
ട്വന്റി 20യിലെ ഇന്ത്യയുടെ ബാറ്റിങ് നിര, ചുരുങ്ങിയ സ്ഥാനങ്ങള്‍ക്കായി സൂപ്പർ താരങ്ങള്‍ക്ക് വരെ മത്സരിക്കേണ്ടി വരുന്ന ഇടം. ഇതിനെല്ലാം കാരണം, രോഹിത് ശർമ തുറന്ന് വിട്ട ഭൂതമായ അഗ്രസീവ് ക്രിക്കറ്റ് ശൈലിയാണ്. എതിരാളികള്‍ക്ക് മുകളില്‍ വ്യക്തമായ ആധിപത്യം നേടിക്കൊടുക്കുന്ന ബ്രാൻഡ് ഓഫ് ക്രിക്കറ്റ്. പക്ഷേ, ഈ തന്ത്രം കൊണ്ട് ജയിക്കാൻ അതിനൊത്ത ബാറ്റർമാർ മാത്രം പോരായെന്നതാണ് വസ്തുത. അവർക്ക് തുല്യരായ ബൗളിങ് നിരകൂടിച്ചേരുമ്പോഴാണ് ആ സംഘം പൂര്‍ണമാകുക. ബാറ്റിങ് നിരയിലെ അവസരനിഷേധങ്ങളും മെറിറ്റിനോട് മുഖം തിരിക്കുന്ന രീതിയും നിരന്തരം ചര്‍ച്ചയാകുമ്പോള്‍ മറുപുറത്ത് ബൗളിങ് യൂണിറ്റിനെക്കുറിച്ച് പരാമര്‍ശിക്കേണ്ടതുണ്ട്.
ബാര്‍ബഡോസില്‍ ഒന്നരപതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് രോഹിത് ശര്‍മയുടെ സംഘം കിരീടം ചൂടിയപ്പോള്‍ സ്വന്തം മണ്ണിലത് പ്രതിരോധിക്കുക എന്ന ഉത്തരവാദിത്തമാണ് സൂര്യകുമാര്‍ യാദവിനും ടീമിനുമുള്ളത്. ഇവിടെ പ്രധാന ആയുധങ്ങളാകുന്നത് ആരായിരിക്കും. നിസംശയം പറയാനാകുക അര്‍ഷദീപ് സിങ് - ജസ്പ്രിത് ബുമ്ര ദ്വയം എന്നുതന്നെയാണ്. അന്താരാഷ്ട്ര ട്വന്റി 20യില്‍ കേവലം 68 ഇന്നിങ്സുകളില്‍ നിന്ന് 107 വിക്കറ്റുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത താരമാണ് അര്‍ഷദീപ് സിങ്. സമീപകാലത്ത് പവര്‍പ്ലേയില്‍ ബുമ്രയേക്കാള്‍ ക്യാപ്റ്റൻമാര്‍ ഉപയോഗിക്കുന്നത് ഇടം കയ്യൻ പേസറായ അര്‍ഷദീപിനെയാണ്. ഇതിന് തക്കതായ കാരണവുമുണ്ട്.
ട്വന്റി 20യില്‍ പവര്‍പ്ലേയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് ടേക്കറിലൊരാളാണ് അര്‍ഷദീപ്. ആദ്യ ആറ് ഓവറുകള്‍ക്കിടയില്‍ ഇതുവരെ 84 വിക്കറ്റുകള്‍ നേടി. എക്കണോമി 8.1 ആണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 47ഉം. ഇന്ത്യക്കാരില്‍ മുന്നില്‍. ഇരുവശത്തേക്കും പന്ത് സ്വിങ്ങ് ചെയ്യിക്കാനുള്ള മികവ് തന്നെയാണ് അര്‍ഷദീപിന് അപകടകാരിയാക്കുന്നതും. വിക്കറ്റില്‍ നിന്ന് സ്വിങ് ലഭിക്കുമ്പോള്‍ താരത്തെ നേരിടുക അത്ര എളുപ്പമല്ലെന്ന് ഓസ്ട്രേലിയൻ പര്യടനം തെളിയിക്കുന്നു. ഇവിടേക്കാണ് ബുമ്ര കൂടി ചേരുന്നത്. അര്‍ഷദീപ് പവര്‍പ്ലേയില്‍ 84 വിക്കറ്റുകള്‍ നേടിയിട്ടുണ്ടെങ്കില്‍ ബുമ്ര 70 ബാറ്റര്‍മാരെയാണ് മടക്കിയിട്ടുള്ളത്. ഇവിടെ എടുത്തുപറയേണ്ടത് താരത്തിന്റെ എക്കണോമിയാണ്, 6.50.
പവര്‍പ്ലേയില്‍ മാത്രമല്ല, സഖ്യത്തിന്റെ ഡെത്ത് ബൗളിങ്ങും മുര്‍ച്ഛയേറിയതാണ്. ഉദാഹരിക്കാൻ 2024 ട്വന്റി 20 ലോകകപ്പ് ഫൈനലിലേക്ക് മാത്രമൊന്ന് നോക്കിയാല്‍ മതിയാകും. പ്രോട്ടിയാസിന് അവസാന മൂന്ന് ഓവറില്‍ ജയിക്കാൻ 22 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. 18-ാം ഓവറെറിഞ്ഞ ബുമ്ര വിട്ടുനല്‍കിയത് കേവലം രണ്ട് റണ്‍സ്, 19-ാം ഓവറില്‍ അര്‍ഷദീപ് വഴങ്ങിയത് കേവലം നാല് റണ്‍സ്. ഈ രണ്ട് ഓവറുകളായിരുന്നു അവസാന ഓവറിലെ സമ്മര്‍ദം ഇരട്ടിയാക്കിയതും, മില്ലറിനെ കൂറ്റനടിക്ക് പ്രേരിപ്പിച്ചതും. ബുമ്രയുടേയും അര്‍ഷദീപിന്റേയും എട്ട് ഓവര്‍ നല്‍കുന്ന മേല്‍ക്കൈക്കൊപ്പമാണ് വരുണ്‍ ചക്രവര്‍ത്തി എന്ന മിസ്റ്ററി സ്പിന്നര്‍ ചേര്‍ക്കപ്പെടുന്നത്.
ബാറ്റര്‍മാര്‍ക്ക് ഇന്നും ട്രാക്ക് ചെയ്യാനായിട്ടില്ല വരുണിന്റെ പന്തുകള്‍. ട്വന്റി 20 കരിയറെടുത്താല്‍ വരുണെറിയുന്ന ഓരോ 13 പന്തിലും ഒരു ബാറ്റര്‍ പുറത്തായിരിക്കും. ഗൂഗ്ലി, കാരം ബോള്‍, ലെഗ് സ്പിൻ തുടങ്ങി വ്യത്യസ്തമായ പന്തുകളെറിയാൻ വൈഭവുമുള്ള വരുണ്‍ സമ്മര്‍ദ സാഹചര്യങ്ങളില്‍ പോലും തന്റെ മികവ് പുലര്‍ത്താറുണ്ട്. പേസ് വേരിയേഷനാണ് ബാറ്റര്‍മാരെ കുഴക്കുന്നതും. കട്ടക്ക് ട്വന്റി 20യില്‍ മാര്‍ക്കൊ യാൻസണ്‍ സിക്സര്‍ പായിച്ച തൊട്ടടുത്ത പന്തില്‍ വരുണിന്റെ തിരിച്ചുവരവുണ്ടായി. യാൻസണെ ബൗള്‍ഡാക്കിയായിരുന്നു മറുപടി. യാൻസണ്‍ സിക്സ് നേടിയ പന്തും ബൗള്‍ഡായ പന്തും പിച്ച് ചെയ്ത പോയിന്റിലുണ്ടായിരുന്നത് നേരിയ വ്യത്യാസം മാത്രമായിരുന്നു.
അര്‍ഷദീപ്-ബുമ്ര-വരുണ്‍ ത്രയത്തിനൊപ്പം അക്സര്‍ പട്ടേലും ഹാര്‍ദിക്ക് പാണ്ഡ്യയും എത്തുമ്പോള്‍ ബാറ്റിങ് നിരയിലും ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിലും ഡെപ്ത് വര്‍ധിക്കുകയാണ്. പവര്‍പ്ലേയിലും മധ്യഓവറുകളിലും പന്തെറിയാൻ കഴിയുന്നവരാണ് ഹാര്‍ദിക്കും അക്സറും. ബുമ്രയും അര്‍ഷദീപും ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റുകള്‍ നേടുമ്പോള്‍ പിന്നാലെയെത്തുന്ന അക്സര്‍, വരുണ്‍, ഹാര്‍ദിക്ക് പോലുള്ള ബൗളര്‍മാര്‍ക്ക് സെറ്റിലായ ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയേണ്ടി ആവശ്യകതയുണ്ടാകുന്നില്ല. ഇവിടെ ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കി വിക്കറ്റുകള്‍ വീഴ്ത്താനുമാകും.
ട്വന്റി 20 ലോകകപ്പില്‍ അര്‍ഷദീപിനേയും ഹാര്‍ദിക്കിനേയും സൂര്യകുമാര്‍ ന്യൂബോള്‍ ഏല്‍പ്പിക്കുകയാണെങ്കില്‍ ബുമ്രയെ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പ്രയോഗിക്കാൻ കഴിയും. രോഹിത് ശര്‍മ മുംബൈ ഇന്ത്യൻസില്‍ പ്രയോഗിച്ചിരുന്ന തന്ത്രമായിരുന്നു ഇത്. പിന്നീട് ഇത് ഹാര്‍ദിക്കും മുംബൈക്കായി ആവര്‍ത്തിക്കുന്നതും കണ്ടു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ സൂര്യകുമാറും ഈ തന്ത്രം പിൻതുടര്‍ന്നാലും അത്ഭുതപ്പെടാനില്ല. ബുമ്രയുടെ രണ്ടോ മൂന്നോ ഓവര്‍ അവസാന ഘട്ടത്തിലേക്ക് നീക്കിവെക്കുന്നത് എതിരാളികളുടെ സ്കോറിങ്ങിന് തടയിടാൻ സഹായിക്കും.