
മലയാള സിനിമാസ്വാദകർ സമീപകാലത്ത് ഏറെ ആഘോഷിച്ച പടമായിരുന്നു വാഴ ഫ്രാഞ്ചൈസികൾ. സൗഹൃദത്തിന്റെ, സഹോദര ബന്ധങ്ങളുടെ, അച്ഛൻ മകൻ ബന്ധങ്ങളുടെ കഥ പറഞ്ഞ വാഴ 2 ഇരുകയ്യും നീട്ടി മലയാളികൾ ഏറ്റെടുത്തു. അക്കൂട്ടത്തിലേക്കാണ് വാഴ 3എത്തുന്നത്. കഴിഞ്ഞ രണ്ട് സിനിമകളും യുവാക്കളെ പ്രതിനിധീകരിച്ച് കൊണ്ടുള്ളതായിരുന്നുവെങ്കിൽ മൂന്നാം വരവ് പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ്. 'വാഴ 3 - ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' എന്നാണ് സിനിമയുടെ പേര്.
വാഴ 3 സ്ത്രീകൾക്ക് വേണ്ടിയുള്ള സിനിമയാണെന്ന് അറിഞ്ഞ സമയം മുതൽ നെഗറ്റീവ് കമന്റുകൾ ആയിരുന്നു വന്നത്. 'ഇവളുമാർക്കെന്ത് കഥ ! വിവാഹം, ആർത്തവം, പ്രസവ വേദന' ഇതല്ലാതെ എന്തെന്നായിരുന്നു വിമർശനങ്ങൾ. ഇവയ്ക്കെല്ലാം ചില വ്ലോഗർമാർ മറുപടി എന്ന രീതിയിൽ വീഡിയോകളും ചെയ്തിരുന്നു. വാഴ 3യുടെ അണിയറ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിനിടെ ഒരു എഐ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
വാഴ 3 ടീസർ എന്ന നിലയിലാണ് എഐ വീഡിയോ പുറത്തുവന്നത്. ഇതിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നവരാണ് അഭിനേതാക്കളായി എത്തിയിരിക്കുന്നത്. നാഗസൈരന്ധ്രി, രേണു സുധി, ജാസി, സന്തോഷ് വർക്കി, അലൻ ജോസ് പേരേര ഉൾപ്പടെയുള്ളവരാണ് അഭിനേതാക്കൾ. ഇവരുടെ വൈറലായ ഡയലോഗുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. 'ആറാട്ടണ്ണൻ സീൻ തൂക്കി, 1000 കോടി ഉറപ്പിച്ചു', എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.
വിപിൻ ദാസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് വാഴ 3. ആദ്യത്തെ രണ്ട് സിനിമകളും വിപിൻ തന്നെയായിരുന്നു എഴുതിയത്. ആദ്യ ഭാഗവും രണ്ടാം ഭാഗവും സംവിധാനം ചെയ്തത് വെവ്വേറെ ആളുകളാണ്. ഇത്തവയും ആ പതിവ് തെറ്റിച്ചിട്ടില്ല. വിശ്വന്‍ ശ്രീജിത്ത് ആണ് വാഴ 3യുടെ സംവിധാനം. വിപിന്‍ ദാസിന്‍റെ ഡയറക്റ്റോറിയല്‍ ടീമിലുള്ള ആളാണ് വിശ്വൻ.