്ചിട്ടുണ്ട്. പിന്നെ അഭിനയം തലയ്ക്കുപിടിച്ചതിനുശേഷം എന്‍റെ നാട്ടില്‍ എന്റെ ഫ്‌ളെക്സ് ഉയരുന്നതായി ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. ശരിക്കും ആ സ്വപ്നം സഫലമായി. അയിരൂരിലെ ചേട്ടന്മാരുടെ ഈ സപ്പോര്‍ട്ടിന്.. എല്ലാവരോടും... ഒരുപാട് സ്‌നേഹം...

click me!