
മുംബൈ: ഐപിഎല്ലിൽ വമ്പൻതാരങ്ങളെ കൈവിട്ട് ടീമുകൾ. ഇന്നലെയായിരുന്നു ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ബിസിസിഐയ്ക്ക് നൽകാനുള്ള അവസാന ദിവസം. മിനി താരലേലം ഡിസംബർ പതിനാറിന് അബുദാബിയിൽ നടക്കും. ഓരോ ടീമുകളും ഒഴിവാക്കിയതും നിലനിർത്തിയതുമായ പ്രധാന താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
പത്ത് താരങ്ങളെ ഒഴിവാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, എന്നിവരെ നിലനിർത്തി. 11 വർഷമായി ടീമിനൊപ്പമുള്ള ആന്ദ്രേ റസൽ, കഴിഞ്ഞ താരലേലത്തിൽ 23 കോടി 75 ലക്ഷത്തിന് സ്വന്തമാക്കിയ വെങ്കടേഷ് അയ്യർ, ആൻറിച് നോർകിയ, ക്വിന്‍റൺ ഡികോക്ക്, സ്പെൻസർ ജോൺസൺ, റഹ്മാനുള്ള ഗുർബാസ്, മോയിൻ അലി, തുടങ്ങിയവരെ കൊൽക്കത്ത ഒഴിവാക്കി. 64കോടി 30 ലക്ഷം രൂപ ബാക്കിയുള്ള നൈറ്റ് റൈഡേഴ്സിന് ലേലത്തിൽ ആറ് വിദേശ താരങ്ങൾ ഉൾപ്പടെ 13 താരങ്ങളെ സ്വന്തമാക്കാം.
മലയാളിതാരം സഞ്ജു സാംസണെ പ്ലെയർ ട്രേഡിലൂടെ സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് പകുതിയോളം താരങ്ങളെ കൈവിട്ടു. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറണേയും നൽകിയ ചെന്നൈ 13 കോടി രൂപ വിലയുള്ള ശ്രീലങ്കർ പേസർ മതീഷ പതിരാനയെയും ഒഴിവാക്കി. ഡെവോൺ കോൺവേ, രച്ചിൻ രവീന്ദ്ര, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, വിജയ് ശങ്കർ, കമലേഷ് നാഗർകോട്ടി തുടങ്ങിയവരെയും ചെന്നൈ ഒഴിവാക്കി. ക്യാപ്റ്റൻ റുതുരാജ് ഗെഗ്ക്‌വാദ്, എം എസ് ധോണി തുടങ്ങിയവർ തുടരും. ലേലത്തിൽ ബാക്കിയുള്ളത് 43കോടി 40 ലക്ഷം രൂപ. ലേലത്തിൽ നാല് വിദേശികൾ ഉൾപ്പടെ ഒൻപത് താരങ്ങളെ സ്വന്തമാക്കാം.
ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയം ലിവിംഗ്സ്റ്റനാണ് നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരു ഒഴിവാക്കിയ പ്രധാന താരം. ടീം സീഫെർട്ട്, ലുംഗി എൻഗിഡി, മായങ്ക് അഗർവാൾ തുടങ്ങിയവരേയും ആര്‍സിബി ഒഴിവാക്കി. വിരാട് കോലി, ക്യാപ്റ്റൻ രജത് പാട്ടിദാർ, ദേവ്ദത്ത് പടിക്കൽ, ഫിൽ സാൾട്ട്, ജിതേഷ് ശർമ്മ, ക്രുനാൽ പാണ്ഡ്യ, ടിം ഡേവിഡ്, ജോഷ് ഹെയ്സൽവുഡ്, ഭുവനേശ്വർ കുമാർ തുടങ്ങിയവർ ആര്‍സിബിയിൽ തുടരും. താരലേലത്തിൽ ബാക്കിയുളളത് 16കോടി40 ലക്ഷം രൂപ. രണ്ട് വിദേശതാരങ്ങൾ ഉൾപ്പടെ എട്ടുപേരെ ലേലത്തിൽ സ്വന്തമാക്കാം.
സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറെ ലക്നൗ സൂപ്പർ ജയന്‍റ്സിന് നൽകിയ മുംബൈ ഇന്ത്യൻസ്, മലയാളി സ്പിന്നർ വിഘേനേഷ് പുത്തൂരിനെ ഒഴിവാക്കി. റീസ് ടോപ്ലേ, കരൺ ശർമ, മുജീബുർ റഹ്മാൻ, ബെവൺ ജേക്കബ്സ് എന്നിവരേയും മുംബൈ കൈവിട്ടു. ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, മിച്ചൽ സാന്‍റ്നർ, ട്രെന്‍റ് ബോൾട്ട്, ദീപക് ചാഹർ, തിലക് വർമ്മ തുടങ്ങിയവർ മുംബൈയിൽ തുടരും. ഷെറഫൈൻ റുഥർഫോർഡ്, മായങ്ക് മാർക്കണ്ഡേ, ഷാർദുൽ താക്കൂർ എന്നിവരെ ട്രേഡിലൂടെ സ്വന്തമാക്കി. ലേലത്തിൽ ബാക്കിയുള്ളത് 2കോടി75 ലക്ഷം രൂപമാത്രം. ഒരു വിദേശ താരം ഉൾപ്പടെ അഞ്ചുപേരെ സ്വന്തമാക്കാം.
ക്യാപ്റ്റൻ സഞ്ജു സാംസണേയും നിതീഷ് റാണയേയും ട്രേഡ് ചെയ്ത രാജസ്ഥാൻ റോയൽസ് രവീന്ദ്ര ജഡേജയെയും സാം കറണേയും ടീമിലെത്തിച്ചു. വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെ ഒഴിവാക്കി. സന്ദീപ് ശർമ, വൈഭവ് സൂര്യവംശി, ഷിമ്രോൺ ഹെറ്റ്മെയർ, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, ജോഫ്ര ആർച്ചർ എന്നിവരെ രാജസ്ഥാൻ നിലനിർത്തി. ലേലത്തിൽ ബാക്കിയുള്ളത് 16കോടി 5 ലക്ഷം രൂപ. ഒരു വിദേശതാരത്തെ ഉൾപ്പടെ ഒൻപതുപേരെ ടീമിലെത്തിക്കാം.
ഷാർദുൽ താക്കൂറിനെ മുംബൈ ഇന്ത്യൻസിന് നൽകിയ ലക്നൗ സൂപ്പർ ജയന്‍റ്സ്, ഡേവിഡ് മില്ലർ, രവി ബിഷ്ണോയ്, ആകാശ്ദീപ്, ഷമാർ ജോസഫ്, ആര്യൻ ജുയാൽ എന്നീ താരങ്ങളെ ഒഴിവാക്കി. ആയുഷ് ബദോണി, അബ്ദുൽ സമദ്, എയ്ഡൻ മാർക്രം, ക്യാപ്റ്റൻ റിഷഭ് പന്ത്, നിക്കോളാസ് പുരാൻ, മിച്ചൽ മാർഷ്, മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ തുടങ്ങിയവർ ടീമിൽ തുടരും. മുഹമ്മദ് ഷമിയെ സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്നും അർജുൻ ടെൻഡുൽക്കറെ മുംബൈ ഇന്ത്യൻസിൽ നിന്നും ട്രേഡിലുടെ സ്വന്തമാക്കി. ലേലത്തിൽ ലക്നൗവിന് 22 കോടി 95 ലക്ഷം രൂപയാണ് ബാക്കിയുളളത്. നാല് വിദേശ താരങ്ങൾ ഉൾപ്പടെ ആറ് താരങ്ങളെ ലേലത്തിൽ സ്വന്തമാക്കാം.
ഫാഫ് ഡുപ്ലെസി, ജേക് ഫ്രേസർ മക്ഗുർക്,മോഹിത് ശർമ എന്നിവരാണ് ഡൽഹി ഒഴിവാക്കിയ പ്രമുഖർ. നിതീഷ് റാണയെ പ്ലെയർ ട്രേഡിലൂടെ രാജസ്ഥാനിൽനിന്ന് സ്വന്തമാക്കി. ക്യാപ്റ്റൻ അക്സർ പട്ടേൽ, ടി നടരാജൻ, കെ എൽ രാഹുൽ, കരുൺ നായർ, കുൽദീപ് യാദവ്, മിച്ചൽ സ്റ്റാർക്ക്, സമീർ റിസ്‍വി, തുടങ്ങിയവരെ നിലനിർത്തി. താരലേലലത്തിൽ 21കോടി 80 ലക്ഷം രൂപയാണ് ഡൽഹിക്ക് ബാക്കിയുളളത്. അഞ്ച് വിദേശ താരങ്ങൾ ഉൾപ്പടെ എട്ട് താരങ്ങളെ ലേലത്തിൽ ഡൽഹിക്ക് സ്വന്തമാക്കാം.
ഗ്ലെൻ മാക്സ്‍വെൽ, ജോഷ് ഇംഗ്ലിസ്, കെയ്ൽ ജെയ്മിസൺ എന്നിവരാണ് പഞ്ചാബ് കിംഗ്സ് ഒഴിവാക്കിയ പ്രമുഖർ. ക്യാപ്റ്റൻ ശ്രേയസ് അയ്യർ,പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, യുസ്‍വേന്ദ്ര ചഹൽ, അർഷ്ദീപ് സിംഗ്, മലയാളിതാരം വിഷ്ണു വിനോദ്, ലോക്കി ഫെർഗ്യൂസൺ, ശശാങ്ക് സിംഗ് തുടങ്ങിയവർ പഞ്ചാബിൽ തുടരും. 11കോടി 50 ലക്ഷം രൂപയാണ് ബാക്കിയുള്ളത്. രണ്ട് വിദേശ താരങ്ങൾ ഉൾപ്പടെ നാലുപേരെ ലേലത്തിൽ വിളിക്കാം.
മഹിപാൽ ലോംറോർ, ദസുൻ ഷനക, ജെറാർഡ് കോയെറ്റ്സീ എന്നിവരെയാണ് ഗുജറാത്ത് ടൈറ്റൻസ് ഒഴിവാക്കിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ലർ, വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, ഷാറൂഖ് ഖാൻ, രാഹുൽ തെവാത്തിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇശാന്ത് ശർമ്മ, റഷീദ് ഖാൻ, സായ് കിഷോർ തുടങ്ങിയവർ ഗുജറാത്തിനൊപ്പം തുടരും. ലേലത്തിൽ ബാക്കിയുള്ളത് 12കോടി 90 ലക്ഷം രൂപ. നാല് വിദേശ താരങ്ങൾ ഉൾപ്പടെ അഞ്ചുപേരെ സ്വന്തമാക്കാം.
മുഹമ്മദ് ഷമിയെ ലക്നൗവിന് നൽകിയ സൺറൈസേഴ്സ് ഹൈദരാബാദ്, ആദം സാംപ, രാഹുൽ ചാഹർ, വിയാൻ മുൾഡർ, അഭിനവ് മനോഹർ, മലയാളിതാരം സച്ചിൻ ബേബി, സിമ്രാൻജീത് സിംഗ്, അഥർവ ടൈഡേ എന്നിവരെ ഒഴിവാക്കി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്ഘട്ട് തുടങ്ങിയവർ സൺറൈസേഴ്സിൽ തുടരും. ബാക്കിയുള്ള തുക 25 കോടി 50 ലക്ഷം രൂപ. രണ്ട് വിദേശതാരങ്ങൾ ഉൾപ്പടെ പത്തു പേരെ ലേലത്തിൽ സ്വന്തമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക