പ്രതിരോധനിരയ്ക്ക് സുരക്ഷയൊരുക്കിയും മധ്യനിരയിലെ സുപ്രധാന റോളും വഹിക്കാൻ കെല്‍പ്പുള്ള ഒരാള്‍. ഒരിക്കല്‍ക്കൂടി ആ പേരിലേക്ക് തന്നെ യുണൈറ്റഡ് എത്തുകയാണ്

ഓള്‍ഡ് ട്രാഫോഡില്‍‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ആസ്റ്റണ്‍ വില്ല മത്സരം അതിന്റെ 52-ാം മിനുറ്റിലേക്ക് കടക്കുകയാണ്. യുണൈറ്റഡ് മുന്നേറ്റ നിരയുടെ വിശ്രമമില്ലാതെയുള്ള ഗോള്‍ ശ്രമങ്ങളെയെല്ലാം തട്ടിയകറ്റി എമി മാര്‍ട്ടിനസ് വില്ലയുടെ വലയ്ക്ക് മുന്നിലുണ്ട്. റെഡ് ഡെവിള്‍സിന് അനുകൂലമായൊരു കോര്‍ണര്‍, ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ബൂട്ടുകളില്‍ നിന്ന് ഉയര്‍ന്നെത്തിയ ആ പന്തിനെ അയാള്‍ പോസ്റ്റിനുള്ളിലേക്ക് തിരിച്ചുവിടുകയാണ്. ഇക്കുറി എമിയുടെ കരങ്ങള്‍ ഭേദിക്കപ്പെട്ടു...

ഗോള്‍ നേടിയ ശേഷം അയാള്‍, കാസെമിറൊ, ട്രാഫോഡിലെ ചുവപ്പ് പുതച്ച ഗ്യാലറിയെ നോക്കി ആഘോഷിക്കുമ്പോള്‍ അവര്‍ പാടി. "One more year, one more year, Casemiro, One more year, one more year. യുണൈറ്റഡിനൊപ്പമുള്ള കാസെമിറോയുടെ അവസാന സീസണായിരിക്കും 25-26 എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയായിരുന്നു ആ മത്സരം. പക്ഷേ, കാസി പടിയിറങ്ങി...

കാസെമിറോയ്ക്ക് പകരമാര് എന്ന അന്വേഷണങ്ങള്‍ യുണൈറ്റഡ് നടത്തുന്നുണ്ടായിരുന്നു അപ്പോള്‍, 2025 മുതല്‍ തന്നെ. പ്രതിരോധനിരയ്ക്ക് സുരക്ഷയൊരുക്കിയും മധ്യനിരയിലെ സുപ്രധാന റോളും വഹിക്കാൻ കെല്‍പ്പുള്ള ഒരാള്‍ക്കെ അതിന് കഴിയു. ഒരിക്കല്‍ക്കൂടി ആ പേരിലേക്ക് തന്നെ യുണൈറ്റഡ് എത്തുകയാണ്, കാര്‍ലോസ് ബലേബ. ബ്രൈറ്റണില്‍ നിന്ന് ബലേബയെ ട്രഫോഡിലേക്ക് എത്തിക്കാനൊരുങ്ങുയാണ് യുണൈറ്റഡ്. ആരാധകര്‍ ഒരുപോലെ ചോദിക്കുകയാണ്, കാസിക്ക് പകരമാകുമോ ബലേബയെന്ന്.

കാമറൂണ്‍ താരമായ ബലേബയെ 2025 മുതല്‍ മാര്‍ക്ക് ചെയ്തതാണ് യുണൈറ്റഡ്. എന്നാല്‍, ബ്രൈറ്റണ്‍ ആവശ്യപ്പെട്ട ഭീമമായ തുകയായിരുന്നു വെല്ലുവിളി. എന്നാല്‍, ഇക്കുറി ബലേബയില്‍ വിട്ടുവീഴ്ചയ്ക്കൊരുക്കമെല്ല യുണൈറ്റഡ്, പ്രതാപം വീണ്ടെടുക്കാനുള്ള യാത്രയില്‍ മൈക്കല്‍ കാരിക്കിന്റെ സംഘത്തില്‍ ബലേബയുമുണ്ടായേക്കും. പതിറ്റാണ്ട് നീണ്ട പ്രീമിയര്‍ ലീഗ് കിരീടവരള്‍ച്ച അവസാനിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് മുന്നിലുള്ളത്. അവിടെ ബലാബയ്ക്ക് കൃത്യമായ റോളുമുണ്ടാകും.

അഗ്രഷൻ ആൻഡ് ഡിസിസീവ്നെസ്. ബലാബയുമായി ഇംഗ്ലീഷ് കമന്റേറ്റര്‍മാര്‍ എപ്പോഴും ചേര്‍ത്തുപറയുന്ന രണ്ട് വാക്കുകളാണിത്. പ്രത്യേകിച്ചും പ്രതിരോധത്തിന്റെ കാര്യത്തില്‍. ഒരു ടാക്കിളിലൂടെ അല്ലെങ്കില്‍ ഇന്റര്‍സെപ്ഷനിലൂടെ എതിരാളികളുടെ മൊമന്റത്തെ പൂര്‍ണമായും ഇല്ലാതാക്കാൻ കഴിയുന്ന താരം. പൊസിഷനിങ്ങിലും ടാക്കിളുകളിലുമൊക്കെയുള്ള പ്രിസിഷൻ, ടൈമിങ്, ടെക്നിക്ക്. ടീമിന് പൊസഷൻ വീണ്ടെടുത്തു നല്‍കുന്ന പരിശ്രമി. കാസെമിറോയെപ്പോലെ ആറടിപ്പൊക്കമുള്ള താരമല്ല ബലാബ. പക്ഷേ, തന്റെ ശരീരത്തിന്റെ സാധ്യതകളെയെല്ലാം അയാള്‍ കളത്തില്‍ പ്രയോഗിക്കും.

ഡിഫൻസീവ് ഗ്യാപുകള്‍ അടച്ച് ബോക്സിനുള്ളിലേക്കുള്ള എതിരാളികളുടെ ക്രോസുകളും നീക്കങ്ങളും തടയാനുള്ള ഇന്റലിജൻസ് ബലാബയ്ക്കുണ്ട്. മിഡ് ഫീല്‍ഡിനെ സംരക്ഷിക്കാനും മിഡ് ഫീല്‍ഡിലൂടെ പന്തിന്റെ സഞ്ചാരം ഉറപ്പാക്കാനും 22 വയസുകാരന് കഴിയും. ഇത് യുണൈറ്റഡിന്റെ മിഡ് ഫീല്‍ഡിന്റെ സ്റ്റബിലിറ്റി വര്‍ധിപ്പിക്കുന്ന ഘടകമാണ്. എന്നാല്‍ ബലാബയുടെ സേവനം എത്രകണ്ട് യുണൈറ്റഡിന് നിലവില്‍ ലഭിക്കുമെന്നതില്‍ ചെറിയ ആശങ്കയുണ്ട്. കാരണം, പ്രീ സീസണ്‍ ട്രെയിനിങ്ങിനിടെ താരത്തിന് ആംഗിളിന് പരുക്കേറ്റിരുന്നു. കാരിക്കിന്റെ സിസ്റ്റത്തിലേക്ക് അഡാപ്റ്റ് ചെയ്യാനും ബലേബയ്ക്ക് സമയം ആവശ്യമാണ്.

പ്രീ സീസണ്‍ മത്സരങ്ങളില്‍ വളരെ ക്വിക്കായുള്ള ഫുട്ബോളാണ് കാരിക്ക് സ്വീകരിച്ചത്. പ്രത്യേകിച്ചും മിഡ് ഫീല്‍ഡിലൂടെയുള്ള പ്രോഗ്രഷനില്‍. 4-2-3-1 ഫോര്‍മേഷനില്‍ ടീലെമാൻസിന് പിന്നിലായായിരിക്കും കാരിക്ക് ബലേബയെ ഇറക്കുക, കൂടുതല്‍ സാധ്യത ഈ കോമ്പിനേഷനാണ്. ഇത് യുണൈറ്റഡിന്റെ കൗണ്ടര്‍ അറ്റാക്കിങ്ങിനേയും ഉത്തേജിപ്പിക്കാൻ കെല്‍പ്പുള്ളതാണ്. പ്രത്യേകിച്ചും ബലേബയുടെ വേഗതയും ക്വിക്ക് റെസ്പോണ്‍സും ചേര്‍ത്തുവെക്കുമ്പോള്‍. കാരിക്ക് നിശ്ചയിക്കുന്ന ഏത് സ്ട്രക്ചറിലും യുണൈറ്റഡിന്റെ ഡിഫൻസീവ് ഡിസിപ്ലിൻ വര്‍ധിപ്പിക്കാൻ ബലേബയ്ക്ക് കഴിയും.

കേവലം 22 വയസുമാത്രമുള്ള ബലാബയെ ഒരു ലോങ് ടേം പ്രോജക്റ്റായി യുണൈറ്റ് കാണേണ്ടതുണ്ട്. ട്രാൻസ്ഫ‍ര്‍ മാര്‍ക്കറ്റില്‍ വലിയ ചലനങ്ങള്‍ക്ക് തയാറായിരുന്നില്ല യുണൈറ്റഡ്. അത് എന്തുകൊണ്ടാണ് എന്ന വലിയ ആശയക്കുഴപ്പം ബാക്കിയാണ്. കാരിക്കിന് കീഴില്‍ അസാധ്യമായൊരു തിരിച്ചുവരായിരുന്നു യൂണൈറ്റഡ് കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത്. പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനം, ചാമ്പ്യൻസ് ലീഗ് യോഗ്യത. അതുകൊണ്ട് പുതിയ താരങ്ങളുടെ വരവ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. നിലവിലെ സ്ക്വാഡില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയാണ് കാരിക്ക് എന്ന് വേണം കരുതാൻ.