ടീം 'ബീസ്റ്റി'ന് വിരുന്നൊരുക്കി വിജയ്; നന്ദി പറഞ്ഞ് സംവിധായകന്‍

By Web TeamFirst Published Apr 26, 2022, 10:19 AM IST
Highlights

വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയില്ല

താന്‍ നായകനായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം ബീസ്റ്റിന്‍റെ (Beast) അണിയറ പ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കി വിജയ് (Vijay). സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, നായിക പൂജ ഹെഗ്‍ഡെ, നൃത്ത സംവിധായകന്‍ ജാനി മാസ്റ്റര്‍ തുടങ്ങിയവരെല്ലാം വിജയ്‍യുടെ ക്ഷണപ്രകാരം എത്തിയിരുന്നു. ഇതിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെ നെല്‍സണ്‍ ദിലീപ്‍കുമാര്‍ നന്ദി അറിയിച്ച് ഇട്ട പോസ്റ്റ് വിജയ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

മറക്കാനാവാത്ത ഒരു വൈകുന്നേരമായിരുന്നു ഇതെന്നും വിജയ്‍യുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും നെല്‍സണ്‍ കുറിച്ചു. ബീസ്റ്റ് പോലൊരു ചിത്രം ചെയ്യാന്‍ അവസരം നല്‍കിയ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിനും ഉടമകളായ കലാനിധി മാരനും കാവ്യ മാരനും ഒപ്പം ചിത്രം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ച സഹപ്രവര്‍ത്തകര്‍ക്കും നെല്‍സണ്‍ നന്ദി അറിയിച്ചു. ഏറ്റവുമൊടുവിലായി, സ്നേഹവും പിന്തുണയും നല്‍കിയ പ്രേക്ഷകരോടും നെല്‍സണ്‍ നന്ദി അറിയിക്കുന്നു.

❤️ 💥 pic.twitter.com/NfhHx9pY9n

— Nelson Dilipkumar (@Nelsondilpkumar)

അതേസമയം വിജയ്- നെല്‍സണ്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന് പ്രേക്ഷകപ്രീതി നേടാനായില്ല. ആദ്യദിനം തന്നെ മോശം മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രം മികച്ച ഇനിഷ്യല്‍ നേടിയെങ്കിലും തുടര്‍ദിനങ്ങളില്‍ ബോക്സ് ഓഫീസ് സംഖ്യകള്‍ താഴേക്കുപോയി. ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ടുതന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന് മോശം പ്രേക്ഷക പ്രതികരണങ്ങളാല്‍ ആ നേട്ടം തുടരാനായില്ല. എന്നാല്‍ ചിത്രത്തിന് പിന്തുണയുമായി തമിഴ്നാട് തിയറ്റര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം രംഗത്തെത്തിയിരുന്നു. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷം എത്തുന്ന പ്രധാന തമിഴ് റിലീസ് എന്ന തരത്തില്‍ ബീസ്റ്റ് നേടിയ ബോക്സ് ഓഫീസ് പ്രതികരണത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ച് വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ പ്രതികരിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചിത്രമായിപ്പോയി ഇത്. എഴുത്തിനും അവതരണത്തിനും നിലവാരമില്ല. നവാഗത സംവിധായകര്‍ക്ക് സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഇത്. ഒന്നോ രണ്ടോ നല്ല ചിത്രങ്ങള്‍ കരിയറിന്‍റെ തുടക്കത്തില്‍ അവര്‍ ചെയ്യും. പക്ഷേ ഒരു സൂപ്പര്‍ താരത്തെ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ അവര്‍ ഉദാസീനത കാട്ടും. നായകന്‍റെ താരപദവി കൊണ്ടുമാത്രം ചിത്രം രക്ഷപെടുമെന്നാണ് അവര്‍ കരുതുക. ബോക്സ് ഓഫീസില്‍ വിജയം നേടുമെങ്കിലും ചിത്രം ഒട്ടും തൃപ്തികരമല്ല. ഒരു സിനിമയുടെ മാജിക് അതിന്‍റെ തിരക്കഥയിലാണ്. ബീസ്റ്റിന് ഒരു നല്ല തിരക്കഥയില്ല, ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

റോ ഉദ്യോഗസ്ഥനാണ് ചിത്രത്തില്‍‍ വിജയ്‍യുടെ കഥാപാത്രം. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, കലാസംവിധാനം ഡി ആര്‍ കെ കിരണ്‍, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്‍, വിഎഫ്എക്സ് ബിജോയ് അര്‍പ്പുതരാജ്, ഫാന്‍റം എഫ്എക്സ്, സ്റ്റണ്ട് അന്‍പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.

click me!