
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി മാറിയ താരപുത്രിയാണ് മഞ്ജുപിള്ളയുടെ മകൾ ദയ സുജിത്ത്. മോഡൽ കൂടിയായ ദയ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരേയും സ്വന്തമാക്കി. സൂപ്പർ മോഡലുകളേ പോലെ ഗ്ലാമറസ് ആൻഡ് മോഡേൺ ലുക്കിലെത്തുന്ന ദയയെ രൂക്ഷമായി വിമർശിച്ച് കൊണ്ട് കഴിഞ്ഞ ദിവസം വ്ലോഗറായ ഷെഫീന ബീവി രംഗത്ത് എത്തിയിരുന്നു. 'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഷെഫീനയുടെ വിമർശനം.
ദയയുടെ പുതിയ ട്രാൻസിഷൻ റീലായിരുന്നു ഷെഫീനയുടെ വിമർശനത്തിന് ആധാരം. ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ എന്നും ഷെഫീന മഞ്ജു പിള്ളയോടായി ചോദിച്ചിരുന്നു. മകളേ കയറൂരി വിട്ടിരിക്കുകയാണോന്ന് ചോദിച്ച ഷെഫീന, ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണെന്നും പറഞ്ഞിരുന്നു. ഈ കാണിക്കുന്നതാണോ ഫെമിനിസം? ഇതാണോ സ്വാതന്ത്ര്യം?. മഞ്ജു പിള്ള മകളുടെ പ്രവൃത്തികൾ കാണുന്നില്ലേ?. ഇതൊന്നും ഫാഷനല്ല. മോഡേണിസം തലയിൽ കയറിയതായാണ് തോന്നിയത്. സ്ത്രീകളെ അപമാനിക്കുന്നത് പോലെയാണ് ദയയുടെ വസ്ത്രധാരണം കണ്ടപ്പോൾ തോന്നിയതെന്നും ജനറോഷൻ ഗ്യാപ്പാണെന്ന് പറഞ്ഞ് ആരും വരരുതെന്നും ഷെഫീന പറഞ്ഞിരുന്നു. ഇങ്ങനെ കോലം കെട്ടുന്നതിന് പബ്ലിക്ക് ന്യൂയിസൻസിന് കേസ് എടുക്കണമെന്നും ഷെഫീന പറഞ്ഞു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഷെഫീന ബീവിയ്ക്ക് എതിരെ രംഗത്ത് എത്തിയത്. "ഈ സ്ത്രീ ഒരു പൊതു ശല്യം ആണ്... എത്ര സ്ത്രീകളെ ആണ് അവർ മെന്റലി ഹരസ്സ് ചെയ്യുന്നത്", എന്നെല്ലാം പറഞ്ഞുള്ള കമന്റുകളും ധാരാളമായി വന്നു. അവൾ എന്ത് ഇടണമെന്നത് അവളുടെ തീരുമാനം ആണെന്നും പറഞ്ഞ് ദയയെ പിന്തുണച്ച് കൊണ്ട് നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സ് വീഡിയോകൾ ചെയ്തിരുന്നു. ഷെഫീനയുടെ വീഡിയോയ്ക്ക് താഴെയും നിരവധി വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ വിവാദ പോസ്റ്റ് അവർ ഡിലീറ്റും ചെയ്തിട്ടുണ്ട് ഇപ്പോൾ.