
When pressure peaks, calmness wins.
When ruthless arrives, the focused thrives.
and In the darkest hours, the brave arise!
കാര്‍മേഘങ്ങളൊഴിഞ്ഞ അഹമ്മദാബാദ്. ഒരിക്കല്‍ക്കൂടി കൈകള്‍ക്കിടയില്‍ പന്തൊളിപ്പിച്ച്
മത്സരം കൈപ്പിടിയിലൊതുക്കാൻ അയാള്‍, ജസ്പ്രിത് ബുംറ. 18-ാം ഓവര്‍. മറ്റൊരു അമൂല്യനിമിഷം കൊതിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഓവര്‍ കടന്നുകിട്ടിയാല്‍ സ്വപ്നത്തിനരികയാണ് പഞ്ചാബ്.
വാഷിങ്ടണ്‍ സുന്ദറിനെ നിലം പതിപ്പിച്ച ആ പന്തിന്റെ ആവര്‍ത്തനം. മിഡില്‍ സ്റ്റമ്പിനെ ലക്ഷ്യമാക്കിയെത്തുന്ന ഇൻസ്വിങ്ങിങ് യോര്‍ക്കര്‍, എ ക്ലാസിക്ക് വണ്‍. സ്റ്റമ്പിന് മുകളിലായി ഉയര്‍ന്നു നിന്ന ബാറ്റ് പൊടുന്നനെ താഴ്‌ന്നു. പന്ത് ക്രീസ് വര കടന്ന മാത്രയില്‍ ബാറ്റിന്റെ ഫേസ് ഓപ്പണായി.
ബെയില്‍സ് തിളങ്ങുന്നത് കാണാൻ കാത്തിരുന്നെങ്കില്‍, തെറ്റി. ബുംറയുടെ യോർക്കറില്‍ പരിചിതമല്ലാത്ത ഒരു കാഴ്ചയുടെ പിറവി. ഷോർട്ട് തേഡിനെ മറികടന്ന് ബൗണ്ടറിയിലേക്ക് പന്ത് പാഞ്ഞു. Calmness, focus, brilliance, ശ്രേയസ് അയ്യര്‍! 2022 ഒക്ടോബര്‍ 23ന് എംആര്‍ആഫ് ബാറ്റില്‍ നിന്ന് ഉതിര്‍ന്ന നൂറ്റാണ്ടിന്റെ ഷോട്ട്, ശേഷമുണ്ടായ ഓറ, സമാനമായൊരു നിമിഷം.
ഇതിനെല്ലാം മുൻപ് ഒരു ടേക്ക് ഓഫ് പോയിന്റ് ഉണ്ടായിരുന്നു അയ്യരിന്. ആറ് ഓവറുകള്‍ക്ക് പിന്നിലേക്ക്. 12-ാം ഓവര്‍ പൂര്‍ത്തിയായിരിക്കുന്നു. പഞ്ചാബിന് ജയിക്കാൻ 48 പന്തില്‍ 95 റണ്‍സ്. ബുംറയുടെ പക്കല്‍ ബാക്കിയുള്ളത് രണ്ട് ഓവറുകളാണ്. എങ്ങനെ, നോക്കിയാലും മുംബൈക്ക് അനുകൂലമായിരുന്നു. 13-ാം ഓവര്‍ എറിയാൻ റീസ് ടോപ്ലി. പഞ്ചാബിന് അനിവാര്യമായ ടേക്ക് ഓഫിന് സമയമായിരുന്നു, അത് നല്‍കാനുള്ള ഉത്തരവാദിത്തം ശ്രേയസിനും.
15 പന്തില്‍ 19 റണ്‍സാണ് അപ്പോള്‍ ശ്രേയസിന് നേര്‍ക്കുള്ളത്. മൂന്ന് സ്ലോട്ട് ബോളുകള്‍, അതിനുത്തരം ഗ്യാലറിയില്‍ നല്‍കി ശ്രേയസ്. ബാക്ക്‌വേഡ് സ്ക്വയര്‍, ലോങ് ഓണ്‍, സ്ട്രെയിറ്റ് ഡൗണ്‍. തുടരെയുള്ള മൂന്ന് സിക്സറുകളിലൂടെ കളിയുടെ ഗതി മാറുകയായിരുന്നു. അവിടെ നിന്നൊരു തിരിഞ്ഞുനോട്ടത്തിന് ശ്രേയസ് തയാറായിരുന്നില്ല.
വധേര വീണു, പിന്നാലെ അശ്വിനി കുമാറിനെ പിക്ക് അപ്പ് ഷോട്ടിലൂടെ ഫൈൻ ലെഗിലേക്ക് ഒരു സിക്സ്. ഞാൻ തുടരുമെന്ന് പറയാതെ പറഞ്ഞുവെച്ചു. 17-ാം ഓവറില്‍ ബോള്‍ട്ട്. ഓഫ് സ്റ്റമ്പ് ലക്ഷ്യമാക്കിയുള്ള രണ്ട് യോര്‍ക്കറുകള്‍. രണ്ടിലും ഓരേ എക്സിക്യൂഷൻ. ഷോട്ട് തേര്‍ഡിനേയും ബാക്ക്‌വേഡ് പോയിന്റിനേയും കീറിമുറിച്ച് ബൗണ്ടറികള്‍.
18-ാം ഓവറില്‍ ബുംറയ്ക്ക് എതിരെയായിരുന്നു ഏറ്റവും മനോഹരമായത് ശ്രേയസിന്റെ ബാറ്റ് കാത്തുവെച്ചത്. ഒടുവില്‍ രണ്ട് ഓവറില്‍ ജയിക്കാൻ 23 റണ്‍സ്. 19-ാം ഓവര്‍ അശ്വനി കുമാര്‍. കാത്തിരിക്കാൻ നേരമില്ലായിരുന്നു. നാല് സ്ലോട്ട് ബോളുകള്‍, നാല് സിക്സറുകള്‍. ഹാര്‍ദിക്ക് പാണ്ഡ്യ തലകുനിച്ച് മൈതാനത്ത് ഇരുന്നു, ശ്രേയസ് ഹെല്‍മറ്റ് ഊരി, ആഘോഷമോ പുഞ്ചിരിയോ ആ മുഖത്തുണ്ടായില്ല. One more battle left to win the war.
പ്ലേ ഓഫില്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും വലിയ സ്കോര്‍. 18 വര്‍ഷമായി മുംബൈ കാത്തുവെച്ച ചരിത്രം തിരുത്തപ്പെട്ടിരിക്കുന്നു. 200 റണ്‍സിന് മുകളില്‍ നേടിയതിന് ശേഷം അവര്‍ക്ക് ആദ്യമായൊരു പരാജയം. നിര്‍ണായക മത്സരങ്ങളില്‍ മുംബൈയോളം പരിചയസമ്പത്തും അവസരത്തിനൊത്ത് ഉയരാനും കഴിയുന്നൊരു ടീം ടൂര്‍ണമെന്റില്‍ തന്നെയില്ല. ഇവിടെയാണ് ശ്രേയസിന്റെ ഇന്നിങ്സിന്റെ വലുപ്പം കൂടുന്നതും.
മുംബൈ ബൗളര്‍മാരുടെ സ്ലോട്ട് ബോളുകളെ മാത്രമായിരുന്നില്ല ശ്രേയസ് ശിക്ഷിച്ചത്, ഏഴ് യോര്‍ക്കറുകളും നേരിട്ടു. അവിടെയും വിജയിക്കാനായി, 13 റണ്‍സ് യോര്‍ക്കറുകളില്‍ നിന്ന് നേടിയെടുത്തു. ഗുജറാത്ത് ബാറ്റര്‍മാര്‍ക്ക് സാധിക്കാതെ പോയ ഒന്നായിരുന്നു ഇത്. ഷോര്‍ട്ട് ബോളുകളിലും സ്ട്രൈക്ക് റേറ്റ് 200ന് മുകളിലായിരുന്നു. സമ്മര്‍ദം നിറയുന്ന മത്സരങ്ങളില്‍ ഒരു ഇന്നിങ്സ് എങ്ങനെ പരുവപ്പെടുത്തണമെന്നതിന്റെ ഉദാഹരണം, ഒരു കോലി ടച്ചില്‍, ശ്രേയസ് വേര്‍ഷൻ.
അശ്വിനിയുടെ പന്ത് ലോങ് ഓണിലൂടെ ഗ്യാലറിയിലെത്തുമ്പോള്‍ ശ്രേയസിന്റെ സ്കോര്‍ 41 പന്തില്‍ 87 റണ്‍സ്. അഞ്ച് ഫോറും എട്ട് സിക്സറുകളും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. വധേരയുടേയും ഇംഗ്ലിസിന്റേയും പ്രിയാൻഷിന്റേയും സംഭാവനകളെ വിസ്മരിക്കുന്നില്ല. മുന്നില്‍ നിന്ന് നയിക്കുന്ന നായകൻ. മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലില്‍ എത്തിച്ച ആദ്യ നായകൻ. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം 2020ല്‍, കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയെ, ഇപ്പോള്‍ പഞ്ചാബിനേയും.
ഒരു ജയം അകലെ കാത്തിരിക്കുന്നത് ചരിത്രമാണ്. അത് നേടണമെങ്കില്‍ സമാന ചരിത്രം തേടിയിറങ്ങിയ ഒരു സംഘത്തെ കീഴടക്കണം, കാവ്യനീതി കൊതിക്കുന്നൊരാളെ മറികടക്കണം.