ഈ ഒരു ദിവസത്തിനുവേണ്ടിയായിരുന്നു അയാള്‍ കാത്തിരുന്നത്, സമകാലീനരും പിന്നാലെ വന്നവരുമെല്ലാം ഇതിഹാസപ്പടവുകള്‍ കയറുന്നത് ഡഗൗട്ടിലിരുന്നു കാണേണ്ടി വന്നവൻ

ആ മനോഹരമായ ഫ്ലിക്കിന് ശേഷവും അയാളുടെ മുഖത്ത് ഭാവവ്യത്യസങ്ങളുണ്ടായിരുന്നില്ല. ഈഡൻ ഗാര്‍ഡൻസിന്റെ അന്തരീക്ഷം ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഒരു മണിക്കൂറും 47 മിനുറ്റും തുടര്‍ന്ന അതേ ശാന്തത അപ്പോഴും അയാളിലുണ്ട്. തലമുറകള്‍ക്കായി ഒരുങ്ങിയ ഇന്നിങ്സ് അതിന്റെ നിയോഗത്തിലേക്ക് അടുക്കകയാണ്.

റൊമാരിയൊ ഷെപേര്‍ഡിന്റെ ഫുള്‍ ലെങ്ത് പന്ത് ലോങ് ഓണിലേക്ക് അയാള്‍ ചിപ്പ് ചെയ്തു. മിഡ് ഓണില്‍ നിലയുറപ്പിച്ചിരുന്ന റോവ്‌മാൻ പവല്‍ തന്റെ ശരീരത്തെ മുഴുവൻ വായുവിലേക്ക് സ്വയം എടുത്തുയര്‍ത്തിയിട്ടും പന്തിന്റെ സഞ്ചാരത്തെ തടയാനാകുന്നില്ല.

റോവ്മാന്റെ കൈകളെ പന്ത് താണ്ടിയെന്ന് ഉറപ്പിച്ച ശേഷം അയാള്‍ പതിയെ തന്റെ ബാറ്റിന് മോചനം നല്‍കി. തന്റെ വിയര്‍പ്പുതുള്ളികള്‍ വീണ ഈഡന്റെ തിരുമുറ്റത്ത് അയാള്‍ മുട്ടുകുത്തിയിരുന്നു, ആകാശത്തേക്ക് കൈകളുയര്‍ത്തി, കണ്ണുകളടച്ചു. അരലക്ഷത്തിലധികം വരുന്ന കാണികളുടെ ആരവത്തിനും പശ്ചാത്തലമായി ഉയര്‍ന്ന വേന്ദേ മാതരത്തിനും നടുവില്‍ അയാള്‍ നിശബ്ദതയെ ആസ്വദിക്കുകയായിരുന്നു.

When the night grows dark and scary, the star who never stopped believing starts shining. സഞ്ജു വിശ്വനാഥ് സാംസണ്‍. പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, ഇന്ത്യൻ ക്രിക്കറ്റിന്റെ പടിവാതില്‍ക്കലും ഓരത്തും ഡഗൗട്ടിലുമായി താണ്ടിയ വര്‍ഷങ്ങള്‍, നേരിട്ട അവഗണനകള്‍, കണ്ടുതീര്‍ത്ത മത്സരങ്ങള്‍. ഒടുവില്‍ കാലം അയാള്‍ക്കായും ഒരു ഞായാറാഴ്ച മാറ്റിവെച്ചു. തനിക്കായി തുടിച്ച ഗ്യാലറികളോട് നീതി പുലര്‍ത്തി, വിമര്‍ശിച്ച നാവുകള്‍ക്ക് ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഐതിഹാസികമായ ഒരു ഇന്നിങ്സുകൊണ്ട് മറുപടി. സഞ്ജു സാംസണ്‍, ഇന്ത്യൻ ക്രിക്കറ്റില്‍ നിങ്ങള്‍ക്കായും ഒരും സിംഹാസനം ഒരുങ്ങിയിരിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ രാത്രിയായിരുന്നു കൊല്‍ക്കത്തയുടെ ആകാശത്തിന് കീഴില്‍. കരുത്തരായ വെസ്റ്റ് ഇൻഡീസ്, പരാജയപ്പെട്ടാല്‍ നാണക്കേടിലേക്ക് എടുത്തറിയപ്പെടും. മുന്നിലുയര്‍ന്ന വിജയലക്ഷ്യം 196 റണ്‍സ്. 18-ാം നമ്പറുകാരനില്ലാതെ ഇങ്ങനൊന്ന് സമീപകാലത്ത് സാധ്യമായിട്ടില്ല. Cometh the hour, cometh the man, Sanju Samson. അഭിഷേക് ശർമയുടെ ബാറ്റ് താളം കണ്ടെത്താൻ വിസമ്മതിക്കുകയാണ്. രണ്ട് ഓവർ പൂർത്തിയാകുമ്പോള്‍ സ്കോർബോർഡില്‍ 12 റണ്‍സ് മാത്രം.

സഞ്ജുവിനെ പരീക്ഷിക്കാൻ ലെഗ്‌ സ്പിന്നറായ അക്കീല്‍ ഹൊസൈനെ ‍പന്തേല്‍പ്പിച്ചു ജേസണ്‍ ഹോള്‍ഡർ. തന്റെ മൂന്ന് സ്റ്റമ്പുകളും തുറന്നുകാട്ടി സഞ്ജു അക്കീല്‍ ഹൊസൈന് അവസരം ഒരുക്കി. സ്റ്റമ്പിനെ ലക്ഷ്യമാക്കിയൊരു ലെങ്ത് ബോള്‍, സഞ്ജുവിന്റെ ബാറ്റ് ആ പന്തിനെ കട്ട് ചെയ്ത് പോയിന്റിലൂടെ ബൗണ്ടറിയിലേക്ക് പറഞ്ഞയച്ചു. ന്യൂസിലൻഡിനെതിരായ പരമ്പരയില്‍ മിച്ചല്‍ സാന്ററിന്റെ സമാന ഡെലിവെറിയില്‍ സഞ്ജു ബൗള്‍ഡാവുകയായിരുന്നു.

ലൈനും ലെങ്തും തിരുത്തിയെത്തിയ അക്കീലിന്റെ അടുത്ത പന്ത് ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ ഗ്യാലറിയില്‍. ഒരു പന്തിന്റെ ഇടവേളയ്ക്ക് ശേഷം മിഡ് വിക്കറ്റിലൂടെ പുള്‍ഷോട്ട്, സിക്‌സ്. ഇന്ത്യ ആഗ്രഹിച്ച തുടക്കം പതിവുപോലെ സഞ്ജു നല്‍കുന്നു. എന്നാല്‍, അഭിഷേകിനെ വീഴ്ത്തി ഈഡനെ നിശബ്ദമാക്കി അക്കീല്‍. വൈകാതെ ഇഷാനും ഡഗൗട്ടിലേക്ക്. വിൻ പ്രെഡിക്റ്ററില്‍ വെസ്റ്റ് ഇൻഡീസിന്റെ വിജയസാധ്യത 70 ശതമാനത്തിലെത്തി. എന്നാല്‍, മൈതാനത്ത് പിന്നീട് കണ്ടത് സഞ്ജുവിന്റെ മറ്റൊരു പതിപ്പായിരുന്നു.

തന്റെ സ്വാഭാവികമായ ശൈലിയെ അയാള്‍ മാറ്റിവെക്കാൻ തീരുമാനിച്ചു. അതിന്റെ ആദ്യ സൂചന ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്തിലായിരുന്നു. ദിവസങ്ങള്‍ക്ക് മുൻപ് സുനില്‍ ഗവാസ്ക്കര്‍ പറഞ്ഞുവെച്ചൊരു കാര്യമുണ്ട്, സഞ്ജുവിനെ പുറത്താക്കാനുള്ള വഴി ടീമുകള്‍ മനസിലാക്കിയിരിക്കുന്നു. ഡീപ് സ്ക്വയര്‍ ലെഗില്‍ ഫീല്‍ഡറെ വിന്യസിച്ച് ഷോര്‍ട്ട് ബോള്‍ എറിയുക. ഹോള്‍ഡറും അതു തന്നെ ചെയ്തു. പക്ഷേ, സഞ്ജു ആ ഷോര്‍ട്ട് ബോളില്‍ ഏരിയല്‍ ഷോട്ടിന് ശ്രമിച്ചില്ല, ഡീപ് സ്ക്വയര്‍ ലെഗിലേക്ക് സിംഗിള്‍.

അനാവശ്യമായ ഷോട്ടുകള്‍ക്കൊന്നും തയാറാകാതെ തന്നെ സ്വയം നിയന്ത്രിക്കുകയായിരുന്നു സഞ്ജു. വിൻഡീസ് ബൗളര്‍മാര്‍ തൊടുത്ത മോശം പന്തുകളെയെല്ലാം ശിക്ഷിച്ചു. റൊമാരിയോ ഷെപ്പേര്‍ഡിന് കരിയറിലുടനീളം സക്‌സസ് നല്‍കിയ ലെഗ് കട്ടര്‍ ചെന്ന് പതിച്ചത് എക്‌സ്ട്രാ കവറിലൂടെ 87 മീറ്റര്‍ അപ്പുറമാണ്. 26 പന്തില്‍ അര്‍ദ്ധ ശതകം, നായകൻ സൂര്യകുമാര്‍ യാദവിനൊപ്പം 58 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്. സൂര്യയുടെ സംഭാവന 18 റണ്‍സ് മാത്രം.

തിലകിന്റെ ക്യാമിയോ ഇന്ത്യക്ക് ആവശ്യമായ റണ്‍സും പന്തും തമ്മിലുള്ള ദൂരം കുറയ്ക്കുകയായിരുന്നു, സഞ്ജുവിന്റെ മുകളിലുള്ള സമ്മര്‍ദവും. ഇഷാനെയും അഭിഷേകിനേയും പോലെ ഹെറ്റ്‌മയറിന്റെ കൈകളെ തിലകും തേടിപ്പിടിച്ചതോടെ വീണ്ടും വിൻഡീസിന് സാധ്യതകള്‍ തുറന്ന് ലഭിക്കുകയാണ്. പക്ഷേ, തിലകിന്റെ വിക്കറ്റ് വീണ ഓവര്‍ സഞ്ജു അവസാനിപ്പിച്ചത് ബൗണ്ടറിയിലൂടെയാണ്. അഞ്ച് ഓവറും 30 റണ്‍സുമാണ് വിജയത്തിലേക്കുള്ള ദൂരം. ഷമാര്‍ ജോസഫിന്റെ 16-ാം ഓവര്‍ ഹാര്‍ദിക്ക് ബൗണ്ടറിയിലൂടെ തുടങ്ങി, സഞ്ജു ബൗണ്ടറിയിലൂടെ പൂര്‍ത്തിയാക്കുന്നു, 14 റണ്‍സ്.

ഷെപ്പേര്‍ഡിന്റേയും ഹോള്‍ഡറിന്റേയും സ്ലോ ബോളുകള്‍ ഹാര്‍ദിക്കിന് വിലങ്ങിടുകയാണ്. 18-ാം ഓവറിലേക്കെത്തുമ്പോള്‍ സമ്മര്‍ദത്തിന്റെ തോത് ഉയര്‍ന്നു. എന്നാല്‍, വിൻഡീസിന്റെ തന്ത്രങ്ങള്‍ സഞ്ജുവില്‍ ഫലം കാണുന്നില്ല. 15 പന്തില്‍ 23. സഞ്ജു എത്രത്തോളം കാം ആൻഡ് കമ്പോസ്‌ഡാണ് എന്ന് തെളിയിച്ച നിമിഷം. ഹോള്‍ഡറിന്റെ, ലെങ്ത് ബോള്‍, ഓഫ് കട്ടര്‍. പോയിന്റിലൂടെ മനോഹരമായ ഒരു കട്ട് ഷോട്ട്, ബൗണ്ടറി, ക്ലാസി സഞ്ജു. പിന്നാലെ ഷമാര്‍ ഹാര്‍ദിക്കിനെ മടക്കുന്നു, ദുബെയുടെ രണ്ട് പ്ലേസ്മെന്റ് ബൗണ്ടറികള്‍ ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കുന്നു.

ആറ് പന്തില്‍ ഏഴ് റണ്‍സ്. ഷെപേര്‍ഡിന്റെ ആദ്യ പന്ത്, യോര്‍ക്കര്‍ ശ്രമം തെറ്റുന്നു. സ്ക്വയര്‍ ലെഗിലേക്കൊരു സഞ്ജുവിന്റെ ഫ്ലിക്ക്, ഇന്ത്യ ലോകകപ്പ് സെമിക്ക് തൊട്ടരികില്‍, ശേഷം റോവ്‌മാൻ പവലിന്റെ കൈകളെ കീഴ്‌പ്പെടുത്തി ബൗണ്ടറി. 50 പന്തില്‍ 97 റണ്‍സ്, 12 ഫോറും നാല് സിക്‌സും. സ്ട്രൈക്ക് റേറ്റ് 197. മറ്റൊരു ഇന്ത്യൻ താരത്തിന്റേയും സ്കോര്‍ 30 കടന്നിട്ടില്ല. എത്ര അനായാസമായാണ് ഒറ്റയ്ക്ക് സഞ്ജു ഇന്നിങ്സ് ചുമലിലേറ്റിയത്.

ഒടുവില്‍ നിശബ്ദതയാസ്വദിച്ച് മടങ്ങിയെത്തുമ്പോള്‍ പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ എവിടെയിറക്കണമെന്ന് പുഞ്ചിരിയോടെ ചോദിച്ച സൂര്യകുമാര്‍ യാദവ് അയാളെ ബോ ഡൗണ്‍ ചെയ്ത് സ്വീകരിക്കുകയാണ്. ഗംഭീ‍ര്‍ ആശ്ലേഷിക്കുകയാണ്. ഈ ഒരു ദിവസത്തിനുവേണ്ടിയായിരുന്നു അയാള്‍ കാത്തിരുന്നത്, സമകാലീനരും പിന്നാലെ വന്നവരുമെല്ലാം ഇതിഹാസപ്പടവുകള്‍ കയറുന്നത് ഡഗൗട്ടിലിരുന്നു കാണേണ്ടി വന്നവൻ. കാലം നീതിപുല‍ര്‍ത്താതെ കടന്നുപോയ കരിയറെന്ന് കാലം അടയാളപ്പെടുത്താൻ അയാള്‍ അഗ്രഹിച്ചിരുന്നിട്ടുണ്ടാകില്ല.

സഞ്ജു സാംസണ്‍ ഈഡനിലെ രാവ് നിങ്ങളുടേതാണ്, നിങ്ങളുടേത് മാത്രം.