
ടെമ്പ ബാവുമയോട് ജസ്പ്രിത് ബുമ്ര ക്ഷമ ചോദിക്കണം, ഇങ്ങനെ പറഞ്ഞല്ലാതെ ഇത് തുടങ്ങാനാകില്ല. ബുമ്ര മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമും. വിവേചനങ്ങളോടുള്ള അസാധാരണ ചെറുത്തുനില്‍പ്പുകള്‍ മൈതാനങ്ങളില്‍ സംഭവിക്കുന്ന കാലമാണ്, അവിടെ മാപ്പുകൊണ്ട് മായിക്കാൻ കഴിയാത്തൊരു നിമിഷം സൃഷ്ടിച്ചിരിക്കുന്നു ബുമ്രയും കൂട്ടാളികളും.
ഇന്ത്യ-ദക്ഷിണാഫ്രിക്കൻ ഒന്നാം ടെസ്റ്റിന്റെ 13-ാം ഓവറിലെ ആറാം പന്ത്. മണിക്കൂറില്‍ 141 കിലോ മീറ്റർ വേഗതയിലെത്തിയ ബുമ്രയുടെ പന്ത് ബാവുമയുടെ ബാക്ക് തയ്യിലാണ് ഇടിക്കുന്നത്. ഉടൻ തന്നെ ബുമ്ര എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ഉയർത്തി. എന്നാല്‍, അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. പിന്നാലെ, ബുമ്രയും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തും തമ്മിലുള്ള സംഭാഷണം ഇങ്ങനെയായിരുന്നു.
റിഷഭ് പന്ത് പറയുന്നു, ഹൈറ്റ് ഹെ, ഊപ്പർ ലഗാ ഹെ. ഹൈറ്റുണ്ട്, പന്ത് സ്റ്റമ്പില്‍ കൊള്ളാനുള്ള സാധ്യതയില്ലെന്ന്. ഇതിനുള്ള ബുമ്രയുടെ മറുപടി ബോന ഹെ യെ എന്നായിരുന്നു. ഹിന്ദിയില്‍ ബോന എന്ന വാക്ക് ഉയരം കുറവുള്ളവരെക്കുറിച്ച് പറയുന്ന വാക്കാണ്, കുള്ളൻ എന്ന് അര്‍ത്ഥം, കുള്ളനല്ലെ എന്നായിരുന്നു ബുമ്രയുടെ പ്രതികരണം. ഈ വാക്ക് രണ്ട് തവണ വീണ്ടും ആവർത്തിച്ചു ബുമ്രയും പന്തും. അത് കേട്ട് രവീന്ദ്ര ജഡേജ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഒടുവില്‍ റിവ്യു എടുക്കാതെ ഇന്ത്യൻ താരങ്ങള്‍ പിരിയുകയായിരുന്നു. ഇതെല്ലാം കണ്ടും കേട്ടും ബാവുമ തൊട്ട് പിന്നിലുണ്ടായിരുന്നു.
ഇതൊരു സാധാരണ നിമിഷം പോലെയായിരുന്നു കളത്തില്‍ കടന്നുപോയത്. ആരുമത് തിരുത്താനോ അതില്‍ ഖേദം പ്രകടിപ്പിക്കാനൊ ഈ നിമിഷം വരെ തയാറായതുമില്ല. പക്ഷേ, ഇതങ്ങനെ കടന്നുപോകേണ്ട ഒരു നിമിഷമല്ലായെന്ന് ഓർമിപ്പിക്കുകയാണ്. മറ്റൊരാളുടെ നിറത്തേയും ഉയരത്തേയും ശരീരത്തേയും അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശങ്ങള്‍ കൂളാണ് എന്ന് നിങ്ങള്‍ ധരിക്കുന്നുണ്ടെങ്കില്‍, അത് കേട്ട് ചിരിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ തിരുത്തപ്പെടേണ്ട സമയം ഒരുപാട് താണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ മനുഷ്യത്വത്തിനും കാലത്തിനും ഒപ്പമല്ല നിങ്ങളുടെ യാത്ര എന്ന് പറയേണ്ടി വരും.
ദക്ഷിണാഫ്രിക്കയെ ടെസ്റ്റ് ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ച് താൻ താണ്ടിയ കനല്‍വഴികളൊന്നും വെറുതയല്ലെന്ന് ബാവുമ ലോകത്തോട് വിളിച്ചു പറഞ്ഞിട്ട് മാസങ്ങള്‍ മാത്രമാണ് പിന്നിടുന്നത്. അയാളെ പരിഹസിച്ച നാവുകള്‍ക്ക് മുന്നില്‍ ടെസ്റ്റ് മേസ് ഉയർത്തി ആരേക്കാളും ഉയരത്തില്‍ ബാവുമ ക്രിക്കറ്റിന്റെ വിശുദ്ധഭൂമിയില്‍ അന്ന് നിലകൊണ്ടു. പക്ഷേ, അങ്ങനെയൊന്നും തിരുത്തപ്പെടുന്ന ലോകമല്ല തനിക്ക് ചുറ്റുമുള്ളതെന്ന് ബുമ്രയുടെ നാവ് തെളിയിക്കുകയാണ്. നാക്കുപിഴയെന്നോ, അര്‍ത്ഥത്തെ അങ്ങനെ വ്യാഖ്യാനീക്കേണ്ടതില്ലെന്നോയുള്ള ന്യായീകരണങ്ങള്‍ക്ക് ഇവിടെ ആയുസുണ്ടാകില്ല.
ബാവുമയെ നോക്കു, ക്രിക്കറ്റില്‍ ഇന്നോളമുള്ള യാത്രയില്‍ അയാള്‍ക്ക് എപ്പോഴാണ് നീതി ലഭിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബ്ലാക്ക് ആഫ്രിക്കൻ ക്യാപ്റ്റൻ. നായകസ്ഥാനം ഏറ്റെടുത്ത നാള്‍ മുതല്‍ ബവുമയെ തേടിയെത്തിയത് അയാളുടെ നായകമികവിനെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നില്ല. അയാളെന്ന ക്രിക്കറ്ററുടെ മൂല്യമായിരുന്നില്ല.
മറിച്ച് വർണവെറിയുടെ നാവുകളായിരുന്നു, അധിക്ഷേപ നോട്ടങ്ങളുടെ കണ്ണുകളായിരുന്നു. വിവേചനത്തിന്റെ കൈകളായിരുന്നു. ഉയരത്തിന്റെ, നിറത്തിന്റെ, ശരീരാവയവങ്ങളുടെ പേരില്‍ നിരന്തരം ബവുമ ക്രൂശിക്കപ്പെട്ടു. താൻ നായകനായ ടീമില്‍ നിന്ന് പോലും അത് ബവുമയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട് എന്ന് പറയുമ്പോള്‍ അയാള്‍ എത്രത്തോളം ഒറ്റപ്പെട്ടിട്ടുണ്ടാകണം.
സംവരണം കൊണ്ട് മാത്രം ടീമില്‍ നിലനില്‍ക്കുന്നുവെന്ന പറച്ചില്‍ കരിയറില്‍ ഉടനീളം ബവുമ കേട്ടിട്ടുണ്ടാകണം. ഒരിക്കല്‍ അത് തുറന്ന് പറയാനും ബവുമ മടിച്ചില്ല. നിങ്ങള്‍ റണ്‍സ് നേടിയില്ലെങ്കില്‍, വിക്കറ്റെടുത്തില്ലെങ്കില്‍ നിങ്ങളുടെ നിറം ചര്‍ച്ചയാകും, സംവരണതാരമെന്ന് ചാപ്പകുത്തപ്പെടും. ഇത് പറയുമ്പോള്‍ അന്ന് ബവുമയുടെ തൊണ്ട ഇടറിയില്ല, അയാളില്‍ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു അന്ന് കണ്ടത്.
ബുമ്രയുടെ വാക്കുകള്‍ ബാവുമയിലേക്ക് എത്തിയിട്ടുണ്ടോയെന്ന് അറിയില്ല. എത്തിയാലും അയാള്‍ക്കത് വേദനിക്കുമോയെന്നും അറിയില്ല. ഇത്തരം ക്രൂരതമാശകളോട് പോരാടിയാണ് അയാള്‍ ഉന്നതികള്‍ കീഴടക്കിയത്. അയാള്‍ അത് തുടരും. ബുമ്രയെപ്പോലൊരു ഇന്നിന്റെ ഇതിഹാസത്തിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയും ഉത്തരവാദിത്വവും ഉള്ളകാലമാണ്, എന്ത് മാതൃക സൃഷ്ടിക്കാനാണ് ഒരുങ്ങുനതെന്നാണ് ചോദ്യം. ഇതിഹാസമാണെങ്കിലും അല്ലെങ്കിലും ഏത് വ്യക്തിയുമാകട്ടെ, അധിക്ഷേപകങ്ങളോട് സമപ്പെടാൻ ഒരുക്കമല്ല. ബാവുമയ്ക്കൊപ്പം, ബാവുമയ്ക്കൊപ്പം മാത്രം.