ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലുടനീളം പരാജയപ്പെട്ട ടോപ് ഓർഡറിന് ജീവൻ വെക്കുന്നതിനായിരുന്നു അഹമ്മദാബാദ് സാക്ഷ്യം വഹിച്ചത്. സഞ്ജു-അഭിഷേക് സഖ്യത്തിന്റെ തുടക്കമാണ് തറക്കല്ലായതും

സഞ്ജു സാംസണിന്റെ വരവ് ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ എന്ത് മാറ്റം കൊണ്ടുവന്നു. ഇതിന് വ്യക്തമായ ഉത്തരം നായകൻ സൂര്യകുമാര്‍ യാദവ് മത്സരശേഷം പറഞ്ഞ വാചകങ്ങളിലുണ്ട്. ഞങ്ങള്‍ കളിക്കാൻ ആഗ്രഹിക്കുന്ന ശൈലിയില്‍ മാറ്റമില്ല, അഗ്രസീവ് ക്രിക്കറ്റ്. പക്ഷേ ഇന്റന്റിന്റെ അഭാവമുണ്ടായിരുന്നു. അത് ഇവിടെ സാധ്യമായതില്‍ സന്തോഷം.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിന്റെ സ്ട്രൈക്ക് റേറ്റ് എടുത്തു നോക്കാം. അഭിഷേക് ശ‍ര്‍മ 181. ശുഭ്മാൻ ഗില്‍ 103. സൂര്യകുമാര്‍ യാദവ് 111. തിലക് വ‍ര്‍മ 113. അഭിഷേകിനെ മാറ്റി നിര്‍ത്തിയാല്‍, ദുര്‍ബലമായ ഒരു ടോപ് ഓര്‍ഡര്‍ എന്ന് തോന്നിക്കും. രണ്ടാം ട്വന്റി 20യില്‍ 34 പന്തില്‍ 62 റണ്‍സെടുത്ത തിലകിന് മാത്രമാണ് ഇവിടെ ആശ്വസിക്കാൻ വകയുള്ളത്. ഇതിന്റെ പ്രധാനകാരണം സൂര്യ ചൂണ്ടിക്കാണിച്ച ഇന്റന്റ് തന്നെയായിരുന്നു.

ഫോം നഷ്ടമായി തുടരുന്ന ഗില്ലും സൂര്യയും റണ്‍സ് കണ്ടെത്താനുള്ള സമ്മര്‍ദത്തിലാണ്. പവര്‍പ്ലേയില്‍ ലഭിക്കുന്ന ഫീല്‍ഡിങ് ആനുകൂല്യങ്ങള്‍പ്പോലും ഉപയോഗിക്കാതെയുള്ള സമീപനം. ഇത് മറുവശത്ത് നില്‍ക്കുന്നവര്‍ക്കും പിന്നാലെ വരുന്നവര്‍ക്കും നല്‍കുന്ന സമ്മര്‍ദം ചെറുതല്ല. അഭിഷേക് തനതുശൈലി തുടരുന്നതായിരുന്നു വലിയ പരുക്കുകളില്ലാതെ ഇന്ത്യയെ പവര്‍പ്ലേ താണ്ടാൻ പലപ്പോഴും പ്രാപ്തമാക്കിയത്. ഗില്‍ ഭേദപ്പെട്ട നിലയില്‍ തുടങ്ങിയ മൂന്നാം ട്വന്റിയില്‍ പവ‍ര്‍പ്ലേക്ക് ശേഷം ട്വന്റി 20 ശൈലിയുടെ കണികപോലും ഉണ്ടായിരുന്നില്ല.

ഇനി അഹമ്മദാബാദിലേക്ക് വരാം, അഞ്ചാം മത്സരം. സഞ്ജുവും അഭിഷേകും സ്വീകരിച്ചത് ഒരേ സമീപനം. ദക്ഷിണാഫ്രിക്കൻ ബൗളര്‍മാരെ സെറ്റിലാകാൻ അനുവദിക്കാതെയുള്ള അറ്റാക്കിങ്. ഡിഫൻസീവ് ഷോട്ടുകളോ പന്ത് ലീവ് ചെയ്യുന്നതോ ആയ സാഹചര്യം ഉണ്ടായിരുന്നില്ല. അഭിഷേകിനേക്കാള്‍ സ്ട്രൈക്ക് റേറ്റില്‍ സഞ്ജു ബാറ്റുചെയ്തു. സമീപകാലത്ത് കാണാത്തൊരു കാഴ്ച. അഭിഷേകിന്റെ വിക്കറ്റ് വീണെങ്കിലും പവര്‍പ്ലേ ഇന്ത്യ അവസാനിപ്പിച്ചത് 67 റണ്‍സിലാണ്.

പത്താം ഓവറിലെ ആദ്യ പന്തില്‍ സഞ്ജു മടങ്ങുമ്പോള്‍ ഇന്ത്യയുടെ റണ്‍റേറ്റ് 11ന് അടുത്താണ്. ഒരു വലിയ ടോട്ടലിന് വേണ്ട അടിത്തറ നല്‍കിയാണ് രണ്ട് ഓപ്പണര്‍മാരും മടങ്ങിയത്. സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടെങ്കിലും അഭിഷേക് നിര്‍ത്തിയിടത്തുനിന്ന് തുടങ്ങിയ തിലകിനും സൂര്യക്ക് ശേഷം എത്തിയ ഹാര്‍ദിക്കിനും ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വന്നില്ല. നേരിട്ട ആദ്യ പന്തുമുതല്‍ തിലകും ഹാര്‍ദിക്കും അഗ്രസീവ് ശൈലി തന്നെയായിരുന്നു സ്വീകരിച്ചതും.

ഇന്നിങ്സിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അതെ തുടര്‍ന്നു. പരമ്പരയില്‍ ആദ്യമായി ഇന്ത്യയുടെ റണ്‍റേറ്റ് ഒരു മത്സരത്തില്‍ 10ന് മുകളിലെത്തി. അഹമ്മദാബാദിലെ ഇന്ത്യൻ ബാറ്റര്‍മാരുടെ സ്ട്രൈക്ക് റേറ്റ് നോക്കാം. അഭിഷേക് 161, സഞ്ജു 168, തിലക് 173, ഹാര്‍ദിക്ക് 252, ദുബെ 333. ഒരു പെര്‍ഫക്റ്റ് സ്റ്റാര്‍ട്ട് കിട്ടിയാല്‍ എങ്ങനെ ഇന്നിങ്സ് പടുത്തുയര്‍ത്താം എന്നതിന്റെ ക്ലാസിക്ക് ഉദാഹരണമായിപ്പോലും കണക്കാക്കാം ഇന്ത്യയുടെ ബാറ്റിങ്ങിനെ. ഇതാണ് ഏഷ്യ കപ്പുമുതല്‍ ഇന്ത്യക്ക് നഷ്ടമായതും.

മികച്ച തുടക്കങ്ങള്‍ക്കായി അഭിഷേകിനെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം. അഭിഷേക് പരാജയപ്പെട്ടാല്‍ പിന്നാലെ വരുന്നവര്‍ക്ക് പെരുമക്കൊത്ത് തിളങ്ങാൻ കഴിയാതെ പോകുന്നു. എന്നും അഭിഷേകിനെ ആശ്രയിക്കാനാകില്ലെന്ന് നായകന് പോലും പറയേണ്ടി വന്നു. ഇവിടെയാണ് സ‍ഞ്ജു വരുന്നതോടെ പരിഹാരമാകുന്നത്. അഭിഷേകും സഞ്ജുവും ഒരേശൈലി പിന്തുടരുന്നതിനാല്‍, ഒരാള്‍ വീണാലും അഗ്രസീവ് സമീപനം തുടരാൻ മറ്റൊരാളുണ്ടാകും.

അഭിഷേകും സഞ്ജുവും തരുന്ന എക്സ്പ്ലോസീവ് തുടക്കം. തിലകും സൂര്യയും ഹാര്‍ദിക്കും ചേരുന്ന മധ്യനിര അത് തുടരുന്നു. ഫിനിഷ് ചെയ്യാൻ ശിവം ദുബെയും ജിതേഷ് ശര്‍മയും. സൂര്യകൂടി താളം കണ്ടെത്തിയാല്‍ വെല്‍ ബാലൻസ്ഡെന്ന് നിസംശയം പറയാനാകും.

ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് അനിവാര്യമായതും ഫിയര്‍ലെസായുള്ള ബാറ്റിങ് നിരയാണ്. അത് നല്‍കുന്ന മുൻതൂക്കം ചെറുതല്ലെന്ന് അഹമ്മദാബാദ് ട്വന്റി 20യോടെ തെളിയുകയും ചെയ്തു. 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം 16-ാം ഓവറുവരെ കളി ഏറെക്കുറെ ആര്‍ക്കും ജയിക്കാം എന്നൊരു സ്ഥിതിയായിരുന്നു. വിക്കറ്റ് നഷ്ടമായിരുന്നില്ലെങ്കില്‍ പ്രോട്ടിയാസ് ജയത്തിന് അരികിലെത്തുമായിരുന്നു. ഇന്നിങ്സുലടനീളം ഇന്ത്യൻ ബാറ്റര്‍ തുടര്‍ന്ന ശൈലിയായിരുന്നു കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്.

ലോകകപ്പിലും സമാനമായ വിക്കറ്റുകളായിരിക്കും വിനോദമൂല്യം കണക്കാക്കി ഒരുങ്ങുക. അതുകൊണ്ട് പാഴാക്കാൻ ഒരു പന്തുപോലുമുണ്ടാകുകയുമില്ല.