
ഏഷ്യാനെറ്റ് പരമ്പരകളിൽ യുവാക്കളടക്കം ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. പരമ്പര യുവാക്കളെ വരെ കയ്യിലെടുത്തത് ശിവഞ്ജലി എഫക്ടിലൂടെയാണ്. പരമ്പരയിൽ ശിവനും അഞ്ജലിയുമായി എത്തുന്ന ദമ്പതികളുടെ അടിപിടിയും കൊച്ചു റൊമാൻസുകളും പ്രേക്ഷകർക്ക് നന്നേ ബോധിച്ചു എന്നു തന്നെ പറയാം.
പരമ്പരയിൽ ശിവനെ അവതരിപ്പിക്കുന്നത് സജിനും അഞ്ജലിയായി എത്തുന്നത് ഗോപികയുമാണ്. ഇരുവരും നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും വിശേഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയാണിപ്പോൾ.
ശിവനെ അവതരിപ്പിക്കുന്ന സജിന്റെ ഭാര്യ പങ്കുവച്ച ഒരു റൊമാന്റിക് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സജിന്റെ ഭാര്യ എന്നു മാത്രം വിശേഷിപ്പിച്ചാൽ പോര, നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ഷഫ്നയാണ് സജിന്റെ യഥാർത്ഥ ഭാര്യ.
ഇരുവരും ചേർന്ന് മഞ്ഞുമല കയറുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. റൊമാന്റിക് രംഗങ്ങളിലൂടെ കടന്നുപോകുന്ന സാന്ത്വനം എഫക്ട് ആണ് പ്രേക്ഷകരുടെ കമന്റുകളിൽ മുഴുവൻ. ശിവൻ യഥാർത്ഥ ജീവിതത്തിലും, ശരിക്കും റൊമാന്റിക്കാണെന്നാണ് ആരാധകരുടെ കമന്റ്. കഠിനമായ ജീവിത വഴികളിൽ കൈകോർത്ത് പിടിച്ച് എന്നാണ് ഷഫ്ന വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.