
മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നൽകിയ തമാശ നിറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരം. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ പുതിയസീസണിലെ ആദ്യ എപ്പിസോഡില്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത ഈ ഷോയുടെ പ്രീമിയർ എപ്പിസോഡിൽ അതിഥിയായി എത്തിയ സൽമാൻ, തന്റെ സ്വതസിദ്ധമായ തമാശകളും സംസാരവും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ചുവെന്നാണ് ബോളിവുഡിലെ സംസാരം.
ഷോയുടെ ഹോസ്റ്റായ കപിൽ ശർമ്മ, സൽമാന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 59-കാരനായ ഈ താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. "ഇത് ചോദിക്കുന്നവരോട് ഞാന്‍ എപ്പോഴും ചോദിക്കാറുണ്ട് - ഞാൻ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് എന്താണ് പ്രയോജനം? എന്‍റെ ആദ്യരാത്രി നിങ്ങള്‍ക്ക് അസ്വദിക്കാന്‍ പറ്റുമോ? എന്‍റെ നാശം കാണണം എന്നതില്‍ നിങ്ങള്‍ക്ക് എന്താണ് സന്തോഷം കിട്ടുന്നത്?" സല്‍മാന്‍ പറഞ്ഞു.
ഇതേ പരിപാടിയില്‍ വിവാഹമോചനം സംബന്ധിച്ചും ജീവനാംശം സംബന്ധിച്ചും സല്‍മാന്‍ പ്രസ്താവന നടത്തിയിരുന്നു. “വിവാഹമോചനത്തിന് ശേഷം എന്റെ വരുമാനത്തിന്റെ പകുതി ജീവനാംശമായി നൽകണം, അതുകൊണ്ട് ഞാൻ വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചത്" എന്നും സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു.
ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ പുതിയ സീസണിന്റെ തുടക്ക എപ്പിസോഡിലാണ് സല്‍മാന്‍ എത്തിയത്. നേരത്തെ തന്നെ ആമിര്‍ ഖാന്‍റെ പുതിയ ഗേള്‍ ഫ്രണ്ടിനെക്കുറിച്ച് ഇതേ എപ്പിസോഡില്‍ സല്‍മാന്‍ നടത്തിയ പരാമര്‍ശം വൈറലായിരുന്നു.