
ശ്രീലങ്കയ്ക്കെതിരായ 2024ലെ ട്വന്റി 20 പരമ്പരയില്‍ ലഭിച്ച രണ്ട് അവസരങ്ങളിലും ഡക്കായതിന്റെ നിരാശയില്‍ ഡ്രസിങ് റൂമിലിരിക്കുന്ന സഞ്ജു സാംസണ്‍. പക്ഷേ, മുഖ്യപരിശീലകനായ ഗൗതം ഗംഭീര്‍ അന്ന് സഞ്ജുവിനോട് പറഞ്ഞ ഒരു വാചകമുണ്ട്, 21 തവണ ഡക്കായെങ്കില്‍ മാത്രമെ ടീമില്‍ നിന്ന് ഡ്രോപ്പ് ചെയ്യൂവെന്ന്. ഗംഭീറിനൊപ്പം മലയാളി താരത്തില്‍ വിശ്വാസമര്‍പ്പിച്ചത് നായകൻ സൂര്യകുമാര്‍ യാദവായിരുന്നു. ഇരുവരും നല്‍കിയ ആത്മവിശ്വാസത്തിന്റെ ഉത്തരമായിരുന്നു അന്താരാഷ്ട്ര ട്വന്റി 20യില്‍ സഞ്ജു നേടിയ മൂന്ന് സെഞ്ച്വറികള്‍.
എന്നാല്‍, ഏഷ്യ കപ്പ് കിരീടം പ്രതിരോധിക്കാൻ ഇന്ത്യയിറങ്ങുമ്പോള്‍ ടീമിലുണ്ടാകുമോയെന്ന ആശങ്ക സഞ്ജു സാംസണ്‍ എന്ന പേരിന് ചുറ്റും ഒരിക്കല്‍ക്കൂടി വട്ടമിട്ട് പറക്കുകയാണ്. ഗംഭീറും സൂര്യയും നല്‍കിയ പിന്തുണയ്ക്ക് മുകളില്‍ നിലകൊള്ളുന്ന ആശയക്കുഴപ്പം. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനത്തിന് ശുഭ്മാൻ ഗില്ലിന്റെ വരവോടെ സംഭവിച്ച ചലനമാണ്. അന്തിമ ഇലവനില്‍ സഞ്ജുവുണ്ടാകുമോ, ഉണ്ടായാല്‍ത്തന്നെ ഏത് സ്ഥാനത്ത് താരമിറങ്ങും, ഇതാണ് മുന്നിലുള്ള ചോദ്യങ്ങള്‍.
സഞ്ജുവിനെ ഏത് സ്ഥാനത്തിറക്കണം എന്ന് ചോദ്യത്തിനുള്ള ഏറ്റവും കൃത്യതയാര്‍ന്ന ഉത്തരം ഓപ്പണര്‍ എന്ന് തന്നെയാണ്. ട്വന്റി 20യില്‍ ഒന്നാം നമ്പറില്‍ 14 തവണയാണ് താരം ക്രീസിലെത്തിയിട്ടുള്ളത്. 512 റണ്‍സാണ് നേട്ടം, ശരാശരി നാല്‍പ്പതിനടത്തും സ്ട്രൈക്ക് റേറ്റാകട്ടെ 180ന് മുകളിലും. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ദ്ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. 49 ഫോറും 34 സിക്സറുമാണ് ഈ പൊസിഷനില്‍ സഞ്ജു നേടിയത്. ഒന്നുമുതല്‍ ഏഴാം നമ്പര്‍ വരെ പരീക്ഷിക്കപ്പെട്ട സഞ്ജുവിനെ, ഏറ്റവും അപകടകാരിയായി ക്രീസില്‍ കാണപ്പെട്ടതും ഓപ്പണറായി തന്നെയാണ്.
2024 ജൂലൈക്ക് ശേഷം ട്വന്റി 20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിലെ സ്ഥിരതയാര്‍ന്നതും കൂടുതല്‍ അഗ്രസീവുമായുള്ള സമീപനം ഗില്ലിന്റെ വരവിനെ ശരിവെക്കുന്നതാണ്. ഗില്ലിന്റെ മടങ്ങിവരവ് ഉപനായകനായുമാണ്, അതുകൊണ്ട് അന്തിമ ഇലവനില്‍ ഉറപ്പുള്ള പേരുകളിലൊന്ന് താരത്തിന്റേത് തന്നെയാകും, അതും ഓപ്പണിങ് സ്ഥാനത്തുതന്നെ. അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഗില്ലെത്തിയാല്‍, സഞ്ജുവിന് ഏറ്റവും അനുയോജ്യമാകുക മൂന്നാം നമ്പറായിരിക്കും.
ഐപിഎല്ലില്‍ മൂന്നാം നമ്പറിലെത്തി മികവ് പുലര്‍ത്തിയ ചരിത്രം സഞ്ജുവിനൊപ്പമുണ്ട്. 94 മത്സരങ്ങളിലാണ് സഞ്ജു ഐപിഎല്ലില്‍ സഞ്ജു മൂന്നാം സ്ഥാനത്തിറങ്ങിയത്. 38 ശരാശരിയില്‍ 3,096 റണ്‍സും നേടി. മൂന്ന് സെഞ്ച്വറികളും 20 അര്‍ദ്ധ ശകവും നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ മൂന്നാം നമ്പറില്‍ തിലക് വര്‍മ എന്ന പേര് ഇവിടെ വെല്ലുവിളിയാകുന്നു. ഏറെക്കാലമായി ട്വന്റി 20യില്‍ ഇന്ത്യയുടെ മൂന്നാം നമ്പറിലെ വിശ്വസ്തനാണ് തിലക്. 13 മത്സരങ്ങളില്‍ നിന്ന് 169 സ്ട്രൈക്ക് റേറ്റില്‍ 443 റണ്‍സാണ് തിലക് മൂന്നാം നമ്പറില്‍ നേടിയിട്ടുള്ളത്. സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടി വന്നാല്‍ തിലകിന് ലോവര്‍ ഓര്‍ഡറിലേക്ക് ചുവടുവെക്കേണ്ടതായി വരും. പക്ഷേ, മുംബൈ ഇന്ത്യൻസിനായി കഴിഞ്ഞ സീസണില്‍ ലോവര്‍ ഓര്‍ഡറിലെത്തി നിരാശപ്പെടുത്തിയിരുന്നു തിലക്.
ഹാര്‍ദിക്ക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ശിവം ദൂബെ, റിങ്കു സിങ് തുടങ്ങി നിരവധി താരങ്ങളുടെ സാന്നിധ്യം ലോവര്‍ ഓര്‍ഡറിലുണ്ട് താനും. ഇവിടേക്ക് സഞ്ജുവിനെ പറിച്ചു നടുന്നതും എളുപ്പമുള്ള ഒന്നല്ല. ലോവര്‍ ഓര്‍ഡറില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഉള്‍പ്പെടുത്തണമെങ്കില്‍ ജിതേഷ് ശര്‍മയായിരിക്കും പരിഗണിക്കപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അവസാന ഓവറുകളിലെത്തി ജിതേഷ് പുറത്തെടുത്ത ക്യാമിയോകളും കൈമുതലായുള്ള വ്യത്യസ്ത ഷോട്ടുകളും.
സുപ്രധാനമായ മറ്റൊന്ന് സഞ്ജുവും അഭിഷേക് ശര്‍മയും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ്. ഇതുവരെ 12 മത്സരങ്ങളിലാണ് ഇരുവരും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇരുവരുടേയും റെക്കോഡ് ശരാശരിക്കും താഴെ മാത്രമാണ്. നേടിയത് 267 റണ്‍സ്, കൂട്ടുകെട്ട് 50 റണ്‍സ് കടന്നിട്ടുള്ളത് ഒരു തവണയാണ്. പ്രഹരശേഷി കൂടുതലാണെങ്കിലും ശരാശരി ഒരു മത്സരത്തില്‍ 22 റണ്‍സാണ് സഖ്യം നേടുന്നത്. പവര്‍പ്ലേയിലെ കൂറ്റനടി തന്ത്രം കൂട്ടുകെട്ടിനെ അത്ര തുണച്ചിട്ടില്ലെന്ന് വേണം കരുതാൻ. പക്ഷേ, വ്യക്തിഗതമായി തിളങ്ങാൻ ഇരുവര്‍ക്കും കഴിഞ്ഞിട്ടുമുണ്ട്.
സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ വലിയ അഴിച്ചുപണികള്‍ക്ക് ടീം മാനേജ്മെന്റ് ഒരുങ്ങേണ്ടതായി വരുമെന്ന് തീര്‍ച്ചയാണ്. ഓപ്പണറായി അല്ലെങ്കില്‍ മൂന്നാം നമ്പറില്‍. കേരള ക്രിക്കറ്റ് ലീഗില്‍ ഓപ്പണിങ് സ്ഥാനത്തിറങ്ങിയ നാല് ഇന്നിങ്സുകളില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ ശതകങ്ങളും നേടി ഉജ്വല ഫോമിലുള്ള സഞ്ജുവിന് അത് തുടരാൻ അവസരം ഒരുങ്ങുമോയെന്നാണ് കണ്ടറിയേണ്ടത്.