
സഞ്ജു സാംസണിന്റെ ബ്രില്യൻസില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരു റണ്ണൗട്ട്. തേര്‍ഡ് അമ്പയര്‍ വിക്കറ്റ് ശരിവെച്ചിട്ടും അപ്പീല്‍ പിൻവലിച്ച് നായകൻ സൂര്യകുമാര്‍ യാദവ്. 2025 ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ സര്‍വാധിപത്യത്തോടെ ഇന്ത്യ വിജയം നേടുമ്പോഴും ചര്‍ച്ചകളില്‍ നിറയുന്നത് മത്സരത്തിലെ ഈ നിമിഷമാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്, സൂര്യകുമാറിന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്താണ്. പരിശോധിക്കാം.
ഗ്രൂപ്പ് എയിലെ ഇന്ത്യ-യുഎഇ മത്സരത്തിന്റെ 13-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. യുഎഇ 54-8 എന്ന നിലയില്‍ തകര്‍ന്നടിയുകയാണ്. പന്തെറിയുന്നുത് ശിവം ദൂബെ. ക്രീസില്‍ യുഎഇയുടെ ജുനൈദ് സിദ്ധിഖ്. ദുബെ എറിഞ്ഞ ബൗണ്‍സറില്‍ പുള്‍ ഷോട്ടിനുള്ള ശ്രമമായിരുന്നു ജുനൈദ് നടത്തിയത്. എന്നാല്‍, വലം കയ്യൻ ബാറ്റര്‍ക്ക് പന്ത് കണക്റ്റ് ചെയ്യാൻ സാധിക്കാതെ പോയി. തൊട്ടുപിന്നാലെ തന്നെ ദുബെയ്ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ജൂനൈദിനെയാണ് സ്ക്രീനില്‍ കണ്ടത്.
റണ്ണപ്പിനിടെ ദുബെയുടെ ടവല്‍ മൈതാനത്ത് വീണിരുന്നു, ഇതായിരുന്നു ജുനൈദ് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. ഇതിനിടയിലാണ് സഞ്ജുവിന്റെ ഗ്രൗണ്ടിലെ മനസാന്നിധ്യം എത്രത്തോളമാണെന്നത് കണ്ടത്. പന്ത് സഞ്ജുവിന്റെ കയ്യിലെത്തിയ നിമിഷം ജുനൈദ് ക്രീസിന് പുറത്തായിരുന്നു. ഇത് മനസിലാക്കിയ സഞ്ജു അണ്ടര്‍ ആം ത്രോയിലൂടെ സ്റ്റമ്പിലേക്ക് പന്തെറിയുകയും റണ്ണൗട്ടിനായി അപ്പീലും ചെയ്തു. തുടര്‍ന്ന് സ്ക്വയര്‍ ലെഗ് അമ്പയര്‍ തേഡ് അമ്പയറിന് തീരുമാനമെടുക്കാൻ വിട്ടുകൊടുത്തു.
റീപ്ലെ ബിഗ് സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ മില്ലിമീറ്റര്‍ വ്യത്യാസത്തില്‍ ജുനൈദിന്റെ കാലുകള്‍ ക്രീസ് വരയുടെ പുറത്തായി കാണപ്പെട്ടു. തേഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ഈ സമയത്ത് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ശ്രമിക്കുന്ന ജുനൈദിനെ കാണാമായിരുന്നു. റണ്ണപ്പിനിടെ ടവല്‍ വീണത് തന്റെ ശ്രദ്ധയെ ബാധിച്ചെന്നായിരുന്നു ജുനൈദിന്റെ പക്ഷം. ടവല്‍ വീണത് അമ്പയറിന്റെ ശ്രദ്ധയിലും വന്നിരുന്നില്ല.
ഇതിന് പിന്നാലെ സൂര്യ ഓണ്‍ഫീല്‍ഡ് അമ്പയറിന്റെ അടുത്തെത്തി സംസാരിച്ച ശേഷം അപ്പീല്‍ പിൻവലിച്ചു. ജുനൈദിന്റെ വിശദീകരണം അംഗീകരിച്ചായിരുന്നു സൂര്യയുടെ നീക്കം. ഇതോടെ അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. താരങ്ങള്‍ക്ക് അശ്രദ്ധയുണ്ടാകുന്ന എന്തെങ്കിലും ഗ്രൗണ്ടില്‍ സംഭവിച്ചാല്‍ സാധാരണയായി അമ്പയര്‍ ഡെഡ് ബോള്‍ വിളിക്കുകയാണ് പതിവ്. എന്നാല്‍, ഇവിടെ അതും സംഭവിച്ചില്ല. ആ ഓവറില്‍ തന്നെ സൂര്യക്ക് ക്യാച്ച് നല്‍കി ജുനൈദ് ഔട്ട് ആകുകയും ചെയ്തു.
സന്ദര്‍ഭം അനുസരിച്ച് ഇത്തരം തീരുമാനങ്ങള്‍ നായകന്മാര്‍ എടുക്കുകയും എടുക്കാതിരിക്കുകയും ചെയ്തതായി ചരിത്രം പരിശോധിച്ചാല്‍ അറിയാം. യുഎഇയുടെ സ്ഥാനത്ത് മറ്റേതെങ്കിലും ടീം ആയിരുന്നെങ്കില്‍, മത്സരസാഹചര്യം സന്തുലിതമായി നില്‍ക്കുന്ന സമയമായിരുന്നെങ്കില്‍, അല്ലെങ്കില്‍ സ്കോര്‍ ചെയ്ത് ഫോമില്‍ നില്‍ക്കുന്ന ഒരു ബാറ്ററായിരുന്നെങ്കില്‍ സൂര്യയുടെ തീരുമാനം ഇതുതന്നെയാകുമെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പ്രത്യേകിച്ചും തേഡ് അമ്പയര്‍ ഔട്ട് വിളിച്ച സാഹചര്യത്തില്‍ക്കൂടി.
2023ല്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. 371 റണ്‍സ് പിന്തുടരവെ ഇംഗ്ലണ്ട് 193-5 എന്ന നിലയില്‍ക്കെയാണ് സംഭവം. ജോണി ബെയര്‍സ്റ്റോയും ബെൻ സ്റ്റോക്ക്സുമായിരുന്നു ക്രീസില്‍. മത്സരം ആര്‍ക്കും സ്വന്തമാക്കമെന്ന സാഹചര്യം. കാമറൂണ്‍ ഗ്രീനെറിഞ്ഞ 52-ാം ഓവറിലെ അവസാന പന്തൊരു ബൗണ്‍സറായിരുന്നു, പന്ത് ഡക്ക് ചെയ്ത് ഒഴിവാക്കിയ ബെയര്‍സ്റ്റോ ക്രീസിനുള്ളില്‍ ഷൂകൊണ്ട് സ്ക്രാച്ച് ചെയ്ത ശേഷം നോണ്‍ സ്ട്രൈക്കര്‍ എൻഡിലുള്ള സ്റ്റോക്ക്സിനടുത്തേക്ക് നടന്നു.
ബെയര്‍സ്റ്റോ ക്രീസുവിട്ട സമയം ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി അണ്ടര്‍ ആം ത്രോയിലൂടെ സ്റ്റമ്പിളക്കി അപ്പീല്‍ വിളിച്ചു. തേഡ് അമ്പയര്‍ മറൈസ് ഇറാസ്മസ് ഔട്ട് ശരിവെക്കുകയും ചെയ്തു. അപ്പീല്‍ പിൻവലിക്കാൻ ഓസ്ട്രേലിയൻ താരങ്ങള്‍ തയാറയതുമില്ല്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ കാണികള്‍ ഓസ്ട്രേലിയൻ താരങ്ങള്‍ക്ക് നേരെ ബൂ ചെയ്യുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. അന്നത്തെ ഓസ്ട്രേലിയയുടെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 43 റണ്‍സിനാണ് അന്ന് ഓസ്ട്രേലിയ മത്സരം ജയിച്ചത്.
ഇത്തരം മാര്‍ഗത്തിലൂടെ ഒരു മത്സരം ജയിക്കാൻ താൻ ഒരിക്കലും ആഗ്രഹിക്കില്ലെന്നായിരുന്നു ഇംഗ്ലണ്ട് നായകൻ സ്റ്റോക്ക്സ് വിമര്‍ശനം ഉന്നയിച്ചത്.