ദ ചേസ് മാസ്റ്റർ! വിരാട് കോലിയെ പാക്കിസ്ഥാൻ അറിഞ്ഞ നാള്‍

Published : Sep 06, 2025, 02:26 PM IST
Virat Kohli

Synopsis

2012 ഏഷ്യ കപ്പിലായിരുന്നു കോലിയുടെ ക്രിക്കറ്റ് കരിയറിലെ തന്നെ സുപ്രധാനമായ ആ ഇന്നിങ്സ് പിറവികൊണ്ടത്

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ കണക്കുകൂട്ടലുകള്‍ ഒരു 23കാരൻ പയ്യൻ തെറ്റിച്ച ആ ഞായറാഴ്ച. 2002ലെ ലോര്‍ഡ് വീരഗാഥ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ തിരുത്തപ്പെട്ട ദിനം. മത്സരശേഷം അവൻ പറഞ്ഞു, എന്താണ് അവിടെ സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല, എന്നാല്‍ ഞാൻ പൂര്‍ണമായും തൃപ്തനാണ്.

330 റണ്‍സ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി, ലോകോത്തര ബൗളിങ് നിര കൈവശമുണ്ട്. മത്സരം പര്യവസാനിക്കുമ്പോള്‍ തോല്‍വിയുടെ തീരത്ത് നില്‍ക്കേണ്ടി വരുമെന്ന് പാകിസ്ഥാൻ നായകൻ മിസബ ഉള്‍ ഹഖ് അന്ന് ചിന്തിച്ചിട്ടുണ്ടാകുമോ. മിര്‍പൂരിലെ ആ രാത്രിയില്‍, നിറഞ്ഞ കവിഞ്ഞ ഗ്യാലറികള്‍ക്ക് മുന്നില്‍, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്റെ കൈകളില്‍ സുരക്ഷിതമാണെന്ന് അവൻ ബാറ്റുകൊണ്ട് തെളിയിച്ചു, വിരാട് കോഹ്ലി, ദ ചേസ് മാസ്റ്റ‍ര്‍.

2012 ഏഷ്യ കപ്പ്, ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചാം മത്സരം. പാക്കിസ്ഥാനാണ് ബാറ്റിങ്. മുഹമ്മദ് ഹഫീസിന്റേയും നാസി‍ര്‍ ജംഷദിന്റേയും സെഞ്ച്വറികള്‍ ആദ്യ വിക്കറ്റിനായി എം എസ് ധോണിയെന്ന നായകനെ കാത്തു നിര്‍ത്തിയത് 36 ഓവറുകള്‍. പിന്നാലെ യൂനിസ് ഖാന്റെ അര്‍ദ്ധ ശതകം. ധോണിയന്ന് പരീക്ഷിച്ചത് എട്ട് ബൗളര്‍മാരെയാണ്, പ്രവീണ്‍ കുമാര്‍ മുതല്‍ സച്ചിൻ തെൻഡുല്‍ക്കര്‍ വരെ പന്തെടുത്തു കിതച്ചു മിര്‍പൂരില്‍. 50 ഓവറില്‍ പാക്കിസ്ഥാൻ 329 റണ്‍സിന് ആറ് വിക്കറ്റ്.

ഇതിന് മുൻപ് 329 റണ്‍സ് ഒരു ഏകദിനത്തില്‍ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ നേടുന്നത് 2004ലാണ്, റാവല്‍പിണ്ടിയില്‍. അന്ന് പാക്കിസ്ഥാൻ 12 റണ്‍സിന് ജയം നേടുകയും ചെയ്തു. റാവല്‍പിണ്ടി ആവ‍ര്‍ത്തിക്കാനിറങ്ങിയ പാക്കിസ്ഥാന് ആശിച്ച തുടക്കം. രണ്ടാം പന്തില്‍ ഗൗതം ഗംഭീര്‍ പുറത്ത്. മൂന്നാം പന്തില്‍ ക്രീസിലെത്തുമ്പോള്‍ കോഹ്ലി ഏകദിനത്തില്‍ മൂന്ന് തവണ മാത്രമാണ് പാക്കിസ്ഥാനെ നേരിട്ടിട്ടുള്ളത്. ഒന്നുപോലും ഓര്‍ത്തുവെക്കാനുണ്ടായിരുന്നില്ല. 16, 18, 09 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍.

ക്രിക്കറ്റ് ദൈവത്തിനൊപ്പം കളിമെനയുകയായിരുന്നു പിന്നീട് കോഹ്ലി. കരിയറിന്റെ അസ്തമയത്തിലേക്കടുക്കുമ്പോഴും സച്ചിന്റെ ബാറ്റിന്റെ ഒഴുക്കിന് അന്ന് കോഹ്ലിയേക്കാള്‍ വേഗതയുണ്ടായിരുന്നു. പതിവുപോലെ ജനകോടികളുടെ പ്രതീക്ഷകളുടെ ഭാരം തെല്ലും സമ്മര്‍ദമില്ലാതെ അയാള്‍ തോളിലേറ്റുകയായിരുന്നു. പക്ഷേ, സയീദ് അജ്മലിന്റെ ദൂസ്‌ര സച്ചിൻ്റെ ഇന്നിങ്സിനെ അവസാനിപ്പിക്കുമ്പോള്‍, ക്യാമറക്കണ്ണുകള്‍ പാഞ്ഞത് കോഹ്ലിയിലേക്കായിരുന്നു.

സച്ചിൻ പുറത്തായ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 20 ഓവറില്‍ 133 റണ്‍സിലെത്തിയിരുന്നു. ആവശ്യമായ റണ്‍റേറ്റ് നിയന്ത്രണവിധേയം. ഒപ്പമെത്തിയത് രോഹിത് ശര്‍മ. 22-ാം ഓവറിന് ശേഷം 13 ഓവറുകള്‍, കോഹ്ലിയുടെ ബാറ്റില്‍ നിന്ന് ഒരു പന്തുപോലും ബൗണ്ടറിവര കടന്നില്ല. എന്നത്തേയും പോലെ, ഇടതടവില്ലാതെ ആ കാലുകള്‍ 22 വാരയ്ക്കിടയിലൂടെ പായുകയായിരുന്നു ആ സമയം. രോഹിത് ശര്‍മ ഇടവേളകളില്‍ നേടുന്ന ബൗണ്ടറികള്‍ സമ്മര്‍ദത്തെ തണുപ്പിച്ചുകൊണ്ടേയിരുന്നു.

97 പന്തിലാണ് ശതകം. 330ലേക്കുള്ള യാത്രയില്‍ അത് പോരായെന്ന് തോന്നിച്ചേക്കാം. 35-ാം ഓവര്‍, ഇവിടെയാണ് ആ ഗിയര്‍ ഷിഫ്റ്റ് സംഭവിക്കുന്നത്. കോഹ്ലിയുടെ സ്കോര്‍ 110, ഇന്ത്യയ്ക്ക് ജയിക്കാൻ 115 റണ്‍സ് ബാക്കി. അജ്മലെറിഞ്ഞ 36-ാം ഓവറില്‍ നേടിയ രണ്ട് ബൗണ്ടറികളോടെയാണ് തുടക്കം. പിന്നീട് ഉമര്‍ ഗുല്‍ വന്നു, വഹാബ് റിയാസ് വന്നു, ചീമ വന്നു. കോഹ്ലിയുടെ ബാറ്റിനെ നിശബ്ദമാക്കാൻ പോന്ന പന്തുകള്‍ ഉണ്ടായിരുന്നില്ല, കോഹ്ലിക്ക് വേണ്ട പിന്തുണ പൂര്‍ണമായി നല്‍കി രോഹിത്. ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത പതിറ്റാണ്ട് അവിടെ തെളിയുകയായിരുന്നു.

41-ാം ഓവറില്‍ ഗുല്ലിന്റെ പന്ത് ലോങ് ഓഫിന് മുകളിലൂടെ കോരിയിടുമ്പോള്‍ അത് വര്‍ണിക്കാൻ എഫര്‍ട്ട്ലെസ് എന്നല്ലാതെ മറ്റൊരു വാക്കില്ലായിരുന്നു. 42-ാം ഓവറില്‍ റിയാസ് ഡീപ് മിഡ് വിക്കറ്റിലൂടെയും സ്ക്വയറിലൂടെയും കവറിലൂടെയും തുടരെ ബൗണ്ടറിയിലെത്തി, കോഹ്ലി 150 കടക്കുന്നു. 45-ാം ഓവറില്‍ ഇന്ത്യ 300 തൊടുമ്പോള്‍ കോഹ്ലിയുടെ സ്കോര്‍ 171ലെത്തിയിരുന്നു.

പാക്കിസ്ഥാൻ താരങ്ങളുടെ ശരീരഭാഷ തോല്‍വി സമ്മതിക്കുന്നതായി അപ്പോഴേക്കും മാറിയിരുന്നു. ഒരു 50 റണ്‍സുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് മിസബ ഓര്‍ത്തിട്ടുണ്ടാകണം. രോഹിതിനെ മടക്കുമ്പോഴും 172 റണ്‍സിന്റെ കൂട്ടുകെട്ട് അവസാനിപ്പിക്കുമ്പോഴും അവര്‍ക്ക് ആഘോഷമുണ്ടായിരുന്നില്ല. 148 പന്തില്‍ 183 റണ്‍സുമായ് 48-ാം ഓവറിലെ ആദ്യ പന്തില്‍ കോഹ്ലിയുടെ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ വിജയത്തിലേക്കുള്ള ഇന്ത്യയുടെ ദൂരം 12 റണ്‍സ് മാത്രമായിരുന്നു. 15 ഫോറും ഒരു സിക്സും അടങ്ങിയ സ്പെഷ്യല്‍ നോക്ക്.

റെയ്നയും ധോണിയും ചേര്‍ന്ന് ഫിനിഷിങ് ജോലികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മിര്‍പൂരില്‍ ചരിത്രം പിറന്നു. ഏകദിനത്തില്‍ ഇന്ത്യ പിന്തുടര്‍ന്ന ജയിക്കുന്ന ഏറ്റവും വലിയ സ്കോര്‍. തകര്‍ത്തത് 2002ലെ നാറ്റ്‍വെസ്റ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയം. അമരത്ത് കോഹ്ലി, പിന്നീട് സംഭവിച്ചതെന്തന്ന് കാലവും കണക്കുകളും പറയും.

PREV
Read more Articles on
click me!

Recommended Stories

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍ വന്നു, എല്ലാം ശരിയായി; ഫിയര്‍ലെസായി ഇന്ത്യ, ലോകകപ്പിന് വേണ്ടത് ഈ നിര