
മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയായ വാനമ്പാടി അവസാനിച്ചിട്ട് നാളുകളായെങ്കിലും കഥാപാത്രങ്ങളെയൊന്നും തന്നെ ആരാധകര്‍ക്ക് മറക്കാനായിട്ടില്ല. പരമ്പരയിലെ കുട്ടിത്താരങ്ങളാണ് മലയാളികള്‍ക്കേവര്‍ക്കും പ്രിയപ്പെട്ടവരെന്ന് പറയാം. അതുകൊണ്ടുതന്നെ അവരുടെ ശരിക്കുള്ള പേരിനേക്കാള്‍ മലയാളികള്‍ക്കിഷ്ടം അനുമോളെന്നും തംബുരുവെന്നും വിളിക്കാന്‍ തന്നെയാണ്. പരമ്പരയിലെ മറ്റേത് താരങ്ങളെക്കാളും ആരാധകരുള്ള താരങ്ങളാണ് തംബുരുവായി വേഷമിടുന്ന സോനാ ജെലീനയും, അനുമോളെ അവതരിപ്പിക്കുന്ന ഗൗരി കൃഷ്ണയും.
പരമ്പരയുടെ തുടക്കത്തില്‍ ഇരുവരും ശത്രുക്കളായിരുന്നുവെങ്കിലും പിന്നീട് പിരിയാനാകാത്ത സുഹൃത്തുക്കളായി മാറുകയാണുണ്ടായത്. പരമ്പരയില്‍ കാണുന്നതു പോലെതന്നെ അനുമോള്‍ക്കും തംബുരുവിനുമിടയില്‍ വലിയൊരു സൗഹൃദവുമുണ്ട്. ഇപ്പോഴിതാ ഗൗരിയെ മിസ് ചെയ്യുന്നെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ് സോന.
വാനമ്പാടി പരമ്പരയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒന്നിച്ചു ചേര്‍ത്താണ് സോന ചിത്രം പങ്കുവച്ചത്. മിസ് യു ഗൗരി എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഇരുവരുടേയും വീഡിയോകോള്‍ ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലൂടെ നിരവധി ആളുകളാണ് കണ്ടത്. സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിന്റെ സങ്കടവും കൂട്ടുകാരെ മിസ് ചെയ്യുന്നുണ്ടെന്നുമെല്ലാം ഇരുവരും എല്ലായിപ്പോഴും പറയാറുമുണ്ട്.
വാനമ്പാടിയിലെ മോഹനും അനുമോളും തംബുരുവുമെല്ലാം കഴിഞ്ഞ ദിവസം മറ്റൊരു പരമ്പരയായ മൗനരാഗത്തില്‍ അതിഥികളായി എത്തിയത് പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. മൗനരാഗത്തിലെ കഥാപാത്രമായ 'കല്ല്യാണി'യുടെ പിറന്നാളിന് 'കിരണ്‍' നല്‍കുന്ന സര്‍പ്രൈസായാണ് മോഹനും അനുമോളും പരമ്പരയിലെത്തിയത്. 'നീയെന്‍ സര്‍ഗ സൗന്ദര്യമേ' എന്ന ഗാനം ആലപിക്കുന്ന 'മോഹനെ'യും 'അനുമോളെ'യുമാണ് മൗനരാഗത്തില്‍ ഗസ്റ്റായി കണ്ടതെങ്കില്‍ 'തംബുരു' മൗനരാഗത്തില്‍ ചെറിയ വേഷം കൈകാര്യം ചെയ്യുന്നുമുണ്ട്..