ബ്യൂണസ് അയേഴ്‌സിലെ മാന്ത്രികരാവ്, മിശിഹയുടെ യാത്രപറച്ചില്‍!

Published : Sep 05, 2025, 12:13 PM IST
Leo Messi

Synopsis

മോനുമെന്റല്‍ സ്റ്റേഡിയത്തിലേക്ക് മക്കളുടെ കൈ പിടിച്ച് മെസിയെത്തിയത് തന്റെ ആരാധകരോട് ഒരു യാത്ര പറയാൻ മാത്രമായിരുന്നില്ല

എല്ലാം ഇങ്ങനെ അവസാനിപ്പിക്കാനാണ് ഞാൻ സ്വപ്നം കണ്ടത്!

ബ്യൂണസ് അയേഴ്‌സിലെ കളിത്തട്ടിനോട് യാത്ര പറയാൻ മിശിഹ എത്തുകയാണ്. ആൽബിസെലസ്റ്റെ ആരാധകര്‍ക്ക് മുന്നില്‍, വെള്ളയില്‍ അലി‌ഞ്ഞ് ചേര്‍ന്ന നീല ജഴ്‌സിയണിഞ്ഞ്, അവരുടെ മണ്ണില്‍, ഒരുപക്ഷേ അവസാനമായി...രണ്ട് പതിറ്റാണ്ടോളമായി ഇടറാത്ത, തളരാത്ത ആ ഇടം കാലിലേക്ക് ഒരിക്കല്‍ക്കൂടി ഫുട്ബോള്‍ ലോകം ഇമചിമ്മാതെ നോക്കി നിന്ന രാവ്...

മോനുമെന്റല്‍ സ്റ്റേഡിയത്തിലേക്ക് മക്കളുടെ കൈ പിടിച്ച് മെസിയെത്തിയത് തന്റെ ആരാധകരോട് ഒരു യാത്ര പറയാൻ മാത്രമായിരുന്നില്ല. എന്നത്തേയും പോലെ കാല്‍പ്പന്തുകൊണ്ട് വിരുന്നൊരുക്കാൻ തന്നെയായിരുന്നു, അതാണല്ലൊ അയാളുടെ സ്നേഹഭാഷ. ആ പന്ത് ബൂട്ടുകളിലേക്കെത്തുമ്പോള്‍ കൈവരിക്കുന്ന സ്വഭാവികമായുള്ള ഒഴുക്ക്, കളത്തില്‍ കളിമെനയാനുള്ള കാഴ്ച. കരിയറിന്റെ സായാഹ്നത്തിലും വിട്ടുമാറാത്ത ആ മാന്ത്രികത ബ്യൂണസ് അയേഴ്സില്‍ ആവര്‍ത്തിക്കുകയായിരുന്നു, പതിവ് തെറ്റാതെ.

സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ കവിഞ്ഞൊഴുകിയ ആരാധകക്കൂട്ടം. എണ്ണത്തില്‍ 80,000. ഭൂഗോളത്തിന്റെ അങ്ങോളമിങ്ങളോമായി ലക്ഷങ്ങള്‍ വേറെ. ഇനിയയാള്‍ക്ക് കളം നിറഞ്ഞാടേണ്ടതുണ്ടോയെന്ന് തോന്നിയേക്കാം. ഹൂലിയൻ ആല്‍വാരസും അല്‍മാദയും മസ്റ്റാൻ്റുവോനയും ലൗത്താര മാര്‍ട്ടിനസുമൊക്കെ പായുന്ന മൈതാനത്ത് അവസാന മിനുക്കുപണികള്‍ക്കായി മാറ്റിവെക്കാനുള്ളതല്ല തന്റെ ബൂട്ടുകളെന്ന് അയാളെക്കൊണ്ട് തോന്നിപ്പുക്കുന്നതെന്താകും.

ആ തോന്നലില്‍ നിന്നായിരിക്കാം കാലങ്ങള്‍ക്കും തലമുറകള്‍ക്കും മുകളില്‍ ഫുട്ബോളിലെ അവസാന വാക്കായി ലിയോയെ മാറ്റുന്നത്. വെനസ്വേലയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ 39-ാം മിനുറ്റ്. ബോക്സിനുള്ളിലേക്ക് പന്തുമായെത്തുന്ന ആല്‍വാരസ്. നിറയൊഴിക്കാൻ ആല്‍വാരസിന് മുന്നില്‍ സുവര്‍ണാവസരം തെളിഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍, ബോക്സിനുള്ളില്‍ നില്‍ക്കുന്ന തന്റെ നായകനിലേക്ക് ആല്‍വാരസ് പന്ത് കൈമാറുകയാണ്.

ആ നിമിഷം മെസിക്ക് മുന്നിലേക്ക് പാഞ്ഞെത്തിയത് മൂന്ന് വെനസ്വേലൻ പ്രതിരോധ താരങ്ങള്‍. ഒപ്പം ഗോള്‍കീപ്പര്‍ റോമോയും. നാലുപേരുടേയും തലയ്ക്ക് മുകളിലൂടെയൊരു ചിപ്പ്. അര്‍ജന്റീനയ്ക്ക് ലീഡ്. ഫുട്ബോള്‍ ഇത്ര അനായാസമാണോയെന്ന് തോന്നിക്കുന്ന ചില മെസി നിമിഷങ്ങളിലൊന്ന്.

മോനുമെന്റല്‍ സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ക്ക് അവിടെ ഉച്ഛരിക്കാൻ ഒന്നേയുണ്ടായിരുന്നുള്ളു. മെസി മെസി എന്ന ശബ്ദം പിന്നീട് നിലയ്ക്കാത്ത തിരപോലെ അലയടിച്ചുകൊണ്ടേയിരുന്നു. സ്കലോണി വൈകാരികമായി ആ ഗോള്‍ നിമിഷത്തിലേക്ക് നോക്കി നില്‍ക്കുന്നത് കാണാമായിരുന്നു.

പിന്നീട് ലൗത്താരൊ മാര്‍ട്ടീനസ് ലീഡ് ഉയര്‍ത്തി. 80-ാം മിനുറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍. ഇത്തവണ വഴിയൊരുക്കി നല്‍കിയത് അല്‍മാദ. കാച്ചിക്കുറിക്കിയൊരു ടാപ് ഇൻ മാത്രമായിരുന്നു മെസിക്ക് ആവശ്യമായി വന്നത്. രണ്ടാം ഗോള്‍. അല്‍മാദയിലേക്ക് വിരല്‍ ചൂണ്ടിയായിരുന്നു ആഘോഷം. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങി മടങ്ങും മുൻപ് ആരാധകരും സഹതാരങ്ങളും ഒരേ സ്വരത്തില്‍ മെസി മെസിയെന്ന് ചാന്റ് ചെയ്യുന്നു.

ഫുട്ബോള്‍ ഇതിഹാസം സാക്ഷാല്‍ പെലെ പറ‌‍ഞ്ഞ ഒരു വാചകമുണ്ട്. ഒരു മികച്ച കളിക്കാരൻ എന്നാൽ മൈതാനത്ത് എന്തും ചെയ്യാൻ കഴിയുന്ന ഒരാളായിരിക്കണം. അയാൾക്ക് അസിസ്റ്റുകള്‍ നല്‍കാനും സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും ഗോളുകൾ നേടാനും കഴിയണം. ഈ വാക്കുകള്‍ ശരിവെക്കപ്പെടുന്നത് മെസിയോടുള്ള സഹതാരങ്ങളുടെ സമീപനം കൂടി കാണുമ്പോഴാണ്. മത്സരശേഷം സംഭവിച്ചതും അതു തന്നെയായിരുന്നു.

2022ല്‍ ലുസൈലില്‍ ഉദിച്ചുയരുമ്പോള്‍ മറ്റൊരു ലോകകപ്പ് എന്നത് അയാള്‍ക്കൊരു വിദൂര സ്വപ്നമായിരുന്നു. പ്രായവും പരുക്കും മുന്നില്‍ നില്‍ക്കെ യാഥാര്‍ത്ഥ്യം മറ്റാരേക്കാള്‍ മെസിക്കറിയാം. പക്ഷേ, മെസി ശ്രമിക്കുകയാണ്.

ശരീരവും മനസും അനുവദിക്കുന്ന നാള്‍ വരെ ലോകകപ്പിന് തയാറാണ്. അല്ലാത്ത പക്ഷം ഞാൻ അവിടെ ഉണ്ടാകില്ല. വെനസ്വേലയ്ക്കെതിരായ മത്സരശേഷം മെസി പറഞ്ഞവസാനിപ്പിച്ചു. ഒരു യാത്ര പറച്ചിലിന്റെ തുടക്കമായിരുന്നു ബ്യൂണസ് അയേഴ്സില്‍, അതിന്റെ പര്യവസാനം മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാകട്ടെ എന്ന് ആരാധകര്‍ ആശിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍ വന്നു, എല്ലാം ശരിയായി; ഫിയര്‍ലെസായി ഇന്ത്യ, ലോകകപ്പിന് വേണ്ടത് ഈ നിര