ടെസ്റ്റില്‍ റിഷഭ് പന്തിന് പകരമാകാൻ ആര്‍ക്കുമാകില്ല! റെഡ് ബോള്‍ ബീസ്റ്റ്

Published : Nov 22, 2026, 12:40 PM IST
Rishabh Pant

Synopsis

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്സ് നേടുന്ന രണ്ടാമത്തെ ബാറ്ററാകാനും പന്തിന് സാധിച്ചു. 108 സിക്സാണ് താരത്തിന്റെ നേട്ടം

ഈ ഷോട്ട് നിങ്ങള്‍ക്കൊരു കോച്ചിങ് പുസ്തകത്തിലും കാണാൻ കഴിയില്ല, കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിലെ ഏത് കൊച്ചിങ് ബുക്കും എടുത്തുനോക്കാം, ഇത്തരമൊരു ഷോട്ട് കണ്ടെത്താൻ സാധിക്കില്ല...

പറഞ്ഞത് സാക്ഷാല്‍ സുനില്‍ ഗവാസ്ക്കറാണ്, പിന്നാലെ കാണുന്ന ദൃശ്യം വെല്ലിങ്ടണിലെ ഇന്ത്യൻ ഡഗൗട്ട് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും, ആരെക്കുറിച്ചാണ് ഗവാസ്ക്കര്‍ പറഞ്ഞത്...

സിക്‌സ്ത്ത് സ്റ്റമ്പ് ലൈനില്‍ ജേക്കബ് ഡഫിയുടെ ഒരു ലൂസ് ബോള്‍, 28 ഓവറുകളുടെ ക്ഷീണമുണ്ടപ്പോള്‍ ഡഫിയുടെ തോളിന്. ക്രീസിനുപുറത്തേക്കിറങ്ങി ആ ബാറ്റ‍ര്‍, കവറിന് മുകളിലൂടെ അല്ലെങ്കില്‍ സട്രെയിറ്റ് ഡൗണ്‍ ദ ഗ്രൗണ്ട്, പന്തിന്റെ സഞ്ചാരം ഈ രണ്ട് മേഖലയിലേക്കാകുമെന്നായിരുന്നു കരുതിയത്.

എന്നാല്‍, ലാസ്റ്റ് മൊമമന്റില്‍ സ്ലൈറ്റ് അഡ്ജസ്റ്റ്മെന്റ്, ഫ്ലിക്ക് ഷോട്ട്. മിഡ് ഓണിലുണ്ടായിരുന്ന രചിൻ രവീന്ദ്രയെ താണ്ടിയാ പന്ത് ബൗണ്ടറിയിലേക്ക്.

കഴിഞ്ഞ ഒക്ടോബറില്‍ ഇറാനി കപ്പിനിടെയാണ് അയാളുടെ ശരീരത്തിന്റെ ഇടതുവശത്തെ പേശികള്‍ക്ക് പരിക്കേല്‍ക്കുന്നത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള രണ്ട് അനൗദ്യോഗിക ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ന്യൂസിലൻഡ് സാഹചര്യങ്ങളോട് പരിചിതമാകാൻ അയാള്‍ക്ക് മുന്നിലുള്ള ഏക അവസരമായിരുന്നു അത്.

കാരണം ഏകദിന, ടി20 ടീമില്‍ അയാള്‍ക്ക് സ്ഥാനമുണ്ടായില്ല, 2024 ഓഗസ്റ്റിന് ശേഷം വിഖ്യാതമായ ആ നീല ജഴ്സി അണിയാനുമായിട്ടില്ല. വൈറ്റ് ബോളിലേക്ക് മടങ്ങിവരാൻ സഞ്ജു സാംസണിനേയും ഇഷാൻ കിഷനേയും കെ എല്‍ രാഹുലിനേയും താണ്ടണം, അത് അത്ര എളുപ്പമുള്ള ഒന്നല്ല ഇന്ന്. ഇവയൊക്കെയും ചുറ്റും നിലനില്‍ക്കെയായിരുന്നു ഇറാനി കപ്പിനിടെയുണ്ടായ പരിക്ക്.

പക്ഷേ, വെല്ലിങ്ടണ്‍ ടെസ്റ്റ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് ശരീരിക ക്ഷമത വീണ്ടെടുത്തു, ടീമിനൊപ്പം ചേര്‍ന്നു. പരിക്കില്‍ നിന്ന് നേരിട്ട് ഒരു അന്താരാഷ്ട്ര മത്സരത്തിലേക്ക് എത്തുക എന്നത് എളുപ്പമല്ല, അത് എത്ര വലിയ ഇതിഹാസമാണെങ്കിലും. പക്ഷേ, അങ്ങനെയൊന്നായിരുന്നില്ല വെല്ലിങ്ടണില്‍ സംഭവിച്ചത്, നിലനില്‍ക്കുന്ന ഇത്തരം ബോധ്യങ്ങളെയൊക്കെ ബാറ്റുകൊണ്ട് നിരന്തരം വെല്ലുവിളിക്കുന്നത് അയാള്‍ തുടരുകായണ്...

99ല്‍ നില്‍ക്കെ ഗ്ലെൻ ഫിലിപ്സിനെതിരെ ക്രീസുവിട്ടിറങ്ങി ലോങ് ഓഫിന് മുകളിലൂടെയൊരു സിക്സ്, സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റില്‍ അയാള്‍ക്കല്ലാതെ ഒരുപക്ഷേ മറ്റാര്‍ക്കും തന്നെ സാധിക്കാത്ത ഒന്ന്, എല്ലാ സെന രാജ്യങ്ങളിലും സെഞ്ചുറി നേടുന്ന ആറാം ഇന്ത്യൻ ബാറ്റര്‍, ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍. ഓവര്‍സീസില്‍ ഇന്ത്യയുടെ റെഡ് ബോള്‍ ബീസ്റ്റ്, റിഷഭ് രാജേന്ദ്ര പന്ത്...

യശസ്വി ജയ്സ്വാളും രാഹുലും ചെറുത്തുനിന്ന് ബാറ്റിങ്ങിന് അനുകൂലമാക്കിയ സാഹചര്യങ്ങളില്‍ തുടക്കത്തില്‍ തന്റെ ശൈലിക്ക് നേര്‍ വിഭിന്നമായാണ് പന്ത് ബാറ്റ് ചെയ്തത്. നേരിട്ട ആദ്യ 35 പന്തുകളില്‍ 14 റണ്‍സ് മാത്രം, അതും ഒരു ബൗണ്ടറി പോലുമില്ലാതെ. കരിയറില്‍ പന്ത് ഇങ്ങനൊരു ഇന്നിങ്സ് ആരംഭിച്ചതുപോലും വിരളമായിരിക്കും. ആ ബാറ്റിനെ നിശബ്ദമാക്കി നിര്‍ത്താൻ ന്യൂസിലൻഡ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു.

മറുവശത്ത് ഗില്‍ തന്റെ അനായാസത തുടരുമ്പോഴാണ് പന്ത് സമ്മര്‍ദത്തിലാകുന്നുവെന്ന തോന്നലുണ്ടായത്. പക്ഷേ, പിന്നീട് കാണുന്നത് ടിപ്പിക്കല്‍ പന്ത് ഇന്നിങ്സാണ്. 35 പന്തില്‍ 14ല്‍ നിന്ന് 55-ാം പന്തില്‍ തന്റെ സ്കോര്‍ 52 ലേക്ക് എത്തിച്ചു ഇടം കയ്യൻ ബാറ്റര്‍. 20 പന്തിനിടെ നേടിയത് 38 റണ്‍സ്. പിന്നീടെല്ലാം ടിപ്പിക്കല്‍ പന്ത് സ്റ്റൈലില്‍ തന്നെ.

ഗില്ലിന്റെ മടക്കത്തിന് പിന്നാലെ ഇന്ത്യയെ അതിവേഗം കൂറ്റൻ ലീഡിലേക്ക് എത്തിക്കുക എന്ന ദൗത്യമായിരുന്നു പന്തിനുണ്ടായിരുന്നത്. അൻഷൂല്‍ കാമ്പോജിനേയും ദ്രുവ് ജൂറലിനെയും കൂട്ടുപിടിച്ച് അത് കൃത്യമായി നടപ്പാക്കുകയും ചെയ്തു. 153 പന്തില്‍ 128 റണ്‍സുമായി പന്ത് പുറത്താകുമ്പോള്‍ ഇന്ത്യയുടെ ലീഡ് 260 പിന്നിട്ടിരുന്നു, റണ്‍റേറ്റ് നാലിന് മുകളിലിലും, അഞ്ചിനടത്തുവരെ എത്തിച്ച സാഹചര്യങ്ങളുണ്ടായിരുന്നു ഇന്നിങ്സില്‍.

കിവി ബൗളര്‍മാരില്‍ നാഥാൻ സ്മിത്തിനും മാറ്റ് ഹെൻറിക്കും മാത്രമായിരുന്നു പന്തിനെ അല്‍പ്പമെങ്കിലും പിടിച്ചുനിര്‍ത്താനായത്. മറ്റെല്ലാ ബൗളര്‍മാര്‍ക്കുമെതിരായ സ്ട്രൈക്ക് റേറ്റ് 75നും 130നും ഇടയിലായിരുന്നു. ഡഫിയും ഫിലിപ്സുമായിരുന്നു പ്രധാന സ്കോറിങ് സോഴ്സായി പന്ത് തിരഞ്ഞെടുത്തത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്സ് നേടുന്ന രണ്ടാമത്തെ ബാറ്ററാകാനും പന്തിന് സാധിച്ചു. 108 സിക്സാണ് താരത്തിന്റെ നേട്ടം. ഒന്നാമതുള്ള മുൻ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്റെ പേരില്‍ 138 സിക്സ്. പന്തിന്റെ ബോള്‍ പെര്‍ സിക്സ് 48 ആണെങ്കില്‍ സ്റ്റോക്സിന്റേത് 90 ആണ്. അത്രത്തോളം അഗ്രസീവാണ് പന്തെന്ന് ചുരുക്കം. സെഞ്ചറിയോടെ സമ്മര്‍ദങ്ങളെയൊക്കെ തുടച്ചുനീക്കുക മാത്രമല്ല പന്ത് വെല്ലിങ്ടണില്‍ ചെയ്തത്, ടെസ്റ്റ് ഫോര്‍മാറ്റില്‍ താൻ ഇറിപ്ലേസബിളാണെന്ന് പ്രഖ്യാപിക്കുകകൂടിയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ചെറുത്തുനില്‍പ്പുകളുടെ കെഎല്‍ രാഹുല്‍ കാലം; അയാളാണ് ഈ ടീമിന്റെ ശക്തി
ഗംഭീറും ഗില്ലും എല്ലാം മറക്കുകയാണോ? മുഹമ്മദ് സിറാജിന്റെ ഭാവി ഇനി എന്ത്?