'6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പര്‍സ്റ്റാര്‍ മുന്നില്‍'; സുരേഷ് ഗോപിക്കൊപ്പമുള്ള ദില്ലി ഓര്‍മ്മകള്‍

Published : Aug 11, 2021, 10:54 AM IST
'6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പര്‍സ്റ്റാര്‍ മുന്നില്‍'; സുരേഷ് ഗോപിക്കൊപ്പമുള്ള ദില്ലി ഓര്‍മ്മകള്‍

Synopsis

സുരേഷ് ചേട്ടനും ഞാനും തിരുവനന്തപുരത്തു വളരെ അടുത്താണ് താമസം. എന്നാൽ അദ്ദേഹത്തെ ഞാൻ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡൽഹിയിലാണ്..

സുരേഷ് ഗോപിക്കൊപ്പമുള്ള തന്‍റെ ദില്ലി ഓര്‍മ്മകള്‍ പങ്കിട്ട് നടന്‍ കൃഷ്‍ണകുമാര്‍. തിരുവനന്തപുരത്ത് അടുത്തടുത്താണ് വീടുകളെങ്കിലും സിനിമയിലല്ലാതെ സുരേഷ് ഗോപിയെ കൂടുതലും നേരിട്ട് കണ്ടിരിക്കുന്നത് ദില്ലിയില്‍ വച്ചാണെന്ന് പറയുന്നു കൃഷ്‍ണകുമാര്‍. 'കാശ്‍മീര'ത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മുതല്‍ ഇന്നലെ വരെയുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് കൃഷ്‍ണകുമാര്‍.

കൃഷ്‍ണകുമാറിന്‍റെ ഓര്‍മ്മ

സുരേഷ് ഗോപിയും ഡൽഹിയും പിന്നെ ഞാനും.. ഡൽഹി എനിക്ക് വളരെ ഇഷ്ടപെട്ട സ്ഥലവും ധാരാളം സുന്ദര ഓർമ്മകൾ സമ്മാനിച്ച ഇടവുമാണ്. 1983ൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായിട്ടാണ് ഡൽഹിയിൽ ആദ്യമായി എത്തുന്നത്. വിജയ് ചൗക് മുതൽ ഇന്ത്യ ഗേറ്റ് വരെ ആണ് മാർച്ചിങ്. അതു കഴിഞ്ഞ് ഇരുവശത്തുമുള്ള പുൽത്തകിടിയിൽ ഇരുന്നു ഭക്ഷണം... ഒരു വർഷം കഴിഞ്ഞ് 1984ൽ Para jumping നായി ആഗ്രയിൽ പോകും വഴി ഡൽഹിയിൽ... പിന്നീട് 1993 ലെ തണുപ്പുള്ള ഡിസംബർ മാസം വീണ്ടും ഡൽഹിയിലെത്തി. അന്നാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും. ഡൽഹിയിൽ "കാശ്മീരം"  സിനിമയുടെ ലൊക്കേഷനിൽ പോകാനിറങ്ങുമ്പോൾ രഞ്ജിത് ഹോട്ടലിന്‍റെ പടികളിൽ വെച്ച് 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നില്കുന്നു. ചെറു ചിരിയോടെ ചോദിച്ചു.. "ആദ്യ സിനിമയല്ലേ, കലക്കണം.. ടീവിയിൽ കണ്ടിട്ടുണ്ട്.. ഓൾ ദി ബെസ്റ്റ്" അനുഗ്രങ്ങളും അഭിനന്ദനങ്ങളും ആവോളം തന്നു ചേട്ടൻ നടന്നു നീങ്ങി..

സുരേഷ് ചേട്ടനും ഞാനും തിരുവനന്തപുരത്തു വളരെ അടുത്താണ് താമസം. മക്കൾ ചെറുതായിരിക്കുമ്പോൾ birthday പാർട്ടികൾക്ക് ഒത്തു കൂടും. രാധികയും സിന്ധുവുമൊക്കെ കാണാറുണ്ട്. എന്നാൽ സുരേഷേട്ടനെ ഞാൻ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡൽഹിയിലാണ്.. സുരേഷേട്ടൻ നായകനായ "ഗംഗോത്രി"യുടെ ഷൂട്ടിംഗിനായി ഡൽഹിയിൽ വെച്ച് വീണ്ടും ഒത്തു കൂടി. "സലാം കാശ്മീരി"നായി പോകുമ്പോഴും ഡൽഹി എയർപോർട്ടിൽ കണ്ടുമുട്ടി, അവിടുന്ന് ശ്രീനഗറിലേക്ക് ഒരുമിച്ചായിരുന്നു യാത്ര.. ഒപ്പം സംവിധായകൻ ശ്രീ ജോഷിയും. കാലങ്ങൾ കടന്നു പോയി.. സുരേഷേട്ടൻ എംപി ആയി. സ്വർണ്ണജയന്തി സദനിൽ താമസമാക്കിയ സമയം. ഞാൻ രാജസ്ഥാനിൽ ശ്രീ മേജർ രവി -  മോഹൻലാൽ ചിത്രമായ 1971 ന്‍റെ ഷൂട്ടിംങ്ങിനായി രാജസ്ഥാനിൽ പോകും വഴി സുരേഷ് ചേട്ടന്‍റെ ഡൽഹിയിലെ ഫ്ലാറ്റിൽ താമസിച്ചിട്ടാണ് പോയത്. ഇറങ്ങുമ്പോൾ പറഞ്ഞു, തിരിച്ചു കേരളത്തിലേക്കു പോകുമ്പോൾ സമയമുണ്ടെങ്കിൽ ഇതു വഴി വന്ന് ഇവിടെ തങ്ങീട്ടു പോകാം. അങ്ങനെ സംഭവിച്ചു. തിരിച്ചു വന്നപ്പോൾ അവിടെ താമസിച്ചിട്ടാണ് മടങ്ങിയത്.

വീണ്ടും നാളുകൾക്കു ശേഷം, ഇന്നലെ സുരേഷ് ചേട്ടൻ വിളിച്ചു. "എടാ നീ ഡൽഹിയിലുണ്ടോ. ഉണ്ടെങ്കിൽ ഇങ്ങു വാ". അങ്ങനെ വീണ്ടും ഡൽഹയിൽ വെച്ച് വീണ്ടും ഒരു കണ്ടുമുട്ടൽ. കുറെ അധികം സംസാരിച്ചു.. പഴയ കഥകൾ പറഞ്ഞു ഒരുപാട് ചിരിച്ചു.. ഇറങ്ങുമ്പോൾ ചോദിച്ചു "നീ ഇനി എന്നാ ഡൽഹിക്ക്..?" എന്‍റെ മനസ്സിൽ അപ്പോൾ ഒരു ചോദ്യം വന്നു. ശെടാ.. തിരുവനതപുരത്തു വെച്ച് എപ്പോ കാണാം  എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല..? എന്താണോ എന്തോ..! തിരോന്തോരം ഭാഷയിൽ പറഞ്ഞാൽ എന്തരോ എന്തോ.. ഹാ ഡൽഹിയെങ്കിൽ ഡൽഹി.. എവിടെ ആയാലെന്താ കണ്ടാൽ പോരെ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍