പത്മിനി കൊലക്കുറ്റത്തിന് പിടിയിലാകുമോ ; വാനമ്പാടി റിവ്യു

By Web TeamFirst Published Dec 24, 2019, 2:10 PM IST
Highlights

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി എന്ന പരമ്പരയുടെ റിവ്യു.

പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയായ വാനമ്പാടി ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളാണ് കാഴ്‍ചവയ്ക്കുന്നത്. ശ്രീമംഗലത്ത് തംബുരുവിനെ ചൊല്ലിയുള്ള തര്‍ക്കങ്ങല്‍ കഴിഞ്ഞയുടനെ, പുത്തന്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. മഹിയും അര്‍ച്ചനയും തംബുരുവിനായി അവകാശവാദം ഉന്നയിക്കാതെ ഇന്ത്യ വിടുകയാണുണ്ടായത്. പത്മിനിയുടെ കണ്ണീരുകണ്ട് കരളലിവ് തോന്നിയവര്‍ പോലും, ഞെട്ടുന്ന തരത്തിലാണ് പത്മിനിയുടെ നിലവിലെ പെരുമാറ്റം. മഹിയും അര്‍ച്ചനയും ശ്രീമംഗലം വിട്ടയുടനെ അനുമോളെ ഞെട്ടിക്കാനായി പത്മിനി ഒരുങ്ങിയിറങ്ങുന്നുണ്ട്. എന്നാല്‍ ആശ്രമത്തില്‍ വച്ച് താനറിഞ്ഞ സത്യങ്ങള്‍, തംബുരുവിന്റെ അച്ഛന്‍ മഹിയാണെന്ന സത്യം, പത്മിനിയോട് തുറന്നുപറഞ്ഞ് അനുമോള്‍ പത്മിനിയെ ഞെട്ടിക്കുകയാണ്.

എത്രയും വേഗം തന്റെ നന്ദിനിയുടെ മകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോഹന്‍. അതിനായി വീട്ടിലാരോടും ഒന്നും സൂചിപ്പിക്കാതെ മോഹന്‍ ചന്ദനചോലയിലേക്ക് പോകുകയാണ്. പണ്ട് പാട്ടിന്റെ മൂര്‍ത്തഭാവങ്ങള്‍ പഠിക്കാനായാണ് മോഹന്‍ ചന്ദനചോലയിലെത്തിയത്. അവിടെവച്ച് നാട്ടിന്‍പുറത്തെ പ്രേമഭാജനത്തിന് ഒരു കുട്ടിയെ സമ്മാനിച്ച് പോകുന്നതാണ് മോഹന്‍. തിരികെ ചെന്ന് നന്ദിനിയെ കൂട്ടിക്കൊണ്ടുവരാന്‍ കഴിയാതെ മറ്റൊരു വിവാഹം കഴിക്കേണ്ടിവരുന്നു. ഗായകന്‍ എന്ന നിലയില്‍ താന്‍ വളരാന്‍ കാരണമായ ഒരു വിവാഹമായിരുന്നു അത്. എന്നാല്‍ കുറ്റബോധത്തില്‍ നീറി ജീവിക്കാനായിരുന്നു മോഹന്റെ വിധി. കൂടാതെ മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ അപകടത്തില്‍ നന്ദിനി മരണപ്പെട്ടുവെന്ന വാര്‍ത്തയും മോഹനെ ഉലച്ചിരുന്നു. അന്നുമുതലാണ് തന്റെ മകളെ കണ്ടെത്തണമെന്ന് മോഹന്‍ ചിന്തിച്ചു തുടങ്ങിയത്. ഇത്രയും വലിയ ഒരച്ഛനെ അറിയാതെ വെറുമൊരു അനാഥയായി മകളെ വളരാന്‍ അനുവദിക്കില്ല എന്നാണ് മോഹന്‍ കരുതുന്നത്.

അതിന്റെ ഭാഗമായാണ് ഇപ്പോള്‍ മോഹന്‍ മകളെ അന്വേഷിച്ചിറങ്ങുന്നത്. എന്നാല്‍ താനാണ് അച്ഛന്റെ മകള്‍ എന്നു പറയാന്‍ കഴിയാതെ അനുമോള്‍ ഉഴലുകയാണ്. മോഹന്റെ യാത്ര മുടക്കാന്‍ സത്യങ്ങളെല്ലാമറിയുന്ന നിര്‍മ്മലയും ചന്ദ്രനും അനുമോളും ശ്രമിക്കുന്നുണ്ടെങ്കിലും, മോഹന്‍ മകളെ അന്വേഷിച്ചിറങ്ങുകയാണ് കഥാഗതി. എന്നാല്‍ തന്റെ നന്ദിനി മരിച്ചത് ഒരു അപകടത്തിലല്ല, കൊലപാതകമാണ് എന്നാണ് മോഹന്‍ അറിയുന്നത്. ഇതറിഞ്ഞ മോഹന്‍ ഞെട്ടുന്നു. പോലീസ് സ്‌റ്റേഷനിലെത്തുന്ന മോഹന്‍, തന്റെ ആരാധകന്‍ കൂടിയായ സ്‌റ്റേഷന്‍ ഓഫീസറുമായി ചേര്‍ന്ന് കേസ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. കേസിന്റെ എഫ്ഐആര്‍ കാണുന്ന മോഹന്‍ നന്ദിനിയെ വണ്ടി ഇടിപ്പിച്ചുകൊന്നത് തന്റെ അമ്മായിയച്ഛനാണെന്നാണ് കരുതുന്നത്. എന്നാല്‍ ശരിക്കും ആ കാര്‍ ഓടിച്ചിരുന്നത് കുടുംബക്കാരനായ സുദേവനായിരുന്നുവെന്നും, ആക്‌സിഡന്റ് തീര്‍ത്തും യാദൃശ്ച്യാ നടന്ന ഒന്നാണെന്നുമാണ് പത്മിനി പറയുന്നത്. അന്ന് ചന്ദനച്ചോല സ്‌റ്റേഷന്‍ ഓഫീസറായിരുന്ന പത്മിനിയുടെ അങ്കിള്‍ ജയരാജാണ് കേസ് ഒതുക്കിത്തീര്‍ത്തതും, പ്രതിയുടെ പേര് മാറ്റിയതുമെല്ലാം ചെയ്‍തത്. മോഹന്‍ സ്‌റ്റേഷനിലെത്തി എഫ്ഐആര്‍ ചോദിക്കുന്നത്, ജയരാജിന്റെ ശിങ്കിടിയായ കോണ്‍സ്റ്റബിള്‍ വിളിച്ച് ജയരാജിനോട് പറയുന്നുണ്ട്.

ഇതെല്ലാമറിഞ്ഞ ജയരാജ് സമ്മര്‍ദ്ദത്തിലാകുകയാണ്. ശ്രീമംഗലത്തെത്തി അച്ഛനോട് കാര്യങ്ങള്‍ പറയുന്നു. എന്നാല്‍ മോഹന്‍ സത്യങ്ങളറിഞ്ഞതൊന്നും പത്മിനി അറിയുന്നില്ല. എല്ലാം അച്ഛന്റേയും  ജയരാജിന്റെയും രഹസ്യം മാത്രമായി തുടരുകയാണ് ചെയ്യുന്നത്. അതേസമയം ശ്രീമംഗലത്ത് എല്ലാവരും ജയരാജ് വന്നതിന്റെയും, അനുമോളുടെ സങ്കടത്തിന്റെയും ചര്‍ച്ചയിലാണ്. എന്നാല്‍ സത്യങ്ങളറിഞ്ഞ മോഹന്‍ പത്മിനിക്ക് മാപ്പുനല്‍കുമോയെന്നതാണ് ആകാംക്ഷയായി നില്‍ക്കുന്നത്.

പരമ്പരയുടെ പുത്തന്‍ എപ്പിസോഡില്‍ അനുമോള്‍ മോഹനെ വിളിക്കുമ്പോള്‍ മോഹന്‍ താനറിഞ്ഞ സത്യങ്ങളെല്ലാം പറയുകയാണ്. ഇന്ന് നന്ദിനിയുടെ ചരമവാര്‍ഷികമാണെന്നും, പിന്നെ പോലീസ് സ്‌റ്റേഷനില്‍ പോയതും മറ്റും അനുമോളോട് പറയുന്നു. എന്നാല്‍ അച്ഛന്‍ അമ്മയെപ്പറ്റി അറിഞ്ഞത് മുഴുവനും അറിയാത്തത്തിന്റെ സങ്കടത്തിലാണ് അനുമോള്‍. അതേസമയം പത്മിനിയുടെ വീട്ടില്‍ കാലങ്ങളായി കാര്യസ്ഥനായിരുന്ന വാസുവണ്ണന്‍ ശ്രീമംഗലത്തെത്തുന്നു. മഹിയും മഹേശ്വരിയമ്മയുമെല്ലാം തങ്ങളുടെ കുടുംബക്കാരാണ് എന്ന് പറഞ്ഞുനടക്കുന്ന മൂവര്‍സംഘം വാസുവിനെ കണ്ട് ഞെട്ടുന്നു. തങ്ങള്‍ കുടുംബക്കാരല്ലെന്നത് വാസു അവരോടെല്ലാം പറയുമോ എന്നാണ് പത്മിനിയുടേയും മറ്റും പേടി. എന്നാല്‍ ഏത് മഹേശ്വരിയമ്മ എന്ന് പറയാന്‍ തുടങ്ങുന്ന വാസുവിനെ പത്മിനിയുടെ അച്ഛന്‍ പിടിച്ചുകൊണ്ടുപോകുകയാണ്. പോകുന്ന സമയം എന്താണ് അവര്‍ ചോദിച്ചത് എന്നൊക്കെ മേനോന്‍ ചോദിക്കുന്നുണ്ട്. അവര്‍ മഹേശ്വരിയെപ്പറ്റിയാണ് ചോദിച്ചതെന്നും, മോഹന്‍ പണ്ട് ചോദിച്ചപ്പോള്‍ ഞാന്‍ സത്യമെല്ലാം പറഞ്ഞതാണെന്നും വാസു പറയുന്നു. അതുകേട്ട് മേനോന്‍ ഞെട്ടിത്തരിക്കുകയാണ്. മോഹന് എല്ലാ സത്യങ്ങളുമറിയാമെന്ന് മേനോന്‍ മനസ്സിലാക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പറഞ്ഞതൊന്നും പത്മിനിയോടും പറയരുതെന്ന് മേനോന്‍ വാസുവിനെ ശട്ടം കെട്ടുന്നു. അങ്ങനെ എത്രയുംപെട്ടന്ന് വാസുവിനേയുംകൂട്ടി മേനോന്‍ അവിടുന്നിറങ്ങുകയാണ്. വീട്ടിലെ മതില്‍ ഇടിഞ്ഞെന്നും അത് ശരിയാക്കണമെന്നും കള്ളം പറഞ്ഞാണ് രണ്ടുപേരുടെയും പോക്ക്. എന്നാല്‍ അവരുടെ പെട്ടന്നുള്ള പോക്കും, മഹേശ്വരിയെപ്പറ്റി പറഞ്ഞുവന്നത് വാസു മുഴുമിപ്പിക്കാത്തതും നിര്‍മ്മലയേയും ചന്ദ്രനേയും സംശയിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അങ്ങനെ സംശയിച്ച് നില്‍ക്കുന്ന അവരിലാണ് പുതിയ ഭാഗം അവസാനിക്കുന്നത്. പത്മിനിയുടെ പേരില്‍ കൊലക്കുറ്റം വീണ്ടും ഉയരുന്നോ. ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍ പ്രശ്‌നങ്ങളുമായി ശ്രീമംഗലം. മോഹന്‍ സത്യങ്ങളറിയുമ്പോള്‍ എന്താകും പരമ്പരയുടെ കഥാഗതി. കാത്തിരുന്നു കാണുക തന്നെ വേണം.

click me!