
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഗ്യാരി ഗ്രീനിനും ബീ ട്രേസിയുടേയും മകനായി ജനിക്കുന്നതിന് മുൻപ് തന്നെ അവന്റെ ആയുസ് നിര്‍ണയിക്കപ്പെട്ടിരുന്നു. പരമാവധി 12 വയസെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രവചനം. വില്ലനായത് ഗുരുതരമായ വ്യക്കരോഗമായിരുന്നു. അവനെയോര്‍ത്ത് ഗ്യാരിയും ബീയും ദുഖിക്കാത്ത ദിനങ്ങളുണ്ടായിരുന്നില്ല. പക്ഷേ, തന്റെ ശരീരത്തിന്റെ പരിമിധികളേയും വെല്ലുവിളികളേയും മറികടന്ന് അവൻ ക്രിക്കറ്റ് ബാറ്റും ബോളുമെടുത്തു. 12 വര്‍ഷങ്ങള്‍ താണ്ടി, ഇന്ന് പ്രായം 26 വയസ്, ഓസ്ട്രേലിയയുടെ ഓള്‍ ഫോര്‍മാറ്റ് പ്ലെയർ. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ വിദേശതാരം. കാമറൂണ്‍ ഡൊണാള്‍ഡ് ഗ്രീൻ എന്ന കാമറൂണ്‍ ഗ്രീൻ.
ഐപിഎല്‍ മിനിതാരലേലത്തിലേക്ക്. ഒന്നാം സെറ്റിലെ അഞ്ചാം താരമായി ഗ്രീനിന്റെ പേരുയര്‍ത്തി മല്ലിക സാഗര്‍. പ്രതികരണങ്ങളൊന്നുമുണ്ടാകാതെ ആദ്യ നിമിഷങ്ങള്‍. മുംബൈ ഇന്ത്യൻസ് തുടങ്ങി വെച്ചു, രാജസ്ഥാൻ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായിരുന്നു രംഗത്ത്. 14 കോടിയോട് അടുത്തപ്പോള്‍ രാജസ്ഥാന്റെ പിന്മാറ്റവും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എൻട്രിയും. ഗ്രീനിനായി ഒരു ഇഞ്ചുപോലും പിന്നോട്ട് പോകാൻ കൊല്‍ക്കത്ത തയാറായിരുന്നില്ല, തുക 23 കോടി കടന്നപ്പോള്‍ തുടരാൻ ചെന്നൈ ഒന്നുമടിച്ചു, പക്ഷേ ആലോചനകള്‍ക്ക് ശേഷം ബിഡ് ഉയര്‍ത്തി.
തുക 25 കോടി താണ്ടിയിരിക്കുന്നു, കൊല്‍ക്കത്ത ഒരു ചുവടുകൂടി മുന്നോട്ട് വെച്ച് 25.20 കോടിയാക്കി. നിമിഷങ്ങള്‍ക്കൊടുവില്‍ രണ്ട് തീരുമാനമുണ്ടായി, ചെന്നൈ ഗ്രീനെന്ന മോഹം ഉപേക്ഷിച്ചു. പിന്നാലെ മല്ലികയുടെ പ്രഖ്യാപനമുണ്ടായി, Cameron Green to the Kolkata Knight Riders at 25 Crores and 20 Lakhs. ഐപിഎല്ലിന്റെ ചരിത്രത്തില്‍ മറ്റൊരു വിദേശതാരത്തിനും ലഭിക്കാത്ത തുക. 2024ല്‍ 24.75 കോടി രൂപ ലഭിച്ച മിച്ചല്‍ സ്റ്റാർക്കായിരുന്നു ഗ്രീനിന് മുൻപ് ഏറ്റവും മൂല്യമേറിയ വിദേശതാരം. അന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു പണമെറിഞ്ഞത്.
പക്ഷേ, ഗ്രീനിന് 25.20 കോടി രൂപ മുഴുവനായി ലഭിക്കില്ല. ഇതിന് പിന്നിലെ കാരണം ഒരു ഐപിഎല്‍ നിബന്ധനയാണ്. ഒരു വിദേശതാരത്തിന് പരമാവധി ലേലത്തില്‍ നിന്ന് നേടാൻ കഴിയുന്ന തുക 18 കോടിയാണ്. ഫ്രാഞ്ചൈസികള്‍ എത്ര തുക ഉയർത്തിയാലും 18 കോടി രൂപയിലധികം താരത്തിന് ലഭിക്കില്ല. അധികമായി വരുന്ന തുക ബിസിസിഐലേക്കായിരിക്കും പോകുക. താരങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്ന ഫണ്ടിലേക്കാണ് ഈ തുക നിക്ഷേപിക്കപ്പെടുക. അതായത് ഗ്രീനിന്റെ 25.20 കോടിയില്‍ ഏഴ് കോടി 20 ലക്ഷവും വെല്‍ഫയര്‍ ഫണ്ടിലേക്ക് ചേരും.
ഗ്രീനിന്റെ കൊല്‍ക്കത്തയിലെ റോളെന്തായിരിക്കുമെന്നതില്‍ ആർക്കും സംശയമുണ്ടാകില്ല. ആന്ദ്രെ റസലെന്ന ട്വന്റി 20 ഇതിഹാസത്തിന്റെ പകരക്കാരൻ. വലം കയ്യൻ പേസറും ബാറ്ററുമായ ഗ്രീനിനോളം അനുയോജ്യനായ ഒരാള്‍ ഇത്തവണ ലേലത്തിലുണ്ടായിരുന്നില്ല. തന്റെ മൂന്നാം ഐപിഎല്ലിനാണ് ഗ്രീനൊരുങ്ങുന്നത്. രണ്ട് ഐപിഎല്‍ സീസണുകള്‍ കളിച്ചിട്ടുള്ള ഗ്രീൻ മുംബൈ ഇന്ത്യൻസിനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനുമായി 28 ഇന്നിങ്സുകളിലാണ് ബാറ്റ് ചെയ്തത്. 41 ശരാശരിയില്‍ 707 റണ്‍സ് നേടി. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 150നും മുകളിലാണ്. 16 വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട് ഓസീസ് ഓള്‍ റൗണ്ടര്‍.
ബാറ്റിങ് നിരയില്‍ ഏത് പൊസിഷനും വഴങ്ങുന്ന താരം കൂടിയാണ് ഗ്രീൻ. ഓസ്ട്രേലിയക്കായി അന്താരാഷ്ട്ര ട്വന്റി 20യില്‍ ഓപ്പണിങ് മുതല്‍ ഏഴാം നമ്പറില്‍ വരെ ഗ്രീൻ ക്രീസിലെത്തിയിട്ടുണ്ട്. ആദ്യ നാല് സ്ഥാനങ്ങളിലാണ് താരത്തിന് സ്ട്രൈക്ക് റേറ്റ് കൂടുതലെന്ന് മാത്രം. ഗ്രീനിനെപ്പോലൊരു ഓള്‍ റൗണ്ടര്‍ ടീമിന് നല്‍കുന്ന ബാലൻസും ചെറുതായിരിക്കില്ല. റസലിന് സമാനമായി ബിഗ് ഹിറ്റിങ് എബിലിറ്റികൂടിയുള്ള ബാറ്ററാണ് ഗ്രീൻ. പരുക്കിന് ശേഷമുള്ള വരവില്‍ ഗ്രീനിന്റെ ഫോം സ്ഥിരത നിറഞ്ഞതല്ലെങ്കിലും സമീപകാലത്ത് തിരിച്ചുവരവിന്റെ സൂചനകളും നല്‍കിയിട്ടുണ്ട്.
കളിച്ച രണ്ട് സീസണിലും മികവ് പുലർത്തിയ ഗ്രീനിന് അത് ആവർത്തിക്കാനാകുമെന്ന് കരുതാം. കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയിലേക്ക് എത്തുമ്പോഴും ഉത്തരവാദിത്തവും വെല്ലുവിളികളും ചെറുതായിരിക്കില്ല. പക്ഷേ, അതെല്ലാം താണ്ടാൻ സാധിക്കുന്ന വ്യക്തിത്വമാണ് ഗ്രീനിന്റേതെന്ന് തർക്കമില്ല. അത് പ്രകടനത്തിലായാലും മാനസിന്റെ കരുത്തിലായായും. പരിമിതികള്‍ നില്‍ക്കെ ശരീരിക അധ്വാനം ഏറെയുള്ള ഓള്‍ റൗണ്ടറുടെ റോളാണ് ഗ്രീൻ വഹിക്കുന്നത്. ബാറ്റിങ് പരിശീലനത്തിന് തുല്യമായി ബൗളിങ് പരിശീലനവും ഫീല്‍ഡിങ് പരിശീലനവും, തുടര്‍ന്ന് കളത്തില്‍ ആവര്‍ത്തിക്കുകയും വേണം.
60 ശതമാനം മാത്രം പ്രവര്‍ത്തിക്കുന്ന വൃക്കകളുമായാണ് ഗ്രീൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടോപ് ലെവലില്‍ തുടരുന്നത്. ആഹാരത്തിലെ കൃത്യതമുതല്‍ പലകാര്യങ്ങളിലും സാധാരണ ജീവിതത്തില്‍ നിന്ന് ഏറെ അകലെയാണ് ഗ്രീൻ. ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരമായി മാറുമ്പോള്‍ അതിനൊപ്പം പ്രചോദനം കൂടിയാണ് ഓസീസ് താരം.