പരമ്പരയിലെ അവസാന ടെസ്റ്റ് ക്രൈസ്റ്റ്ചര്‍ച്ചിലാണ്, നവംബര്‍ 27ന് ആരംഭിക്കും. സിറാജിനെ ആ മത്സരത്തിലും ഉള്‍പ്പെടുത്താൻ ഇന്ത്യ തയാറായില്ലെങ്കില്‍ താരത്തിന്റെ ഭാവിയിലുള്ള ആശങ്ക വര്‍ധിക്കും

വെല്ലിങ്ടണിലെ വിക്കറ്റില്‍ ഗ്രാസിന്റെ അളവ് ഏകദേശം 15 മില്ലി മീറ്ററാണ്. അതായത്, പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യം, പ്രത്യേകിച്ചും പന്ത് സ്വിങ് ചെയ്യിക്കാൻ കഴിയുന്നവര്‍ക്ക്...

ടോസ് വിജയിച്ച് ബൗളിങ് തിരഞ്ഞെടുത്ത് നായകൻ ശുഭ്മാൻ ഗില്‍ ഇങ്ങനെ പറഞ്ഞു, very difficult for Mohammed Siraj and Gurnoor Brar for both of them to miss out. ഏത് സിറാജ്? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ 2025-27 സൈക്കിളില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ സിറാജ്, 11 മത്സരങ്ങളില്‍ നിന്ന് 43 വിക്കറ്റുകള്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇംഗ്ലീഷ് പേസര്‍മാരേക്കാള്‍ മികവ് പുലര്‍ത്തിയ സിറാജ്, ഗൗതം ഗംഭീറിന്റെ പരിശീലക കരിയര്‍ രക്ഷിച്ച, ഗില്ലിന്റെ ക്യാപ്റ്റൻസി ഡെബ്യൂ ചരിത്രത്തില്‍ രേഖപ്പെടുത്തിയ സിറാജ്...ജസ്പ്രിത് ബുമ്രയെന്ന പേരിലേക്ക് ചുരുങ്ങിയ ഒരു ബൗളിങ് അറ്റാക്കിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ സിറാജ്...

'The more overs I bowl, the better I get'

കൂടുതല്‍ ഓവറുകള്‍ എറിയുംതോറും ഞാൻ കൂടുതല്‍ മെച്ചപ്പെടും...സിറാജ് ഒരിക്കില്‍ പറഞ്ഞതാണ്. അയാള്‍ 2026ല്‍ വിവിധ ഫോര്‍മാറ്റിലായി ആകെ കളിച്ചത് ഒൻപത് മത്സരങ്ങള്‍ മാത്രമാണ്, മൂന്ന് ടെസ്റ്റ്, അഞ്ച് ഏകദിനം, ഒരു ടി20.

ഇപ്പോഴിതാ, അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഫോര്‍മാറ്റില്‍, പേസര്‍മാര്‍ക്ക് അനുകൂലമായ പശ്ചാത്തലം നിലനില്‍ക്കെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. നാല് പേസര്‍മാരെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷൂല്‍ കാമ്പോജ്. ബുമ്രയെ മാറ്റി നിര്‍ത്തിയാല്‍, സിറാജിനേക്കാള്‍ ടെസ്റ്റില്‍ മികവ് പുലര്‍ത്താൻ ഇവരില്‍ ആര്‍ക്കാണ് സാധിക്കുന്നത്.

സപ്പോര്‍ട്ടിങ് കണ്ടീഷനുകളായിട്ടും, 26 ഓവര്‍ എറിഞ്ഞ പ്രസിദ്ധിന് 100 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടാനായത്. കാമ്പോജ് രണ്ട് വിക്കറ്റ് നേടി. ന്യൂബോളില്‍ മാത്രമാണ് കാമ്പോജിന് ഇംപാക്റ്റുണ്ടാക്കാൻ കഴിഞ്ഞത്, അതായസ് ആദ്യ സെഷനില്‍. സ്വിങ് ജനറേറ്റ് ചെയ്യാനായത് റൈറ്റ് സ്പോട്ടുകളില്‍ ഹിറ്റ് ചെയ്യുമ്പോഴും. രണ്ടാം സെഷനിലേക്ക് എത്തിയപ്പോള്‍ കാമ്പോജിന്റെ പേസ് കുറയുന്നതായും കാണപ്പെട്ടു. ബാറ്റുകൊണ്ട് സംഭാവന ചെയ്യാൻ കഴിയുമെന്ന ആനുകൂല്യമാണ് ആകാശിനെ തുണച്ചത്, മൂന്ന് വിക്കറ്റും നേടി.

Test Cricket is not about One session or one day. അഞ്ച് ദിവസം ഒരേ എനർജിയില്‍, അഗ്രഷനില്‍, സ്പീഡ് ഡ്രോപ് ചെയ്യാതെ കണ്‍സിസ്റ്റന്റായി എറിയാനാകണം, ന്യൂ ബോളിലും ഓള്‍ഡ് ബോളിലും മികവ് പുലർത്താനാകണം...അഞ്ച് മത്സരങ്ങളുള്ള ഒരു പരമ്പരയില്‍ എല്ലാ ടെസ്റ്റുകളിലും മേല്‍പ്പറഞ്ഞതൊക്കെ ആവര്‍ത്തിക്കാനും കഴിയണം. ഇതിനൊക്കെയും സാധിക്കുന്ന ഒരേ ഒരാള്‍ ഇന്ന് സിറാജാണ്.

ഇംഗ്ലണ്ട് പര്യടനത്തിലെ കെനിങ്ടണ്‍ ഓവല്‍ ടെസ്റ്റ് ഓർമയില്ലെ. ഇന്ത്യ ആ മത്സരം വിജയിക്കുന്നത് ആറ് റണ്‍സിനാണ്, പരമ്പരയില്‍ ഇന്ത്യയെ ഒപ്പത്തിനൊപ്പം എത്തിച്ച ആ വിജയത്തിലേക്ക് വഴിയൊരുക്കിയത് സിറാജിന്റെ സിനിമാറ്റിക്കായ സ്പെല്ലാണ്. ഗസ് അറ്റ്‌കൻസണെ ബൗള്‍ഡാക്കിയ യോര്‍ക്കര്‍ സിറാജ് എറിയുന്നത് മണിക്കൂറില്‍ 143 കിലോ മീറ്റര്‍ വേഗതയിലാണ്, രണ്ടാം ഇന്നിങ്സില്‍ സിറാജ് എറിയുന്ന 31-ാം ഓവറിലാണ് ഇത് സംഭവിക്കുന്നതെന്ന് ഓര്‍ക്കണം. ആ മത്സരത്തില്‍ മാത്രം 47 ഓവറുകള്‍ സിറാജ് എറിഞ്ഞു,

പരമ്പരയിലെ ആകെ കണക്കെടുത്താല്‍ സിറാജ് എറിഞ്ഞ ലീഗല്‍ ‍ഡെലിവെറികളുടെ എണ്ണം 1113 ആണ്. മറ്റൊരു പേസര്‍പ്പോലും സിറാജിന്റെ അത്രയും പന്തെറിഞ്ഞിട്ടില്ല. അത് ഇംഗ്ലണ്ട് നിരയിലായാലും ഇന്ത്യൻ നിരയിലാണെങ്കിലും. 1113-ാം പന്തില്‍ 143 കിലോ മീറ്റര്‍ വേഗതയില്‍ പന്ത് എറിയാൻ സിറാജിന് കഴിഞ്ഞു. ഇതാണ് സിറാജ് ഇന്ത്യക്ക് നല്‍കുന്നത്. വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ പേരില്‍ ഇന്ത്യക്ക് ഒരിക്കലും സിറാജിനെ മാറ്റിനിര്‍ത്തേണ്ട സ്ഥിതിയുണ്ടായില്ല, പക്ഷേ ഇന്ന് സിറാജിന് പെര്‍ഫോം ചെയ്യാൻ കഴിയുമായിരന്ന ഒരു മത്സരത്തില്‍ ബൗണ്ടറി ലൈനപ്പുറം ഇരിക്കേണ്ടി വന്നു.

സിറാജിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍ ഇടവേളകള്‍ അയാള്‍ക്ക് ഗുണം ചെയ്യുന്ന ഒന്നല്ല. ഇടവേളയുടെ ദൈര്‍ഘ്യം കൂടും തോറും സിറാജിന്റെ മികവ് ഇടിയും, സിറാജ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണിത്. നിരന്തരം കളിക്കുക കണ്‍സിസ്റ്റന്റായി തുടരുക എന്നതാണ് അയാളുടെ മന്ത്ര, ഇതാണ് ഇന്ന് ഗംഭീറും സംഘവും സിറാജിന് നിഷേധിച്ചിരിക്കുന്നത്. സിറാജിനെപ്പോലൊരു എക്സ് ഫാക്ടറിനെ ഇങ്ങനെയാണോ ഉപയോഗിക്കേണ്ടതെന്ന ചോദ്യമുണ്ട്, പ്രത്യേകിച്ചും വിദേശ വിക്കറ്റുകളില്‍.

പരമ്പരയിലെ അവസാന ടെസ്റ്റ് ക്രൈസ്റ്റ്ചര്‍ച്ചിലാണ്, നവംബര്‍ 27ന് ആരംഭിക്കും. സിറാജിനെ ആ മത്സരത്തിലും ഉള്‍പ്പെടുത്താൻ ഇന്ത്യ തയാറായില്ലെങ്കില്‍ താരത്തിന്റെ ഭാവിയിലുള്ള ആശങ്ക വര്‍ധിക്കും. കാരണം, മറ്റ് രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും സിറാജിന്റെ സാന്നിധ്യം ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ട്, ഇനി ടെസ്റ്റ് ക്രിക്കറ്റ് മാത്രമാണ് മുന്നിലുള്ളതും...