എമിരേറ്റ്സില്‍ ആരംഭിക്കുന്ന സീസണ്‍, 380 മത്സരങ്ങള്‍. അപൂര്‍വതയിലേക്ക് എത്താൻ ആഴ്‌സണിലിന് സാധിക്കുമോ, അല്ലെങ്കില്‍ ആഴ്‌സണലിനെ തടയാൻ ആരുണ്ട് പ്രീമിയര്‍ ലീഗില്‍?

തുടര്‍ച്ചയായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിയ എത്ര ടീമുകളുണ്ട്. അലക്‌സ് ഫെര്‍ഗൂസണിന്റെ കീഴില്‍ മാഞ്ചസ്റ്റ‍ര്‍ യുണൈറ്റഡ്. ഹോസെ മൗറീഞ്ഞ്യോയുടെ ചെല്‍സിയും പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും. മൈക്കല്‍ ആര്‍ട്ടേറ്റയുടെ ആഴ്സണല്‍ തങ്ങള്‍ക്ക് ഈ എലൈറ്റ് ലിസ്റ്റിലേക്ക് എത്താൻ കഴിയുമെന്ന സൂചന കമ്മ്യൂണിറ്റി ഷീല്‍ഡില്‍ സിറ്റിയെ സര്‍വാധിപത്യത്തോടെ കീഴടക്കി നല്‍കിയിരിക്കുന്നു. എമിരേറ്റ്സില്‍ ആരംഭിക്കുന്ന സീസണ്‍, 380 മത്സരങ്ങള്‍. അപൂര്‍വതയിലേക്ക് എത്താൻ ആഴ്‌സണിലിന് സാധിക്കുമോ, അല്ലെങ്കില്‍ ആഴ്‌സണലിനെ തടയാൻ ആരുണ്ട് പ്രീമിയര്‍ ലീഗില്‍?

കമ്മ്യൂണിറ്റി ഷീല്‍ഡില്‍ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും വലിയ വിജയം നേടിയായിരുന്നു ആഴ്‌സണല്‍ സീസണിന് തുടക്കമിട്ടത്. ശേഷം മൈക്കല്‍ ആർട്ടേറ്റ പ്രീമിയർ ലീഗ് കീരീട സാധ്യതകളെക്കുറിച്ചും സംസാരിച്ചു. എനിക്ക് ആ നിമിഷങ്ങളിലൂടെ ഒന്നുകൂടി കടന്നുപോകണം, അതിലും വലിയ നിമിഷങ്ങളും സൃഷ്ടിക്കണം. അതിന് എന്ത് ചെയ്യണം എന്നതില്‍ കൃത്യമായ ബോധ്യമുണ്ട്, എത്രത്തോളം കാഠിന്യമേറിയതാണ് യാത്രയെന്നും അറിയാം. എല്ലാത്തിനും സജ്ജമാണ് ഞങ്ങള്‍, ആര്‍ട്ടേറ്റ പറഞ്ഞവസാനിപ്പിച്ചു.

ആർട്ടേറ്റ സൂചിപ്പിച്ചത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. നൗ ദെ നൊ ഹൗ റ്റു വിൻ. കഴിഞ്ഞ കുറച്ച് സീസണുകളിലായി ആഴ്‌സണല്‍ അവരുടെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോയത്, പക്ഷേ കിരീടം നിര്‍ണയിക്കാൻ സാധ്യതയുള്ള മത്സരങ്ങളില്‍ അവര്‍ക്ക് കാലിടറുന്നതായി കാണപ്പെട്ടു. ആര്‍ട്ടേറ്റയുടെ ടീം നേരിട്ട ഏറ്റവും വലിയ വിമര്‍ശനവും അതായിരുന്നു. എന്നാല്‍, 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള പ്രീമിയര്‍ ലീഗ് കിരീടനേട്ടവും ചാമ്പ്യൻസ് ലീഗ് ഫൈനല്‍ പ്രവേശനവും ആഴ്‌സണലിന് നല്‍കിയുട്ടള്ള സൈക്കോളജിക്കല്‍ ആഡ്വാന്റേജ് ചെറുതല്ല.

സിറ്റിക്കെത്തിരെ അത് പ്രകടവുമായിരുന്നു. വെല്‍ ഓ‍ര്‍ഗനൈസ്‌ഡായും റോള്‍ ക്ലാരിറ്റിയോടെയുമായിരുന്നു ആഴ്‌സണല്‍ താരങ്ങള്‍ പന്തുതട്ടിയത്. കേവലം 48 മിനുറ്റില്‍ സിറ്റിയെ കീഴടക്കിയ ശേഷം ആര്‍ട്ടേറ്റ നടത്തിയ സബ്‌സ്റ്റിറ്റ്യൂഷൻസ് അവരുടെ ബെഞ്ച് സ്ട്രെങ്ത് എത്രത്തോളമാണെന്നത് തെളിയിച്ചു, ഒരു തരത്തില്‍ മറ്റ് പ്രീമിയര്‍ ലീഗ് ടീമുകള്‍ക്ക് അത് ഒരു മുന്നറിയിപ്പുകൂടിയായിരുന്നു. ബെഞ്ചില്‍ നിന്ന് വന്നവര്‍ ബുക്കായൊ സാക്ക, ഡെക്ലാൻ റൈസ്, മാ‍ര്‍ട്ടിൻ സുബിെൻഡ്, പിയേറൊ ഹിൻകാപ്പി, വിക്ടര്‍ യോക്കരേഷ്, എസെ എന്നിവരായിരുന്നു. അവശേഷിച്ചവര്‍ മിക്കല്‍ മെറീന, മാക്സ് ഡൊവ്മാൻ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഗബ്രിയേല്‍ ജീസൂസ്. സ്കെയറി ലിസ്റ്റ്.

മറ്റൊരുവശം പരിശോധിച്ചാല്‍ ആഴ്സണലിന്റെ വൈരികളായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ലിവര്‍പൂര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളെല്ലാം ഒരു ട്രാൻസിഷൻ ഫേസിലൂടെയാണ് കടന്നുപോകുന്നത്. ലിവര്‍പൂളും സിറ്റിയും ചെല്‍സിയും പുതിയ മാനേജര്‍മാര്‍ക്ക് കീഴില്‍, മൈക്കല്‍ കാരിക്കിനൊപ്പം ഒരു ഫുള്‍ സീസണിന് ഒരുങ്ങുകയാണ് യുണൈറ്റഡ്. ആരെയും എഴുതിത്തള്ളാൻ കഴിയില്ല. മറുപുറത്ത് ഏഴ് വര്‍ഷത്തോളമായിരിക്കുന്നു ആര്‍ട്ടേറ്റ ആഴ്സണലിന്റെ മാനേജറായി ചുമതലയേറ്റിട്ട്. കോര്‍ താരങ്ങള്‍ക്ക് മാറ്റമില്ല, സ്ട്രക്ചറിനോ തന്ത്രങ്ങള്‍ക്കൊ വലിയ വ്യത്യാസങ്ങളില്ല, ദാറ്റ് മീൻസ് ആര്‍ട്ടേറ്റയ്ക്ക് കീഴില്‍ ആഴ്സണലിന് മറ്റ് ടീമുകളെ അപേക്ഷിച്ച് കൂടുതല്‍ സ്റ്റബിലിറ്റിയുണ്ടാകും.

ഈ സ്റ്റേബിളായുള്ള ലൈനപ്പിലേക്കാണ് ബ്രൂറോ ഗിമറായിഷിന്റെ വരവ്. ആഴ്സണലിന്റെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡ് നിലവിലെയാണെന്നാണ് ആര്‍ട്ടേറ്റയുടെ അവകാശവാദം. ഗിമറായിഷിന്റെ വരവ് കൂടുതല്‍ ബാലൻസ് നല്‍കിയിട്ടുണ്ടവര്‍ക്ക്. മത്സരം നിയന്ത്രിക്കാനും പൊസഷൻ പ്രോഗ്രസ് ചെയ്യാനും അഗ്രസീവ് പ്രെസിങ്ങിനും ഏറ്റവും ഉചിതമായ താരങ്ങളിലൊരാളാണ് ഗിമിറായിഷ്. ഇത് ഡെക്ലാൻ റൈസിന് കൂടുതല്‍ സ്വതന്ത്ര്യവും നല്‍കുന്ന ഘടകമാകുന്നു. മധ്യനിരമാത്രം പോര, ആഴ്സണലിന് സ്കോര്‍ ചെയ്യാനാകുമോയെന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്.

അതിന് ഉത്തരമായിരുന്നു കമ്മ്യൂണിറ്റി ഷീല്‍ഡ്. രണ്ട് ഗോളുകള്‍ നേടിയ ശേഷവും പ്രതിരോധത്തിലേക്ക് മാത്രം ഊന്നാതെ ലീഡ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു, പ്രത്യേകിച്ചും വിങ്ങുകളിലൂടെ. സെറ്റ് പീസിലൂടെയല്ല സിറ്റിക്കെതിരായ ഗോളുകള്‍ വന്നതെന്നും ചേര്‍ത്തുപറയേണ്ടതുണ്ട്. ആര്‍ട്ടേറ്റ തന്റെ തന്ത്രങ്ങള്‍ അപ്ഗ്രേഡ് ചെയ്തുവെന്ന് വേണം കരുതാൻ. എന്നിരുന്നാലും ആര്‍ട്ടേറ്റ കൂടുതല്‍ പ്രെഡിക്റ്റബിള്‍ ആകുന്നുവെന്നും നിരീക്ഷണങ്ങളുണ്ട്.

ആഴ്സണലിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ സീസണ്‍ കൂടിയാണിത്. പ്രീമിയര്‍ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ്. സ്ക്വാഡ് ഡെപ്ത് പരീക്ഷിക്കപ്പെടും, അത് എങ്ങനെ ആര്‍ട്ടേറ്റ ഉപയോഗപ്പെടുത്തുമെന്നത് നിര്‍ണായകവുമാകും. സുപ്രധാന താരങ്ങളുടെ ഇഞ്ചുറി മാനേജ്മെന്റും. പ്രത്യേകിച്ചും ബുക്കായോ സാക്ക, റൈസ്, ഒഡെഗാര്‍ഡ്, ബ്രൂണോ, സാലിബ എന്നിവര്‍. ലീഗില്‍ അനാവശ്യമായുള്ള സമനിലകള്‍ വഴങ്ങാതിരിക്കുക എന്നതും ടൈറ്റില്‍ ഡിഫൻസില്‍ ക്രൂഷ്യലായിരിക്കും.