Kamal Haasan : 'ആണ്ടവര്‍ താന്‍ എനക്ക് എല്ലാമേ'; പറഞ്ഞുതീരുമ്പോള്‍ പിന്നില്‍ കമല്‍ ഹാസന്‍!

By Web TeamFirst Published May 24, 2022, 2:34 PM IST
Highlights

ജൂണ്‍ മൂന്നിന് തിയറ്ററുകളില്‍

സാധാരണ തമിഴ് സിനിമാപ്രേമികള്‍ക്ക് പുറത്തേക്കും പാന്‍ ഇന്ത്യന്‍ ശ്രദ്ധ ലഭിച്ചിട്ടുള്ള ചിത്രമാണ് കമല്‍ ഹാസന്‍ (Kamal Haasan) നായകനാവുന്ന വിക്രം (Vikram Movie). ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും കമലിനൊപ്പമുള്ള താരനിരയും ഇതിന് കാരണമാണ്. നാല് വര്‍ഷത്തിനു ശേഷം തിയറ്ററുകളില്‍ എത്തുന്ന കമല്‍ ഹാസന്‍ ചിത്രം എന്നത് അദ്ദേഹത്തിന്‍റെ ആരാധകരെ ആവേശഭരിതരാക്കുന്നുണ്ട്. ഇപ്പോഴിതാ തന്നോട് വന്‍ ആരാധന സൂക്ഷിക്കുന്നവരില്‍ ചിലര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് അദ്ദേഹം. കമല്‍ ഹാസന്‍ തങ്ങളുടെ ജീവിതത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തെക്കുറിച്ചും വിക്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്ന ആരാധകര്‍ക്ക് പിന്നിലൂടെ കമല്‍ ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുകയാണ്. എന്ത് ചെയ്യേണ്ടൂ എന്ന് അമ്പരന്നു നില്‍ക്കുന്ന ആരാധകരെ ആശ്ലേഷിക്കുന്ന കമല്‍ ഹാസനെയും വീഡിയോയില്‍ കാണാം. അണിയറക്കാര്‍ തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. സൂര്യ അതിഥിതാരമായും എത്തുന്നു. ഒന്നരയാഴ്ച മുന്‍പ് പുറത്തെത്തിയ ട്രെയ്‍ലറിന് യുട്യൂബില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. ജൂണ്‍ മൂന്നിന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.  

ALSO READ : വന്‍ ബോക്സ് ഓഫീസ് നേട്ടവുമായി ജന ഗണ മന; 26 ദിവസം കൊണ്ട് നേടിയത്

വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍, പിആര്‍ഒ പ്രതീഷ് ശേഖർ.

click me!