അക്സറും കുല്‍ദീപും ഔട്ട്; രവീന്ദ്ര ജഡേജയുടെ പിൻഗാമിയാകാൻ മാനവ് സുതാർ

Published : Aug 20, 2026, 01:44 PM IST
Manav Suthar

Synopsis

ടി20 ക്രിക്കറ്റിന്റെ സ്വാധീനത്താല്‍ സ്പിന്നർമാർ പലപരീക്ഷണങ്ങള്‍ക്കും തയാറാകുന്ന കാലഘട്ടത്തിലാണ് ക്ലാസിക്കല്‍ അപ്രോച്ചുമായി എത്തി മാനവ് വ്യത്യസ്തനാകുന്നത്

ഒരേ ആക്ഷൻ, ബോള്‍ റിലീസ് ചെയ്യുന്ന ആംഗിളിലും വ്യത്യാസമില്ല. കൈവേഗം കുറയ്ക്കാതെ തന്നെ പന്തിന്റെ വേഗത വർധിപ്പിച്ചും കുറച്ചും നിയന്ത്രിക്കാൻ കഴിയുന്നു. അതും കണ്‍സിസ്റ്റന്റായി ഒരു ദിവസം മുഴവനും. ഒന്നും സംഭവിക്കുന്നില്ല എന്ന് ബാറ്റർമാരെ തെറ്റിദ്ധരിപ്പിച്ച് വിക്കറ്റിലേക്ക് നയിക്കുന്ന മൈൻഡ് ഗെയിം, ഇന്ത്യയുടെ പുതിയ സ്പിൻ സെൻസേഷൻ മാനവ് സുതാർ.

ടി20 ക്രിക്കറ്റിന്റെ സ്വാധീനത്താല്‍ സ്പിന്നർമാർ പലപരീക്ഷണങ്ങള്‍ക്കും തയാറാകുന്ന കാലഘട്ടത്തിലാണ് ക്ലാസിക്കല്‍ അപ്രോച്ചുമായി എത്തി മാനവ് വ്യത്യസ്തനാകുന്നത്. രവീന്ദ്ര ജഡേജ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്, അക്സർ പട്ടേലിന് ഒരു സ്ഥിരം സ്പിന്നറായി ടീമില്‍ തുടരാനാകുന്നില്ല. കുല്‍ദീപ് യാദവിന്റെ വിക്കറ്റ് ടേക്കിങ് എബിലിറ്റിയേക്കുറിച്ചുള്ള സംശയങ്ങള്‍ ഉയരുന്നുണ്ട്. ഗില്‍ കാര്യമായി കുല്‍ദീപിനെ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു. ഇവിടെയാണ് മാനവിന്റെ ഇംപാക്റ്റ്.

ഗാലെയില്‍ കേശര നുവാന്തയുടെ പ്രതിരോധത്തെ മറികടന്ന് വിജയം ഉറപ്പിക്കുമ്പോള്‍ ഒരു എവെ ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ നേടുന്ന ഏഴാമത്തെ മാത്രം ഇന്ത്യൻ താരമാകാനും മാനവിനായി. കുബ്ലെയും അശ്വിനും ഹർഭജനുമൊക്കെയുള്ള എലൈറ്റ് ലിസ്റ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്, അതും തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റില്‍.

രണ്ടാം ഇന്നിങ്സിലെ മാനവിന്റെ സ്പെല്‍ തന്നെയെടുക്കാം. പസിന്ദു സൂര്യബന്ദാറ പുറത്താകുന്നത് എല്‍ബിഡ‌ബ്ല്യു. സോനല്‍ ദിനുഷ ലെഗ്‌ സ്ലിപ്പില്‍ ക്യാച്ച്. പ്രബാദ് ജയസൂര്യയും കേശര നുവാന്ദയും ബൗള്‍ഡ്. ലഹിരു കുമാര എഡ്‌ജ് ചെയ്ത് റിഷഭ് പന്തിന്റെ കൈകളില്‍. ലഹിരു ഉദാര ഗളിയില്‍ ജൂറലിന്റെ കൈകളില്‍. ആറ് ബാറ്റര്‍മാര്‍ പുറത്തായിരിക്കുന്നത് അഞ്ച് തരത്തിലാണ്. മാനവ് എത്രത്തോളം വെറൈറ്റിയാണ് ഓഫര്‍ ചെയ്യുന്നതെന്ന് ഇതിലൂടെ തെളിയുന്നു.

സൂര്യബന്ദാറയുടെ വിക്കറ്റ് പരിശോധിക്കാം. മിഡില്‍ ആൻഡ് ലെഗ് സ്റ്റമ്പ് ലൈനില്‍ ഒരു ഫ്ലോട്ടഡ് ഡെലിവെറിയായിരുന്നു അത്. പന്ത് സ്പിൻ ചെയ്യുമെന്ന് പ്രതീക്ഷിച്ച സൂര്യബന്ദാറയുടെ കണക്കുകൂട്ടല്‍ പിഴച്ചു. പന്ത് മാനവ് റിലീസ് ചെയ്ത ട്രാജക്റ്ററിയില്‍ തന്നെയായിരുന്നു തുട‍ര്‍ന്നത്. ഇതോടെ സൂര്യബന്ദാറയുടെ ബാക്ക് ലെഗില്‍ പന്ത് പതിക്കുകയും ലെഗ് ബിഫോര്‍ വിക്കറ്റാകുകയുമായിരുന്നു. ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും റിവ്യൂവിലൂടെയായിരുന്നു മാനവ് വിക്കറ്റുറപ്പിച്ചത്.

ദിനുഷയുടെ വിക്കറ്റെടുത്താല്‍ ഔട്ട് സൈഡ് ലെഗ് സ്റ്റമ്പ് ലൈനിലായിരുന്നു പന്ത് പിച്ച് ചെയ്തത്, വേഗത മണിക്കൂറില്‍ 87.2 മാത്രം. ദിനുഷയെ സംബന്ധിച്ച് അതൊരു സ്കോറിങ് ഓപ്പര്‍ച്ചൂനിറ്റിയായിരുന്നു. 127 പന്തുകള്‍ നേരിട്ട ദിനുഷയെ ഒരു മിസ്റ്റേക്കിലേക്ക് മാനവ് ഫോഴ്സ് ചെയ്യുകയായിരുന്നു അവിടെ. ലെഗ് സൈഡിലേക്ക് പന്ത് ക്ലിപ്പ് ചെയ്യാനായിരുന്നു ദിനുഷയുടെ ശ്രമം. പന്ത് ഇൻസൈഡ് എഡ്ജ് ചെയ്തതിന് ശേഷം പാഡില്‍ തട്ടി ലെഗ് ഗളിയിലുണ്ടായിരുന്നു ജൂറലിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.

തൊട്ടടുത്ത പന്തില്‍ പ്രബാത് ജയസൂര്യയെ വീഴ്ത്തുന്നത് മറ്റൊരു തരത്തിലാണ്. ഇവിടെ പന്തിന്റെ പേസ് അല്‍പ്പം വര്‍ധിപ്പിക്കുകയാണ് മാനവ്. 87.2ല്‍ നിന്ന് 92.7ലേക്ക്. ലെങ്ത് ബോള്‍. ഒരു ത്രെട്ടണിങ് ഡെലിവറിയായിരുന്നു, ബാക്ക് ഫൂട്ടില്‍ പ്രതിരോധിക്കാമായിരുന്നു പ്രബാതിന്. പക്ഷേ, ഇവിടെ മാനവിന്റെ സട്ടിലായുള്ള വേരിയേഷൻ കാണുകയാണ്. പ്രബാതിന്റെ ഔട്ട് സൈഡ് എഡ്ജിനെ ബീറ്റ് ചെയ്ത പന്ത് ഓഫ് സ്റ്റമ്പിന്റെ ടോപിലാണ് പതിക്കുന്നത്, ക്ലീൻ ബൗള്‍ഡ്.

ഗാലെയിലെ വിക്കറ്റ് സ്പിന്നിന് അല്‍പ്പം മുൻതൂക്കം നല്‍കുന്നതായിരുന്നു. പക്ഷേ, വിക്കറ്റ് വീഴ്ത്താൻ ക്ഷമയും സ്ഥിരതയും വേണമായിരുന്നു. അത് മാനവിനുണ്ടായി. പ്രത്യേകിച്ചും സ്ട്രെയിറ്റര്‍ ഡെലിവെറികളില്‍. 132 റണ്‍സിന് പത്ത് വിക്കറ്റുകള്‍. രണ്ട് ടെസ്റ്റില്‍ നിന്ന് 17 വിക്കറ്റ്. 27.2 ആണ് സ്ട്രൈക്ക് റേറ്റ്, അതും മൂന്നില്‍ താഴെ എക്കോണമിയില്‍.

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായിരുന്ന കാലം മുതല്‍ തന്നെ രാജസ്ഥാൻ താരമായ മാനവ് സെലക്ടര്‍മാരുടെ കണ്ണിലുണ്ട്. പക്ഷേ, ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാന് കാര്യമായ മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കാതെ പോയതായിരുന്നു തിരിച്ചടിയായത്. വിദേശ വിക്കറ്റുകളില്‍ വരെ ഇംപാക്റ്റുണ്ടാക്കാൻ കഴിയുമെന്ന നിരീക്ഷണത്തിന്റെ പുറത്താണ് ഒടുവില്‍ മാനവിന് അവസരം ഒരുങ്ങിയത്. വിക്കറ്റുകള്‍ വാരിക്കൂട്ടിയ ഹര്‍ഷ് ദുബെയെ മറികടന്നാണ് ഗൗതം ഗംഭീര്‍ മാനവില്‍ വിശ്വാസം അര്‍പ്പിച്ചതും. കുല്‍ദീപിനേയും ജഡേജയേയും പിന്നിലാക്കുക എന്നത് എളുപ്പമല്ലല്ലോ...അതും മാനവിന് ഗാലെയില്‍ കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

യുണൈറ്റഡിന്റെ പുതിയ 'കാസെമിറോ'; കാരിക്കിന്റെ സിസ്റ്റത്തില്‍ ബലേബ ഫിറ്റാകുമോ?
ടൈറ്റില്‍ ഡിഫൻസിന് ആഴ്‌സണല്‍; ആർട്ടേറ്റയുടെ സംഘത്തെ വീഴ്‌ത്താൻ ആളുണ്ടോ?