ന്യൂസിലൻഡിനെതിരായ പരമ്പരയെടുത്താല്‍ ക്രീസിലേക്ക് ഇറങ്ങിയും ബാക്ക് ഫൂട്ടിലും കൂടുതലായി കളിക്കാൻ ശ്രമിക്കുന്ന സഞ്ജുവിനെ കാണാം. അതും സ്പിന്നർമാര്‍ക്കും പേസര്‍മാര്‍ക്കുമെതിരെ
ശരിയാണ്, റണ്‍വരള്‍ച്ചയുണ്ട്, ഡിഫൈനിങ്ങായുള്ള ഒരു ഇന്നിങ്സിന്റെ അഭാവവും കാണാം. ഇതെല്ലാം മാറിമറിയാൻ ഒരേയൊരു ദിവസം മാത്രം മതിയാകും. കാരണം ട്വന്റി 20 ക്രിക്കറ്റ് അണ്‍പ്രെഡിക്റ്റബിളാണ്, അഗ്രസീവാണ്. ട്വന്റി 20യുടെ ഈ രസക്കൂട്ടുകളോട് ചേര്‍ന്ന് നില്‍ക്കുന്നകൊണ്ടുതന്നെയാണ് സഞ്ജു സാംസണ്‍ എന്ന പേര് ലോകകപ്പ് ടീമിലേക്ക് എഴുതിച്ചേര്‍ത്തതും ശുഭ്മാൻ ഗില്ലിന്റെ പേര് വെട്ടിയതും. സമ്മര്‍ദമോ സാങ്കേതികമായുള്ള പ്രശ്നങ്ങളോ, എന്താണ് സഞ്ജുവിനെ ആ ബിഗ് ഇന്നിങ്സില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്?
ന്യൂസിലൻഡിനെതിരായ പരമ്പരയെടുത്താല്‍ ക്രീസിലേക്ക് ഇറങ്ങിയും ബാക്ക് ഫൂട്ടിലും കൂടുതലായി കളിക്കാൻ ശ്രമിക്കുന്ന സഞ്ജുവിനെ കാണാം. അതും സ്പിന്നർമാര്‍ക്കും പേസര്‍മാര്‍ക്കുമെതിരെ. ബൗളര്‍മാരെ ഡൊമിനേറ്റ് ചെയ്യാൻ ബാറ്റര്‍മാര്‍ ഉപയോഗിക്കാറുള്ള ഒരു തന്ത്രമാണിത്. അഡ്വാന്റേജുകളും നിരവധിയാണ്. ഷോര്‍ട്ട്, ഗുഡ് ലെങ്ത് പന്തുകള്‍ ജഡ്‌ജ് ചെയ്യാൻ കൂടുതല്‍ സമയം ഇതിലൂടെ ലഭിക്കും. ഷോര്‍ട്ട് ബോളുകളുടെ കാര്യമെടുത്താല്‍ അഗ്രസീവായുള്ള ഷോട്ട് തിരഞ്ഞെടുക്കാനും അതേസമയം ഡിഫൻസീവാകാനുമുള്ള ഫ്ലെക്‌സിബിലിറ്റിയും നല്‍കും.
സ്പിന്നിനെതിരെ സ്കോറിങ് സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനും കഴിയും. ബൗളര്‍മാരുടെ റിഥത്തെ ബ്രേക്ക് ചെയ്യാനും ഇത്തരം ശൈലികള്‍ പിന്തുടരാറുണ്ട് ബാറ്റര്‍മാര്‍. പക്ഷേ, സഞ്ജുവിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് എക്‌സിക്യൂഷന്റെ അഭാവമാണെന്ന് വിലയിരുത്താം. ഗുവാഹത്തിയില്‍ മാറ്റ് ഹെൻറിക്കും വിശാഖപട്ടണത്ത് മിച്ചല്‍ സാന്ററിന്റേയും പന്തുകളില്‍ പുറത്തായ വിധം സമാനമാണ്. ഹെൻറിയുടെ ഗുഡ് ലെങ്ത് പന്ത് ക്രീസിലേക്ക് ഒരു ചുവടിറങ്ങിയായിരുന്നു സഞ്ജു നേരിട്ടത്. മൂന്ന് സ്റ്റമ്പും തുറന്നുകൊടുത്തു.
ഹെൻറിയെപ്പോലൊരു ക്വാളിറ്റി ബൗളറോട് എന്റെ വിക്കറ്റെടുത്തോളു എന്ന് പറഞ്ഞ് ക്ഷണിക്കുന്നതിന് സമാനമായിപ്പോയി അതെന്ന് നിമിഷങ്ങള്‍ക്കൊണ്ട് തെളിഞ്ഞു. ക്ലീൻ ബൗള്‍ഡ്. സാന്ററിന്റേയും ഒരു ഗുഡ് ലെങ്ത് പന്തായിരുന്നു. ഔട്ട് സൈഡ് ലെഗ് സ്റ്റമ്പ് ലൈനിലായിരുന്നു സഞ്ജു നിലയുറപ്പിച്ചിരുന്നതും. മൂന്ന് സ്റ്റമ്പും വിസിബിളായിരുന്നു. ക്രീസിലേക്കിറങ്ങി നേരിടാനൊരുങ്ങിയ സഞ്ജുവിന്റ ഔട്ട് സൈഡ് എഡ്ജിനെ ബീറ്റ് ചെയ്താണ് പന്ത് മിഡില്‍ സ്റ്റമ്പില്‍ പതിക്കുന്നത്. യു മിസ്, ഐ ഹിറ്റ് എന്ന് പറയുന്നതുപോലൊരു മൊമന്റ്. വീണ്ടും ക്ലീൻ ബൗള്‍ഡ്.
'there was no footwork at all' എന്നായിരുന്നു സഞ്ജുവിന്റെ വിക്കറ്റിന് ശേഷം ഇന്ത്യൻ ഇതിഹാസം സുനില്‍ ഗവാസ്ക്കര്‍ അഭിപ്രായപ്പെട്ടത്. ദീർഘകാലമായി സഞ്ജുവിന്റെ ദൗര്‍ബല്യങ്ങള്‍ ബൗളര്‍മാര്‍ അനുകൂലമാക്കിയെടുക്കുന്നത് കാണാനാകും. 2025 ജനുവരിയിലെ ഇംഗ്ലണ്ട് പരമ്പര മുതല്‍ മുതല്‍ പരിശോധിക്കാം. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സഞ്ജു പുറത്തായത് ഷോര്‍ട്ട് ബോളില്‍ അല്ലെങ്കില്‍ ഹാര്‍ഡ് ലെങ്തിലാണ്. ആദ്യ മൂന്ന് ട്വന്റി 20യിലും ജോഫ്ര ആര്‍ച്ചറായിരുന്നെങ്കില്‍ മറ്റ് രണ്ട് മത്സരങ്ങളില്‍ സാഖിബ് മഹമ്മൂദും മാര്‍ക്ക് വുഡുമായിരുന്നു.
ഷോര്‍ട്ട് ബോള്‍ ട്രാപ്പില്‍ സഞ്ജുവിനെതിരെ അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല ആഭ്യന്തര തലത്തിലും ഉപയോഗിച്ച് ബൗളര്‍മാര്‍ വിജയം കണ്ടു. സാങ്കേതികമായുള്ള ഇത്തരം പോരായ്മകള്‍ നിലനില്‍ക്കുമ്പോഴാണ് സമ്മര്‍ദം മറുവശത്ത് നിന്ന് ഉയര്‍ന്ന് വരുന്നതും. മറ്റൊരു താരവും നേരിടാത്തത്ര വിമര്‍ശനങ്ങളും വിചാരണകളും തേടിയെത്തുന്നതും.
ട്വന്റി 20 ക്രിക്കറ്റില്‍ സ്ഥിരതയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടെന്നതില്‍ സംവാദങ്ങള്‍ തുടരുകയാണ്. അഭിഷേക് ന്യൂസിലൻഡ് പരമ്പയില്‍ രണ്ട് തവണ ഡക്കായി, ഇഷാൻ കിഷൻ ഒരൊറ്റ ഇന്നിങ്സിന്റെ ബലത്തിലാണ് മുൻതൂക്കം കല്‍പ്പിക്കപ്പെടുന്നത്, ഒരു വര്‍ഷത്തിന് ശേഷമാണ് നായകൻ സൂര്യകുമാര്‍ യാദവ് ഫോം കണ്ടെത്തിയിരിക്കുന്നതും, അതുകൊണ്ട് സ്ഥിരത അവിടെ നിക്കട്ടെ. കരിയര്‍ ആരംഭിച്ച നാള്‍ മുതല്‍ സഞ്ജുവിന് ടീമില്‍ ഉറപ്പുള്ള ഒരു സ്ഥാനമുണ്ടായിരുന്നോ, അതിപ്പോള്‍ ഏകദിനമായിക്കൊള്ളട്ടെ ട്വന്റി 20യാകട്ടെ.
ഏകദിനത്തില്‍ ചുരുങ്ങിയ അവസരങ്ങള്‍ മാത്രം, അവസാന ഏകദിനത്തില്‍ സെഞ്ചുറിയുണ്ടായിട്ടും പുറത്താണിന്നും. ട്വന്റി 20യില്‍ പലസ്ഥാനങ്ങളില്‍ പരീക്ഷിക്കപ്പെട്ടു, ഓപ്പണറായി വിജയിച്ചു, ശേഷം ഗില്ലുവന്നു, പുറത്തിരുത്തി. ഇപ്പോഴിതാ ലോകകപ്പ് ടീമില്‍ ഇടം കിട്ടിയപ്പോഴും സ്ഥാനത്തില്‍ ഭീഷണിയായി ഇഷാൻ വന്നു. ഇവിടെ സഞ്ജുവിന്റെ ഓരോ ഇന്നിങ്സും ജഡ്ജ് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ടീമിന്റെ വിജയത്തിനായുള്ള സംഭാവനയായല്ല മറിച്ച് ഒരു ട്രയലായാണ് എപ്പോഴും അനുഭവപ്പെടുക, ഇത് നല്‍കുന്ന ഭാരം ചെറുതായിരിക്കില്ല.
തിരുവനന്തപുരമാണ് ലോകകപ്പിനൊരുങ്ങാനുള്ള അവസാന അവസരം. സ്വന്തം മണ്ണിലൊരു തിരിച്ചുവരവിന് കളമൊരുങ്ങിയിരിക്കുന്നു. ഒരൊറ്റ ഇന്നിങ്സ് മതിയാകും എല്ലാം മാറിമറിയാൻ, ഫോം ഈസ് ടമ്പററി, ക്ലാസ് ഈസ് പെര്‍മെനന്റ് എന്നാണല്ലോ.


