ഏഷ്യ കപ്പ് 2025: എജ്ജാതി അടി, പാക്കിസ്ഥാനെ തീർത്ത അണ്‍സ്റ്റോപ്പബിള്‍ അഭിഷേക് ശർമ

Published : Sep 22, 2025, 02:25 PM IST
Abhishek Sharma

Synopsis

പാക്കിസ്ഥാൻ ബൗളര്‍മാരുടെ വാക്കുകള്‍ക്കും പന്തിനും അഭിഷേകിന്റെ ബാറ്റ് മറുപടി നല്‍കിയ നിമിഷങ്ങളായിരുന്നു ദുബായിലെ മൈതാനത്ത് കണ്ടത്. പന്തെടുത്ത എല്ലാവരും അഭിഷേകിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു

The way they were coming out to us without any reason, I did not like it at all. That's why I went after them - Abhishek Sharma

70-ാമത്തെ തവണയായിരുന്നു ഷഹീൻ ഷാ അഫ്രിദി ട്വന്റി 20യില്‍ പാക്കിസ്ഥാനായി ആദ്യ പന്തെറിയാൻ എത്തുന്നത്. സ്ട്രൈക്കില്‍ അഭിഷേക് ശര്‍മ. ഫുള്‍ ലെങ്ത് ഇൻസ്വിങ്ങറുകള്‍ക്കൊണ്ട് ബാറ്റര്‍മാരെ നിഷ്പ്രഭമാക്കുന്ന ഷഹീൻ അഭിഷേകിന് അപ്രതീക്ഷതമായൊരു ഷോര്‍ട്ട് ബോള്‍ നല്‍കുകയാണ്. നെഞ്ചിന് നേര്‍ക്ക് എത്തിയ ആ വേഗപ്പന്തിനെ കോരിയെടുത്ത് ഫൈൻ ലെഗിന് മുകളിലൂടെ ബൗണ്ടറി റോപ്പുകള്‍ക്കപ്പുറം കടത്തി അഭിഷേക്. ഷഹീന് അതൊരു പുത്തൻ അനുഭവമായിരുന്നു. തന്റെ ട്വന്റി 20 കരിയറില്‍ ഒരിക്കല്‍പ്പോലും ആദ്യ പന്തില്‍ അയാളൊരു സിക്സര്‍ വഴങ്ങിയിട്ടില്ല. അഭിഷേക് ശര്‍മ, അന്ത പേരിലൊരു ഗത്ത് ഇറുക്ക്.

പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഷഹീന്റെ ആദ്യ പന്ത് ക്രീസുവിട്ടിറങ്ങി ബൗണ്ടറി നേടിയായിരുന്നു അഭിഷേക് ഇന്ത്യയുടെ ചേസിന് തുടക്കമിട്ടത്. അന്ന് 13 പന്തില്‍ 31 റണ്‍സിലവസാനിച്ച ഇന്നിങ്സ് ഒരു ടീസറായിരുന്നെങ്കില്‍ ഇന്നലെ ദുബായിലെ മൈതാനത്ത് ഒരു മുഴുനീള പടത്തിന്റെ പ്രതീതിയായിരുന്നു. പാക് ബൗളര്‍മാരുടെ വാക്കുകള്‍ക്കും പന്തിനും അഭിഷേകിന്റെ ബാറ്റ് മറുപടി നല്‍കിയ നിമിഷങ്ങള്‍. ഷഹീനില്‍ അഭിഷേക് തുടങ്ങിയത് ഗില്‍ തുടര്‍ന്നു. പാക് ഫീല്‍ഡര്‍മാരെ കീറിമുറിച്ച് ഗില്ലിന്റെ ബ്ലേഡ് അനായാസം ബൗണ്ടറികള്‍ കണ്ടെത്തിക്കൊണ്ടിരുന്നു. പക്ഷേ, അഭിഷേകിന്റെ കാര്‍ണേജിന് ഇരയാകാൻ വിധിക്കപ്പെട്ടത് അബ്രാറായിരുന്നു.

നാലാം ഓവറിലെ നാലാം പന്ത് മിഡ് വിക്കറ്റിലെത്തിയെങ്കില്‍ അഞ്ചാം പന്ത് പറന്നിറങ്ങിയത് സ്ക്വയര്‍ ലെഗിന് മുകളിലൂടെ ഗ്യാലറിയില്‍ ആയിരുന്നു. റൗഫിനെ ക്രീസുവിട്ടിറങ്ങിയായിരുന്നു അഭിഷേക് സ്വീകരിച്ചത്. അഭിഷേകിന്റെ അഗ്രസീവ് സമീപനം പാക് പേസറുടെ നിയന്ത്രണം നഷ്ടപ്പെടുത്തി. പക്ഷേ, റൗഫിന്റെ നാവുകൊണ്ട് വിലങ്ങിടാനാകുന്നതായിരുന്നില്ല അഭിഷേകിന്റെയും ഗില്ലിന്റേയും ബാറ്റ്. റൗഫും അഭിഷേകും മുഖാമുഖം വന്ന സാഹചര്യങ്ങള്‍പ്പോലും പവര്‍പ്ലേയിലുണ്ടായി. അഭിഷേകിന്റെ ആത്മവീര്യം തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍, പാക് താരങ്ങള്‍ക്ക് അവിടെ പിഴയ്ക്കുകയായിരുന്നു.

പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ ഇന്ത്യ മത്സരത്തില്‍ പാക്കിസ്ഥാനെ മറികടന്നിരുന്നു. എന്നിട്ടും അവസാനിപ്പിക്കാൻ തയാറായില്ല അഭിഷേക്. ഏഴാം ഓവറില്‍ അബ്രാര്‍ ഒരിക്കല്‍ക്കൂടിയെത്തി. രണ്ടാം പന്ത് ഡീപ് സ്ക്വയര്‍ ലെഗിലേക്ക് പാഞ്ഞു, പടുകൂറ്റൻ സിക്സര്‍. അഞ്ചാം പന്തില്‍ വീണ്ടുമൊരു സിക്സര്‍ ആവര്‍ത്തനം. പാക്കിസ്ഥാന്റെ വിജയമോഹങ്ങള്‍ക്ക് മുകളില്‍ അഭിഷേകിന്റെ ബൗണ്ടറിമഴ. 24 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി അഭിഷേക് കുറിക്കുമ്പോള്‍ സല്‍മൻ അഗയുടെ മുഖത്ത് നിന്ന് വിജയസ്വപ്നങ്ങള്‍ മറഞ്ഞു തുടങ്ങിയിരുന്നു. അബ്രാറിനേയും ഫഹീമിനേയും മാറിമാറി അഗ പരീക്ഷിച്ചെങ്കിലും അഭിഷേകിന് മറുപടിയുണ്ടായിരുന്നു.ആറ് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 39 പന്തില്‍ 74 റണ്‍സ്. കളിയിലെ താരം.

ഏഷ്യ കപ്പില്‍ ഇന്ത്യയുടെ മത്സരഫലങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് അഭിഷേക് നേരിടുന്ന ചുരുങ്ങിയ പന്തുകളാണ്. ദുഷ്കരമായ വിക്കറ്റില്‍ ഇടം കയ്യൻ ബാറ്റര്‍ പുറത്തെടുത്ത അള്‍ട്ര അഗ്രസീവ് അപ്രോച്ചായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരെ നാല് ഓവറിനുള്ളില്‍ തന്നെ മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. ഒമാനും യുഎഇക്കുമെതിരെയും കണ്ടത് ഇതുതന്നെയായിരുന്നു. യുഎഇക്കെതിരെ 16 പന്തില്‍ 30 റണ്‍സ്. ഒമാനെതിരെ 15 പന്തില്‍ 38 റണ്‍സ്. ഏഷ്യ കപ്പില്‍ നാല് മത്സരത്തില്‍ 173 റണ്‍സ്. എന്നാല്‍ അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റാണ് എതിരാളികളുടെ സാധ്യതകളെ ഇല്ലാതാക്കുന്നത്. 208 സ്ട്രൈക്ക് റേറ്റിലാണ് അഭിഷേകിന്റെ ഹിറ്റിങ്. 17 ഫോറും 12 സിക്സറുകളും.

PREV
Read more Articles on
click me!

Recommended Stories

ടോപ് ഗിയറില്‍ രോഹിത് - കോഹ്‌ലി സഖ്യം; ഗംഭീറിന് ഇനിയും എന്താണ് വേണ്ടത്?
ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്