'ജീവിതത്തില്‍ ഓരോ പടികളായി കയറുമ്പോൾ'; സന്തോഷം പങ്കുവച്ച് സൂരജ്

By Web TeamFirst Published Nov 19, 2021, 5:49 PM IST
Highlights

ജീവിതത്തിൽ കടന്നുപോയ ദിനങ്ങളിലെ അനുഭവങ്ങളും വിജയത്തിലേക്കുള്ള പടവുകൾ എങ്ങനെയായിരുന്നു എന്നതും ഓർമിച്ചെടുക്കുകയാണ് താരം

മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറക്കാത്ത നടനാണ് സൂരജ് സൺ (Actor sooraj sun). 'പാടാത്ത പൈങ്കിളി'(Padatha painkily) എന്ന പരമ്പരയിലൂടെ  പ്രേക്ഷകപ്രീതി നേടിയ താരമാണ്  സൂരജ്. ആരോഗ്യ കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയലിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി വിലിയ ആരാധക വൃന്ദത്തിന്‍റെ പിന്തുണ താരത്തിന് ഇപ്പോഴുമുണ്ട്. 

ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയുമാണ് സൂരജ്. ഇപ്പോഴിതാ തന്‍റെ ജീവിതത്തിൽ കടന്നുപോയ ദിനങ്ങളിലെ അനുഭവങ്ങളും വിജയത്തിലേക്കുള്ള പടവുകൾ എങ്ങനെയായിരുന്നു എന്നതും ഓർമിച്ചെടുക്കുകയാണ് താരം. പണ്ട് ഫാഷൻ ഷോകളിൽ ജഡ്‍ജിംഗ് പാനലിന്‍റെ പിന്നില്‍നിന്ന് കാര്യങ്ങൾ കണ്ട്, വേദിയിലെത്തുന്ന സെലിബ്രിറ്റികളിൽ തന്നെത്തന്നെ കണ്ട നാളുകളെ കുറിച്ചും, ഇപ്പോൾ ജഡ്‍ജിംഗ് പാനലിൽ ഇരിക്കുന്നതിനെ കുറിച്ചും സൂരജ് കുറിക്കുന്നു..

സൂരജിന്‍റെ കുറിപ്പ് ഇങ്ങനെ..

നമ്മളെല്ലാരും ജീവിതത്തിൽ വന്ന വഴിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ പലരും ഇപ്പോൾ നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യം ഓർമ്മവരും.  എന്തായി ഒന്നും നടന്നില്ല അല്ലേ? വല്ലതും നടക്കുമോ?, അപ്പോ എനിക്ക് ഒക്കെ പറയാൻ പറ്റുന്ന ഒരു ഉത്തരം 'ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചല്ലോ...' എന്നാണ്.  അതെ, കുറച്ചു വർഷങ്ങൾക്കു മുൻപ് സിനിമകളുടെ കൊട്ടാരം എന്ന് വിശേഷിപ്പിക്കുന്ന എറണാകുളത്തേക്ക് ഞാൻ വന്നപ്പോൾ, പുറത്തുപറയാൻ കൂടി യോഗ്യതയില്ലാത്ത അടക്കിപ്പിടിച്ച ഒരുപാട് സ്വപ്നങ്ങൾ മാത്രമായിരുന്നു കൈമുതൽ. 

ഏതു വഴിയിൽ സഞ്ചരിച്ചാൽ ലക്ഷ്യത്തിലെത്തും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല, ചോദിക്കാനോ പറയാനോ നല്ലതും ചീത്തയും ചൂണ്ടിക്കാണിക്കാനോ ആരുമില്ലാതിരുന്ന ഒരു കാലം. അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചു തന്നു ശരിയും തെറ്റും, കഠിനാധ്വാനം സ്വപ്നങ്ങൾ നെയ്യാൻ സഹായിച്ചു. ആത്മവിശ്വാസം വിജയിക്കുമെന്നുള്ള ധൈര്യം തന്നു. വിലപിടിപ്പുള്ള ക്യാമറകൾ വാങ്ങി കൊച്ചിയിൽ നടക്കുന്ന പലപല ഫോട്ടോഷൂട്ടുകളും ഫാഷൻ ഷോകളും പലരുടെയും മുതലെടുപ്പിന് വേണ്ടി സൗജന്യമായി ചെയ്തു കൊടുത്ത കാലം. പക്ഷേ നാളെ എന്ന പ്രതീക്ഷയും ആ വർക്കുകളിൽ നിന്ന് കിട്ടുന്ന ഒരു നല്ല കോണ്ടാക്ടും, അനുഭവവും അതാണ് നമ്മുടെ സമ്പാദ്യം.

നാളെ ഒരു നടൻ ആവണം... വയ്ക്കുന്ന ഓരോ ചുവടുകളും ഉറപ്പുള്ളതും ആയിരിക്കണം എന്ന ആത്മവിശ്വാസം എന്നെ കൈവിടാത്തതുകൊണ്ട് ഞാൻ പിടിച്ചു നിന്നു. ഫാഷൻ ഷോകൾക്ക് ഫോട്ടോ എടുക്കുമ്പോൾ ജഡ്ജ്മെന്‍റ് പാനലിന്‍റെ തൊട്ടു പിറകിൽ ആയിരിക്കും ഞാൻ, അന്നും ഒന്ന് എത്തി നോക്കുമായിരുന്നു ആഗ്രഹങ്ങൾ കൊണ്ട് ഓരോ സെലിബ്രിറ്റികളും കയറിവരുമ്പോൾ അവരുടെ മുന്നിലും സൈഡിൽ നിന്നും ഫോട്ടോ എടുക്കുമ്പോൾ അറിയാതെ എന്നെ തന്നെ ഞാൻ അവരിൽ കാണാറുണ്ടായിരുന്നു.. വല്ലാത്ത ഒരു അവസ്ഥയാണ് കേട്ടോ..

ഇന്ന് അതേപോലെ ഉള്ള ജഡ്ജിംഗ് പാനലിൽ ഇരിക്കാൻ സാധിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസവും അഭിമാനവും സന്തോഷവും ഒക്കെ വളരെ വലുതാണ്. ഇപ്പോൾ ഓരോ പടികളായി കേറുമ്പോൾ ആ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ് ലക്ഷ്യവും, സത്യസന്ധവും ആത്മാർത്ഥവുമായ പ്രയത്നവും കൂടെ ഉണ്ടെങ്കിൽ വിജയം ഉറപ്പാണെന്ന്.  നിങ്ങളുടെ സ്വന്തം സൂരജ്.

click me!