തിരക്കുകൾക്കിടയിലും ജൈവ കൃഷി; മോഹൻലാൽ എല്ലാവർക്കും മാതൃകയാണെന്ന് വിഎസ് സുനിൽകുമാർ

By Web TeamFirst Published Apr 26, 2021, 4:47 PM IST
Highlights

ലോക്ക്ഡൗൺ കാലത്ത് തയ്യാറാക്കിയ തന്റെ കൃഷിയിടത്തെ മോഹൻലാൽ കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. 

വീട്ടുവളപ്പിൽ ജൈവ കൃഷി നടത്തുന്ന നടൻ മോഹൻലാലിനെ അഭിനന്ദിച്ച് കൃഷി മന്ത്രി അഡ്വ. വിഎസ് സുനിൽകുമാർ. സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ലോക്ക്ഡൗൺ കാലത്ത് തയ്യാറാക്കിയ തന്റെ കൃഷിയിടത്തെ മോഹൻലാൽ കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. 

വിഎസ് സുനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിൻ്റെ മഹാനടൻ ശ്രീ. മോഹൻലാൽ, തൻ്റെ കാർഷിക പരീക്ഷണങ്ങൾ പൊതുസമൂഹത്തിന് മാതൃകയും പ്രചോദനവുമാകണം എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച വീഡിയോ കാണാം.

സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണ്. അഭ്രപാളികളിൽ നടനവിസ്മയം തീർക്കുന്ന ശ്രീ. മോഹൻലാൽ ഇപ്പോൾ സ്വന്തം പുരയിടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നതിൻ്റെ തിരക്കിലാണ്. 
നേരത്തെ സംസ്ഥാന കൃഷി വകുപ്പിൻ്റെ ജീവനി - നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ശ്രീ. മോഹൻലാൽ അഭിനയിച്ചിരുന്ന കാര്യം ഈയവസരത്തിൽ നന്ദിപൂർവ്വം ഓർക്കുന്നു.

Read Also: മുണ്ട് മടക്കിയുടുത്ത് തലയിൽ കെട്ടുമായി കർഷകൻ മോഹൻലാൽ; ഇത് ലോക്ക്ഡൗൺ കാലത്തെ ജൈവകൃഷി

ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട നിരവധി ചലചിത്ര താരങ്ങൾ സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞതിൽ കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്
കോവിഡിൻ്റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ കഴിഞ്ഞുകൂടേണ്ടി വരുമ്പോൾ, മഹത്തായ ഈ മാതൃക എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമാകട്ടെ. പ്രത്യേകിച്ച്, കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന് പറയുന്നവർക്ക് ഈ വീഡിയോ ശരിക്കും പ്രചോദനമാകും. കേരളത്തിന് ഒരു ജൈവകൃഷി മാതൃക സ്വന്തം പുരയിടത്തിലൂടെ കാണിച്ചു തന്നെ എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രീ. മോഹൻലാലിന് അഭിവാദനങ്ങൾ.

click me!