
ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പര്‍താരം ദളപതി വിജയ്‌യുടെ 51-ാം ജന്മദിനം ജൂൺ 22-നാണ് ആഘോഷിച്ചത്. താരം വലിയ ആഘോഷം ഒന്നും നടത്തിയില്ലെങ്കിലും ഫാന്‍സും, വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി അണികളും താരത്തിന്‍റെ ജന്മദിനം ആഘോഷമാക്കി.
അതിനിടയിൽ, വിജയ്‌യുടെ ദീർഘകാല സുഹൃത്തും സഹനടിയുമായ തൃഷ കൃഷ്ണൻ ഒരു ഹൃദ്യമായ ജന്മദിന സന്ദേശം നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗായി. തൃഷ, തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിജയ്‌യെ "ബെസ്റ്റസ്റ്റ്" എന്ന് വിശേഷിപ്പിച്ചാണ് ആശംസ സന്ദേശം ഇട്ടത്.
അവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തി. പോസ്റ്റിനൊപ്പം, വിജയ് തൃഷയുടെ വളർത്തുനായ ഇസ്സിയോടൊപ്പം കളിക്കുന്ന ഒരു മനോഹര ചിത്രവും പങ്കുവെച്ചു. ഈ ചിത്രം ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. "ഹാപ്പി ബർത്ത്ഡേ ബെസ്റ്റസ്റ്റ്" എന്ന തൃഷയുടെ ഫോട്ടോയ്ക്കുള്ള ക്യാപ്ഷന്‍.
വിജയും തൃഷയും 'ഗില്ലി', 'തിരുപ്പാച്ചി', 'ലിയോ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 'ഗില്ലി'യിൽ വിജയ്‌യുടെ കബഡി കളിക്കാരനായ വേലുവിന്റെ പ്രണയിനിയായി തൃഷ അവതരിപ്പിച്ച കഥാപാത്രം ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ ചിത്രങ്ങൾ തമിഴ് സിനിമയിൽ 'മാസ്' വിഭാഗത്തിന്റെ ട്രെൻഡ് സെറ്ററുകളായി മാറി. ഇവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകരെ ആകർഷിച്ചു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ലിയോയില്‍ ഇരുവരും ഒന്നിച്ചത് വലിയ വാര്‍ത്തയായിരുന്നു. അത് കൂടാതെ ഗോട്ട് എന്ന വിജയ് ചിത്രത്തില്‍ തൃഷ ഒരു ഡാന്‍സ് രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. അതേ സമയം തൃഷയെയും വിജയ്‍യെയും ചേര്‍ത്ത് നിരവധി അഭ്യൂഹങ്ങളും റൂമറുകളും 2023 മുതല്‍ പ്രചരിച്ചിരുന്നു. ആ വെളിച്ചത്തില്‍ കൂടിയാണ് തൃഷയുടെ ആശംസ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.