
ഏകദിന ഫോര്‍മാറ്റില്‍ നയിച്ചത് രണ്ട് ഐസിസി ടൂര്‍ണമെന്റുകള്‍, 16 മത്സരങ്ങള്‍, 15 ജയം. വിജയശതമാനം 93.75. ഒരു കിരീടം, ഒരു തോല്‍വി. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മറ്റൊരു നായകനും അവകാശപ്പെടാനില്ലാത്ത ആധിപത്യം. ഈ അക്കങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കപ്പെടുന്നത് രോഹിത് ശര്‍മ എന്ന പേരാണ്. എന്നാല്‍, ഇന്ത്യയ്ക്കായി കളത്തില്‍ കരുക്കള്‍ നീക്കാൻ രോഹിതിന് മുന്നില്‍ അധികസമയം ബാക്കിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. തലമുറമാറ്റമെന്ന അനിവാര്യതയ്ക്ക് മുന്നില്‍ രോഹിത് വഴിമാറുമോ, അതോ പടിയിറങ്ങുമോ.
ബാര്‍ബഡോസിലെ പൂര്‍ണതയ്ക്ക് ശേഷം ട്വന്റി 20 കരിയറിന് കര്‍ട്ടനിട്ടു. ഓസീസ് മണ്ണിലെ ക്ഷീണം 280-ാം നമ്പര്‍ ക്യാപിന് വിശ്രമം നല്‍കാൻ പ്രേരിപ്പിച്ചു. ഇനി അവശേഷിക്കുന്നത് നേട്ടങ്ങളുടെ കൊടുമുടി കയറ്റിയ ഏകദിന ഫോര്‍മാറ്റ് മാത്രമാണ്. 2023 അഹമ്മദാബാദില്‍ ബാക്കി വെച്ച മോഹങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. 2027 ഏകദിന ലോകകപ്പ്. അതിനായുള്ള തയാറെടുപ്പുകളിലായിരുന്നു ഇന്ത്യയുടെ ഹിറ്റ്മാൻ. കായികക്ഷമത തെളിയിച്ച് ഓസ്ട്രേലിയൻ പര്യടനത്തിലൂടെ ഇടവേള അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് രോഹിത്.
എന്നാല്‍, ഓസ്ട്രേലിയൻ പര്യടനമായിരിക്കും രോഹിത് ഇന്ത്യയെ നയിക്കുന്ന അവസാന ഏകദിന പരമ്പരയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു മാറ്റത്തിന്റെ ആവശ്യകതയുണ്ടോയെന്നതാണ് ചോദ്യം. രോഹിതിന്റെ കായിക ക്ഷമത, ബാറ്റിങ് ഫോം, വിരമിക്കല്‍. ഇതാണ് കഴിഞ്ഞ കുറച്ചുനാളായി നിലനില്‍ക്കുന്ന ചര്‍ച്ച. കായികക്ഷമത എന്ന ചോദ്യത്തിനുള്ള ഉത്തരം രോഹിത് നല്‍കിക്കഴിഞ്ഞു. ഫോം തെളിയിക്കാൻ ഓസീസ് പര്യടനം മുന്നിലുണ്ട്. ഏകദിന പരമ്പരയില്‍ മികവ് തെളിയിക്കാനായാല്‍ 2027 ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കാനുമാകും.
അവസാനമായി രോഹിത് ഏകദിനം കളിക്കുച്ചത് 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ന്യൂസിലൻഡിനെതിരെയാണ്. ടൂര്‍ണമെന്റിലുടനീളം ലഭിച്ച തുടക്കങ്ങള്‍ ഉപയോഗിക്കാനാകാതെ നിറംമങ്ങിയ രോഹിത് കലാശപ്പോരില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി. രോഹിതിന്റെ വിരമിക്കലെന്നന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു 83 പന്തില്‍ നേടിയ 76 റണ്‍സ്. ഇനി നായകസ്ഥാനമാണ് ബാക്കി അവശേഷിക്കുന്ന ഒന്ന്. ഏറ്റവും ശബ്ദത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേര് ശുഭ്മാൻ ഗില്ലിന്റേത് തന്നെയാണ്. നിലവില്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ട്വന്റി 20യില്‍ ഉപനായകനുമാണ് ഗില്‍.
ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഗില്‍ ഏകദിനത്തിലും ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഏകദിന ക്രിക്കറ്റില്‍ ക്ലൈവ് ലോയ്‌ഡിന് ശേഷം ഏറ്റവും മികച്ച വിജയശതമാനമുള്ള രോഹിതിന് പകരക്കാരനാകാൻ ഗില്ലിന് സാധിക്കുമോ. ഇതിനു മുൻപും ഇത്തരം നീക്കങ്ങള്‍ ബിസിസിഐ നടത്തിയിട്ടുണ്ടെങ്കിലും അന്നെല്ലാം തീരുമാനങ്ങളെ സാധൂകരിക്കുന്ന ഘടകങ്ങളുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി ഇത്തരമൊരു മാര്‍ക്യൂ ടൂര്‍ണമെന്റിന് മുൻപ് ക്യാപ്റ്റൻസി മാറ്റം സംഭവിച്ചത് 2017ലായിരുന്നു.
എം എസ് ധോണിക്ക് പകരം വിരാട് കോഹ്ലിയിലേക്ക് ഏകദിന ക്യാപ്റ്റൻസി പൂര്‍ണമായി എത്തിയ സമയം. 2011, 2015 ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച് ഒരു കിരീടവും നേടിക്കൊടുത്തതിന് പിന്നാലെയായിരുന്നു ധോണി പടിയിറങ്ങിയത്. ഇവിടെയുള്ള പ്രധാന വ്യത്യാസം, നായകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഒരുദശാബ്ദത്തിനടത്ത് പരിചയസമ്പത്ത് ഏകദിനത്തില്‍ കോഹ്ലിക്കുണ്ടായിരുന്നു. 2013 മുതല്‍ എം എസ് ധോണിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കാനും കോഹ്ലിക്ക് കഴിഞ്ഞു. കോഹ്ലി നയിച്ച 95 മത്സരങ്ങളില്‍ 65 തവണ ഇന്ത്യ അപരാജിതരായി നിലകൊണ്ട്.
രോഹിതിലേക്ക് നായകസ്ഥാനമെത്തുമ്പോഴും ഇതുതന്നെയായിരുന്നു ഫലം. 2021ല്‍ രോഹിതിലേക്ക് നായകസ്ഥാനമെത്തുമ്പോള്‍ താരത്തിന്റെ പരിചയസമ്പത്തും പതിറ്റാണ്ട് പിന്നിട്ടിരുന്നു. 2017 മുതല്‍ ഇന്ത്യയെ നയിച്ചു തുടങ്ങിയിരുന്നു രോഹിത്. ഇവിടെ ഗില്ലിന്റെ കാര്യത്തില്‍ വ്യത്യസ്തമാണ് സ്ഥിതി. വൈറ്റ് ബോളില്‍ സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് ഗില്‍ ഇന്ത്യയെ നയിച്ചിട്ടുള്ളത്, അന്ന് 4-1ന് ഇന്ത്യ പരമ്പര നേടുകയും ചെയ്തിരുന്നു.
2027 ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളില്‍ വെച്ചാണ്. അതുകൊണ്ട് തന്നെ പരിചയസമ്പത്തുള്ള താരങ്ങളും നായകനും ഇന്ത്യക്ക് മുതല്‍ക്കൂട്ടായിരിക്കും. ലോകകപ്പിന് മുൻപ് ഗില്ലിനെ തയാറാക്കുക എന്ന ലക്ഷ്യമാണ് ബിസിസിഐക്കുള്ളതെങ്കില്‍ അതിനുള്ള കൃത്യമായ സമയവും ഇതുതന്നെയാണെന്നും പറയാം. രോഹിതും കോലിയും ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിലുണ്ടോയെന്നതും ബിസിസിഐയും വരും മാസങ്ങളിലെ തീരുമാനങ്ങള്‍ തെളിയിക്കും. അപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.