വഴിത്തിരിവുകളിലേക്ക് 'വാനമ്പാടി': റിവ്യൂ

By Web TeamFirst Published Dec 5, 2019, 10:00 PM IST
Highlights

ഒരുദിവസം പോലും വീട്ടില്‍നിന്ന് വിട്ടുനില്‍ക്കാത്ത തംബുരുമോള്‍ക്ക് എന്തെല്ലാം പുതിയ പാഠങ്ങളാണ് ആശ്രമം നല്‍കുക? തംബുരുമോള്‍ ഇനി എത്രദിവസം ആശ്രമത്തില്‍ തുടരും എന്നെല്ലാമറിയാന്‍ വരും എപ്പിസോഡുകള്‍ക്ക് കാത്തിരിക്കണം.
 

പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ വാനമ്പാടി 532 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ പുത്തന്‍ വഴിത്തിരിവിലേക്ക് എത്തുകയാണ്. ശ്രീമംഗലം വീട്ടിലെ എതിര്‍പ്പുകള്‍ മറികടന്ന് മഹിയുടെ ഭാര്യ അര്‍ച്ചനയുടെ ചികിത്സയുടെ ഭാഗമായി മോഹനൊപ്പം ആശ്രമത്തിലെത്തിയിരിക്കുകയാണ് തംബുരുവും അനുമോളും. എന്നാല്‍ ആ സമയത്ത് ശ്രീമംഗലത്തെത്തുന്ന അനുമോളുടെ വല്ല്യമ്മ നിര്‍മ്മലയും പത്മിനിയും കുട്ടികളുടെ പേരുപറഞ്ഞ് തര്‍ക്കത്തിലാവുന്നു. അവസരം കാത്തിരുന്ന പത്മിനി കുട്ടികളെ തിരികെ കൊണ്ടുവരാനായി ആശ്രമത്തിലെത്തുകയും ചെയ്യുന്നു. അവിടെവച്ച് മഹിയുമായുണ്ടാകുന്ന സംസാരം അനുമോള്‍ യാദൃശ്ചികമായി കേള്‍ക്കുന്നു. തംബുരു തന്റെ അച്ഛന്റെ മകളല്ല, മഹിയുടെ മകളാണെന്ന സത്യമറിയുന്ന അനുമോള്‍ പത്മിനി തിരികെ പോകുമ്പോള്‍ പല്ലിറുക്കി നില്‍ക്കുന്നിടത്താണ് പരമ്പരയുടെ കഴിഞ്ഞ എപ്പിസോഡ് അവസാനിക്കുന്നത്.

പുതിയ എപ്പിസോഡില്‍ അനുമോള്‍ മഹിയുടെ ഫോണില്‍നിന്ന് വല്ല്യച്ഛനെ വിളിക്കുകയും വല്ല്യമ്മയുമായി സംസാരിക്കുകയുമാണ്. പത്മിനിയുമായി പ്രശ്നമുണ്ടാക്കി അവരെ ആശ്രമത്തിലേക്ക് പറഞ്ഞുവിട്ടതിന് അനുമോള്‍ സ്നേഹത്തോടെ വല്ല്യമ്മയെ ശാസിക്കുന്നു. പത്മിനി തിരികെ ശ്രീമംഗലത്തെത്തുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും അവള്‍ ആവശ്യപ്പെടുന്നു. മോഹന്‍ തിരികെ വീട്ടിലെത്തുമ്പോള്‍ കുട്ടികളെ ആശ്രമത്തിലാക്കി വന്നതിന് മോഹനെ അമ്മ ശകാരിക്കുന്നു. എന്നാല്‍ മക്കള്‍ ആശ്രമത്തില്‍ സുരക്ഷിതരാണെന്നും അവര്‍ക്കവിടം ഇഷ്ടമായെന്നും ധരിപ്പിക്കുകയാണ് മോഹന്‍.

തിരികെ വീട്ടിലെത്തിയപ്പോഴാണ് പത്മിനി വീട്ടില്‍നിന്നും ആശ്രമത്തിലേക്ക് പോയ കാര്യം മോഹന്‍ അറിയുന്നത്. ആശ്രമത്തില്‍ പോയ പത്മിനി തിരികെ വരുമെന്നറിഞ്ഞിട്ടും മോഹന്‍ സമാധാനിക്കുന്നില്ല. മോഹനായി വേഷമിടുന്ന സായ് കിരണിന്റെ അഭിനയം ഈ രംഗങ്ങളില്‍ മികച്ച് നില്‍ക്കുന്നു. കുട്ടികളില്ലാതെ വീട്ടിലെത്തിയ മോഹന്‍ കുട്ടികളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അതേപോലെതന്നെ ആശ്രമത്തില്‍ തംബുരുവും അച്ഛനേയും അമ്മയേയും മിസ് ചെയ്യുന്ന രീതിയിലാണ് കഥാഗതി മുന്നോട്ടുപോകുന്നത്.

കുട്ടികള്‍ക്ക് വീട്ടില്‍നിന്നും വിട്ടുനില്‍ക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെല്ലാംതന്നെ തംബുരുമോള്‍ക്കുണ്ട്. രാത്രിയായപ്പോള്‍ വീട്ടില്‍ പോകണം എന്നുപറഞ്ഞ് തംബുരു കരയുകയും അനുമോള്‍ സമാധാനിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഹൃദയസ്പര്‍ശിയായി തന്നെയാണ് രംഗങ്ങള്‍ പരമ്പരയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പത്മിനി എത്തുമ്പോള്‍ മോഹന്‍ പറയുന്നതും മഹിയുടെ പക്കല്‍ കുട്ടിയെ ഏല്‍പ്പിച്ചതില്‍ തെറ്റുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ്. ആ പറഞ്ഞതിലെ ഒളിയമ്പുകള്‍ മനസ്സിലാക്കി പത്മിനി അവിടെ നിന്നും തടിയൂരുകയാണ്.

ആശ്രമത്തില്‍ മഹിയും തംബുരുവും അനുമോളും സംസാരിച്ചിരിക്കുമ്പോള്‍, അനുമോള്‍ കല്ല്യാണി പറഞ്ഞുകൊടുത്ത കഥ മഹിയോട് പറയുന്നു. അത് കേള്‍ക്കുന്ന മഹി കണ്ണീരണിയുന്നു. ആശുപത്രിയില്‍ വച്ച് കുട്ടികള്‍ മാറി പോവുകയും നിയമപോരാട്ടത്തിനൊടുവില്‍ കുട്ടികളെ മാറിയെടുത്ത അച്ഛനമ്മമാര്‍ക്കു തന്നെ കൊടുത്ത കഥ തന്റെ കഥയല്ലേ എന്നോര്‍ത്ത് മഹി കണ്ണീരു തുടയ്ക്കുന്നിടത്താണ് എപ്പിസോഡ് അവസാനിക്കുന്നത്.

അറിഞ്ഞ സത്യങ്ങള്‍ അടക്കിവയ്ക്കാന്‍ മോഹന് കഴിയുന്നില്ല. ഒരുദിവസം പോലും വീട്ടില്‍നിന്ന് വിട്ടുനില്‍ക്കാത്ത തംബുരുമോള്‍ക്ക് എന്തെല്ലാം പുതിയ പാഠങ്ങളാണ് ആശ്രമം നല്‍കുക? തംബുരുമോള്‍ ഇനി എത്രദിവസം ആശ്രമത്തില്‍ തുടരും എന്നെല്ലാമറിയാന്‍ വരും എപ്പിസോഡുകള്‍ക്ക് കാത്തിരിക്കണം.

click me!