ടി20 ലോകകപ്പിലെ ഹോട്ട് ഫേവറൈറ്റ്സ് എന്ന തലക്കെട്ടോടുകൂടിയെത്തിയ ഇന്ത്യക്ക് അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍പ്പോലും മുട്ടിടിക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായി

ഡര്‍ബനില്‍ യുവരാജ് സിക്സ‍ര്‍ കിങ്ങായ രാവ്. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ മറുപടി. കൊളംബോയില്‍ ബ്രോഡിന്റെ സംഘത്തെ ചരുട്ടിക്കെട്ടിയ ധോണിപ്പട. അഡ്‌ലയ്‌ഡില്‍ രോഹിതിനെ കണ്ണീരണിയിച്ച ബട്ട്‌ലറും ഹെയ്‌ല്‍സും. ഗയാനയില്‍ രോഹിതിന്റെ പകയില്‍ നീറിയൊടുങ്ങിയ ബട്ട്ലറിന്റെ സംഘം. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ പരസ്പരം കൊണ്ടും കൊടുത്തും വെട്ടിപ്പിടിച്ച കിരീടങ്ങളുടെ കഥ പറയാനുണ്ടാകും ഇന്ത്യക്കും ഇംഗ്ലണ്ടിനും. തുടര്‍ച്ചയായ മൂന്നാം എഡിഷനിലും കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിക്കണമെങ്കില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനേയും ഇംഗ്ലണ്ടിന് ഇന്ത്യയേയും മറികടക്കണം.

വാംഖഡയുടെ ആകാശത്തിന് കീഴില്‍ മറ്റൊരു ഇന്ത്യ-ഇംഗ്ലണ്ട് ക്ലാഷിന് മൈതാനം ഒരുങ്ങിക്കഴിഞ്ഞു. ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറൈറ്റ്സ് എന്ന തലക്കെട്ടോടുകൂടിയെത്തിയ ഇന്ത്യക്ക് അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍പ്പോലും മുട്ടിടിക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. പോരായ്മകളേയില്ലാതൊരു മത്സരം പൂര്‍ത്തിയാക്കാൻ സൂര്യകുമാര്‍ യാദവിനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ മത്സരവും എളുപ്പമായേക്കില്ല. അങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട്.

ഈഡൻ ഗാര്‍ഡൻസിന്റെ മുറ്റത്ത് കണ്ട സ്വപ്നങ്ങളും അഗ്രഹിച്ചതുമെല്ലാം സാധ്യമാക്കിയ സഞ്ജു സാംസണ്‍. നിരാശയുടെ പടുകുഴിയില്‍ നിന്ന് ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറ്റിയ ഇന്നിങ്സ്. ഒരു രാജ്യം ഒന്നടങ്കം സഞ്ജുവിനെ കൊണ്ടാടുകയാണ്. പക്ഷേ, സഞ്ജുവിനെ കാത്ത് വാംഖഡയില്‍ ജോഫ്ര ആര്‍ച്ചറുണ്ട്. അയാളുടെ വേഗപന്തുകള്‍ ആ ബാറ്റിനെ പരീക്ഷിക്കാൻ തയാറായിരിക്കും. സഞ്ജുവിന്റെ ദുര്‍ബലതകള്‍ ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയ ബൗളര്‍മാരിലൊരാളാണ് ആര്‍ച്ചര്‍.

2025 ജനുവരി-ഫ്രെബ്രുവരി മാസങ്ങളില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പര ഓര്‍മയില്ലെ. അന്ന് അഞ്ച് മത്സരങ്ങളില്‍ സഞ്ജുവിന്റെ സാമ്പാദ്യം 51 റണ്‍സ് മാത്രമായിരുന്നു. പരമ്പരയിലുടനീളം ഹാര്‍ഡ് ലെങ്ത് പന്തുകളിലായിരുന്നു സഞ്ജു പുറത്തായിരുന്നത്. ഷോര്‍ട്ട് ബോളുകള്‍ ഹുക്ക് ചെയ്യാനും പുള്‍ ചെയ്യാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ മടക്കിയത് ആര്‍ച്ചര്‍ തന്നെയായിരുന്നു. ആര്‍ച്ചറിനെതിരെ 23 പന്തില്‍ 25 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്, സ്ട്രൈക്ക് റേറ്റ് 108.

ജേസണ്‍ ഹോള്‍ഡറിന്റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തെ ഈഡൻ ഗാര്‍ഡൻസില്‍ അതിജീവിക്കുന്ന സഞ്ജുവിനെ കണ്ടിരുന്നു. അതേ സമീപനം ഇംഗ്ലീഷ് പേസര്‍മാര്‍ക്കുമെതിരെ പുറത്തെടുക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യൻ ടീമില്‍ ഏറ്റവും മികച്ച റിഥത്തിലുള്ള ബാറ്ററാണ് സഞ്ജുവെന്നതില്‍ സംശയങ്ങളില്ല. അതുകൊണ്ട്, സഞ്ജുവിന്റെ വിക്കറ്റ് ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ നിര്‍ണായകമായിരിക്കും.

ആര്‍ച്ചര്‍ കഴിഞ്ഞാല്‍ ഇന്ത്യ കരുതിയിരിക്കേണ്ടത് ജോസ് ബട്ട്ലറിനെയാണ്. ലോകകപ്പിലുടനീളം നിശബ്ദമായിരിക്കുകയാണ് ബട്ട്ലറിന്റെ ബാറ്റ്. ഏഴ് മത്സരങ്ങളില്‍ നിന്ന് കേവലം 62 റണ്‍സ് മാത്രമാണ് വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 108 മാത്രം. 26 ആണ് ഉയര്‍ന്ന സ്കോര്‍ പോലും. പക്ഷേ, ബട്ട്ലറിന്റെ നിലവിലെ ഫോം പരിഗണിച്ച് എഴുതി തള്ളാൻ കഴിയില്ല. കാരണം, താരത്തിന്റെ ഇന്ത്യക്കെതിരായ റെക്കോര്‍ഡാണ്.

ട്വന്റി 20യില്‍ 24 ഇന്നിങ്സുകളില്‍ നിന്ന് 644 റണ്‍സ്. അഞ്ച് അര്‍ദ്ധ സെഞ്ചുറികളടക്കം 143 സ്ട്രൈക്ക് റേറ്റിലാണ് ഇന്ത്യൻ ബൗളര്‍മാരെ ബട്ട്ലര്‍ നേരിട്ടിട്ടുള്ളത്. എന്നാല്‍ ജസ്പ്രിത് ബുമ്ര-അര്‍ഷദീപ്-വരുണ്‍ ചക്രവര്‍ത്തി ത്രയത്തിനെതിരെ അന്താരാഷ്ട്ര ട്വന്റി 20യില്‍ അത്ര മികച്ച കണക്കുകള്‍ ബട്ട്ലറിനില്ല. ബുമ്രയുടെ 15 പന്തുകളില്‍ നിന്ന് 10 റണ്‍സ്, രണ്ട് തവണ പുറത്തായി. വരുണിന്റെ 19 പന്തുകളില്‍ 19 റണ്‍സ്, മൂന്ന് തവണ വിക്കറ്റ് നല്‍കി. അര്‍ഷദീപിനെതിരെ മാത്രം മെച്ചപ്പെട്ട റെക്കോര്‍ഡുണ്ട് ബട്ട്ലറിന്, 30 പന്തില്‍ 44 റണ്‍സ്. ബട്ട്ലറിനെ പുറത്താക്കാൻ അര്‍ഷദീപിന് കഴിഞ്ഞിട്ടുമില്ല. പക്ഷേ, ബട്ട്ലറിന്റെ ദിവസമാണെങ്കില്‍ സംഭവിക്കുന്നതെന്താണെന്ന് പറയേണ്ടതില്ലല്ലൊ.

ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ട്രംപ് കാര്‍ഡാണ് വില്‍ ജാക്ക്സ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും നേടിയെടുത്തത് നാല് മാൻ ഓഫ ദ മാച്ച് പുരസ്കാരങ്ങള്‍. ബാറ്റുകൊണ്ട് ഏഴ് ഇന്നിങ്സില്‍ നിന്ന് 191 റണ്‍സ്, അതും 176 സ്ട്രൈക്ക് റേറ്റില്‍. ഒപ്പം ഏഴ് വിക്കറ്റുകളും. അഭിഷേക് ശര്‍മയില്‍ തുടങ്ങി അക്സര്‍ പട്ടേലില്‍ അവസാനിക്കുന്ന ഇന്ത്യയുടെ ഇടം കയ്യന്മാരാല്‍ സമ്പന്നമായ ബാറ്റിങ് നിര. അവിടെ വെല്ലുവിളി ഉയര്‍ത്താൻ ജാക്സിന്റെ പന്തുകളെ ഹാരി ബ്രൂക്ക് ഉപയോഗിക്കുമെന്ന് തീര്‍ച്ചയാണ്.

എതിരാളികളുടെ മികവിനെ മാത്രമല്ല ഇന്ത്യക്ക് മറികടക്കേണ്ടത്. ഇന്ത്യയുടെ ഫീല്‍ഡിലെ ചോരുന്ന കൈകളും അടക്കേണ്ടതുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തില്‍ മൂന്ന് അനായാസ ക്യാച്ചുകളും ഒരു റണ്ണൗട്ട് അവസരവുമായിരുന്നു ഇന്ത്യ പാഴാക്കിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ 13 ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടിരിക്കുന്നത്. ക്യാച്ചസ് വിൻ മാച്ചസ് എന്ന തത്വം അടിമുടി ഇന്ത്യ മറക്കുന്നതുപോലെ. ഇന്ത്യയ്ക്ക് രണ്ട് ടി20 ലോകകിരീടങ്ങളും നേടിത്തന്നതില്‍ ക്യാച്ചുകള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു, ഒന്ന് ശ്രീശാന്തിന്റേയും മറ്റൊന്ന് സൂര്യയുടേയും രൂപത്തില്‍ ആണെന്ന് മാത്രം. അഭിഷേകിന്റേയും വരുണിന്റേയും ഫോമിലേക്കുള്ള തിരിച്ചുവരവും ഇന്ത്യക്ക് പ്രധാനമായിരിക്കും.