മൂന്ന് വര്‍ഷത്തിനുശേഷം ബിഗ് സ്ക്രീനിലേക്ക്; 'പത്താന്‍' ലുക്ക് പങ്കുവച്ച് കിംഗ് ഖാന്‍

By Web TeamFirst Published Jan 22, 2021, 7:00 PM IST
Highlights

കഴിഞ്ഞ വര്‍ഷാവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. 

തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് കരിയറില്‍ നിന്ന് ദീര്‍ഘകാല ഇടവേള എടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. 2018ല്‍ പുറത്തെത്തിയ 'സീറോ'യ്ക്കുശേഷം രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് ദീര്‍ഘമായ ആലോചനകള്‍ക്കുശേഷം അദ്ദേഹം പുതിയൊരു ചിത്രം കമ്മിറ്റ് ചെയ്തത്. സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തിലെത്തുന്ന 'പത്താന്‍'. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കിംഗ് ഖാന്‍ സ്ക്രീനിലെത്തുന്ന ചിത്രമായതിനാല്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ലൊക്കേഷനില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തേതന്നെ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള തന്‍റെ ചിത്രം അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.

മുടി നീട്ടി, തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട് അദ്ദേഹം. ബ്ലാക്ക് ടീഷര്‍ട്ടിനൊപ്പം ബ്ലൂ ജീന്‍സും. ഒരു ബില്യാര്‍ഡ്‍സ് ടേബിളില്‍ ഉന്നംപിടിച്ചാണ് ചിത്രത്തില്‍ ഷാരൂഖിന്‍റെ നില്‍പ്പ്. പങ്കുവച്ച് മണിക്കൂറിനുള്ളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി ചിത്രം. രണ്ട് മണിക്കൂറിനുള്ളില്‍ 50,000ല്‍ അധികം ലൈക്കുകളും 5,700ല്‍ അധികം ഷെയറുകളും നേടി ചിത്രം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shah Rukh Khan (@iamsrk)

ദീപിക പദുകോണ്‍ ആണ് 'പത്താനി'ല്‍ ഷാരൂഖിന്‍റെ നായിക. നേരത്തെ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷാവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. 

click me!