
ലോകത്ത് ഒരാളെപ്പോലെ തന്നെയിരിക്കുന്ന ഏഴു പേരുണ്ടാകുമെന്ന് പറയാറുണ്ട്. ഒരേ ഫേസ്കട്ടും സംസാര ശൈലിയും എന്തിനേറെ ബോഡി ലാംഗ്വേജ് അടക്കം ഒരുപോലുള്ളവരുണ്ട്. പലപ്പോഴും അവരുടെ വീഡിയോകളും പുറത്തുവരാറുണ്ട്. പ്രത്യേകിച്ച് സിനിമാതാരങ്ങളുടെ ഫേസ് കട്ടുള്ളവർ. എഐയുടെ ഈ കാലത്ത് പുതിയ ടൂളുകളിലൂടെയും ചിലർ താരങ്ങളുടെ ഫേസ് ആഡ് ചെയ്യാറുണ്ട്. എന്നാൽ പുത്തൻ സാങ്കേതിക വിദ്യകളൊന്നുമല്ല തനി ദുൽഖർ സൽമാൻ ലുക്കുള്ളൊരാൾ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ണിൽപ്പെട്ടിട്ടുണ്ട്.
ആള് ഒരു സ്ത്രീയാണ് എന്നതാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. സംസാരത്തിലും ലുക്കിലും സ്റ്റൈലിലും അടക്കം ഇവർ ദുൽഖറിനെ പോലെയാണ്. സൗന്ദര്യ ബാലസുബ്രമണി ആണ് ഈ വൈറൽ താരം. അൺഷാക്കിൾഡ് (Unshackled), അഡ്‌മിറ്റഡ് (Admitted), 1000 ഡേയ്‌സ് ഓഫ് ലവ് (1000 Days of Love) തുടങ്ങിയ ജനപ്രിയ പുസ്തകങ്ങളുടെ രചയിതാവാണ് സൗന്ദര്യ ബാലസുബ്രമണി. കൂടാതെ സംരംഭകയും കമ്മ്യൂണിറ്റി ബിൽഡറും കൂടിയാണ് സൗന്ദര്യ.
സാൻഫ്രാൻസിസ്കോയിൽ താമസമാക്കിയ സൗന്ദര്യ തമിഴ്നാട് സ്വദേശിനിയാണ്. ഏതാനും നാളുകളായി പലരും തന്നെ കാണാന്‍ ദുൽഖർ സൽമാനെ പോലെയാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ മെസേജ് ഇടാറുണ്ടെന്ന് പറഞ്ഞ് ഒരു വീഡിയോ സൗന്ദര്യ ചെയ്തിരുന്നു. ഇതിപ്പോള്‍ വൈറലായിട്ടുണ്ട്. ചില ആംഗിളുകളിൽ ഇത് ദുൽഖർ അല്ലേന്ന് നമുക്ക് തന്നെ തോന്നിപ്പോകുന്ന സാമ്യമാണ് ഇരുവരും തമ്മിലുള്ളത്.
'ദുൽഖർ ഈ വീഡിയോ കാണുകയാണെങ്കിൽ. നമ്മൾ എന്നെങ്കിലും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു'വെന്ന് വീഡിയോയിൽ സൗന്ദര്യ പറയുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പലരും അക്ഷരാർത്ഥത്തിൽ ഞെട്ടിയുള്ള കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
"നിങ്ങൾ ചിരിക്കുമ്പോൾ 200% ദുൽഖർ തന്നെ, ദുൽഖറിൻ്റെ സഹോദരിയാണെന്നാണ് ഞാൻ കരുതിയത്, അപ്പോഴല്ലേ?, ഭാവിയിൽ നിങ്ങൾക്ക് ദുൽഖർ സൽമാൻ്റെ സഹോദരിയായി സിനിമയിൽ അഭിനയിക്കില്ലെന്ന് ആര് അറിഞ്ഞു, കാഴ്ചയിൽ മാത്രമല്ല, എല്ലാ വിധത്തിലും ദുൽഖർ തന്നെ, ഒരു കാർബൺ കോപ്പി പോലെ. ഹേയ് സിനാമികയിലെ ദുൽഖറിനെ ഓർമിപ്പിക്കുന്നു", എന്നിങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.