
ശ്രീശാന്തിന്റെ മേല്‍വിലാസത്തില്‍ രാജസ്ഥാൻ റോയല്‍സിന്റെ ട്രയല്‍സിലേക്ക് 17 വയസുമാത്രമുള്ള ഒരു പയ്യനെത്തി. ട്രയല്‍സില്‍ രണ്ട് ദിവസം മികവ് കാട്ടി. അവനോട് രാഹുല്‍ ദ്രാവിഡ് ചോദിക്കുകയാണ്, നിനക്ക് രാജസ്ഥാൻ റോയല്‍സിനൊപ്പം കളിക്കാൻ താല്‍പ്പര്യമുണ്ടോയെന്ന്. ദാറ്റ് വാസ് ദ മൊമന്റ്. ദ ബിഗിനിങ്.
12 വർഷത്തിനിപ്പുറം, അന്നത്തെ അതേ പയ്യന്റെ മുഖം പങ്കുവെച്ചുകൊണ്ടൊരു കുറിപ്പ്. ചുരുങ്ങിയ കാലത്തേക്കാണ് നമ്മള്‍ ഇവിടെ എത്തിയിരിക്കുന്നത്. ഈ ഫ്രാഞ്ചൈസിക്കായി ഞാൻ സർവതും നല്‍കി. ക്രിക്കറ്റ് ആസ്വദിച്ചു, എല്ലാവരേയും കുടുംബാംഗങ്ങളെ പോലെ കണ്ടു, ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന ബന്ധങ്ങള്‍ ഉണ്ടായി, സമയമായിരിക്കുന്നു, ഞാൻ മുന്നോട്ട് നീങ്ങുകയാണ്...
ട്രയല്‍സിനായി മൈതാനത്തേക്ക് ചുവടുവെച്ചതു മുതല്‍ ഈ വരികള്‍ അവസാനിക്കുന്നതിനിടയിലെ കാലമായിരുന്നു സഞ്ജു സാംസണ്‍ എന്ന ക്രിക്കറ്ററെ, ബാറ്ററെ, താരത്തെ ഡിഫൈൻ ചെയ്തത്.
പ്രൈം ഡെയില്‍ സ്റ്റെയിന്റെ 146 കിലോ മീറ്റർ വേഗതയില്‍ ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്ത് ലോങ് ഓണിന് മുകളിലൂടെ മൂളിപ്പറന്ന നിമിഷം. ഓസീസ് ഇതിഹാസം ഷെയ്ൻ വാട്ട്സണ്‍ സാക്ഷി. കമന്ററി ബോക്സില്‍ നിന്ന് രമീസ് രാജയുടെ ശബ്ദമുയര്‍ന്നു, വാട്ട് എ ഷോട്ട്, ഹി ഡിഡ് ഇറ്റ് സോ എഫർട്ട്ലെസ്‌ലി, വാട്ട് എ ടാലന്റ് സാംസണ്‍ ഈസ്. അതുതന്നെയായിരുന്നു സഞ്ജുവിന് 19 വയസ് മാത്രമുള്ളപ്പോള്‍പ്പോലും കൈവിടാൻ രാജസ്ഥാൻ തയാറാകാത്തതിന്റെ കാരണവും. രമീസ് രാജയുടെ വാക്കുകള്‍ ഇന്നും അര്‍ത്ഥവത്താണ്, അത് ബാറ്ററായി മാത്രമല്ല, നായകൻ എന്ന നിലയില്‍ക്കൂടിയാണ്.
രാജസ്ഥാൻ റോയല്‍സിനൊപ്പം 11 സീസണുകള്‍. 4027 റണ്‍സ്. രണ്ട് സെഞ്ച്വറിയും 23 അര്‍ദ്ധ ശതകങ്ങളും. 192 സിക്സറുകള്‍ 144 ഇന്നിങ്സുകളില്‍ നിന്ന് പലമൈതാനങ്ങളില്‍ പല ഗ്യാലറികളില്‍ പല ദൂരത്തില്‍ നിക്ഷേപിക്കപ്പെട്ടു. ടീമിനെ നയിച്ചത് 2021 മുതല്‍. 2022ല്‍ ഫൈനലിലെത്തിച്ചു. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ കിരീടം നേടിയതിന് ശേഷം രാജസ്ഥാൻ റോയല്‍സിനെ ആദ്യമായി ഫൈനലിലെത്തിക്കാൻ സഞ്ജു മുന്നില്‍ നിന്ന് നയിക്കേണ്ടി വന്നു. വലിയ സ്റ്റാർഡമുള്ളൊരു സംഘവുമായായിരുന്നില്ല സഞ്ജിന്റെ നായകവേഷം. യുവതാരങ്ങളാല്‍ സമ്പന്നമായ നിരയുമായായിരുന്നു കുതിപ്പ്.
ഇതിന് പിന്നില്‍ സഞ്ജു സൃഷ്ടിച്ച ഒരു ശൈലികൂടിയായിരുന്നു. ഫിയര്‍ലസ് ക്രിക്കറ്റ്. താരങ്ങള്‍ക്ക് ഡിസിഷൻ മേക്കിങ്ങിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള പിന്തുണ. യശസ്വി ജയ്സ്വാള്‍, റിയാൻ പരാഗ്, ദ്രുവ് ജൂറല്‍ തുടങ്ങിയെത്രയെത്ര താരങ്ങളാണ് രാജസ്ഥാനിലൂടെ ഉയര്‍ന്ന് വന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വൈഭവ് സൂര്യവംശിയും. 14 വയസ് മാത്രമുള്ള കുട്ടിക്കായി സമയമിനിയും ബാക്കിയുണ്ടായിരുന്നു. ഒന്നോ രണ്ടോ അവസരങ്ങള്‍ക്ക് ശേഷം മാറ്റി നിര്‍ത്താമായിരുന്നു. പക്ഷേ, വൈഭവിനായി സ്വന്തം ഓപ്പണിങ് സ്ഥാനം പോലും വിട്ടുനല്‍കാൻ തയാറായി സഞ്ജു. എത്രതാരങ്ങള്‍ക്ക് കഴിയുമെന്നത് ചോദ്യമാണ്.
രാജസ്ഥാന്റെ റെക്കോർഡ് പുസ്തകങ്ങള്‍ നിരത്തിക്കോളു. എല്ലാ പട്ടികയിലും സഞ്ജുവിന്റെ പേരായിരിക്കും ആദ്യം. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍, റണ്‍സ്, അർദ്ധ സെഞ്ച്വറികള്‍, സീസണുകള്‍, കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റൻ, എറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിക്കൊടുത്ത നായകൻ, കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുകള്‍, ഡിസ്മിസലുകള്‍...അങ്ങനെ നീളുന്നു പട്ടിക. കരിനീലയില്‍ നിന്ന് രാജസ്ഥാന്റെ പിങ്കിലേക്കുള്ള യാത്രയില്‍ സഞ്ജുവിന്റെ വിയര്‍പ്പുകൂടി വീണതായിരുന്നുവെന്ന് മൈതാനങ്ങള്‍ പറയും. രാജസ്ഥാന്റെ ഐപിഎല്ലിലെ സ്വീകാര്യതയ്ക്ക് പിന്നിലും സഞ്ജുവെന്ന പേരിന് വലിയ പങ്കുണ്ട്.
മുംബൈയും ചെന്നൈയുമൊക്കെ പലതവണ വലവീശിയപ്പോഴും സഞ്ജു രാജസ്ഥാൻ വിടാൻ സഞ്ജു മടിച്ചു നിന്നു. രാജസ്ഥാനൊപ്പമൊരു കിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു ആ കടുത്ത തീരുമാനങ്ങള്‍പ്പോലുമെടുത്തത്. അത് പൂര്‍ണമാകാതെ പടിയിറങ്ങുമ്പോഴും ഇതിലും അനുയോജ്യമായ മറ്റൊരു സമയമില്ല.
തന്റെ കരിയറിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തിലാണ് സാക്ഷാല്‍ എം എസ് ധോണിയുടെ പിൻഗാമിയാകാൻ സഞ്ജുവിന് കളമൊരുങ്ങുന്നത്. ഇന്ത്യൻ ടീമിലെ പരീക്ഷണവസ്തുമായി, സ്ഥിരതപുലര്‍ത്തിയിട്ടും സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയിട്ടും കൃത്യമായൊരു സ്ഥാനം പോലും നിഷേധിക്കപ്പെടുന്നു. ഇവിടെയാണ് 18 വർഷത്തെ ചരിത്രം പേറുന്ന ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ പേരായി സഞ്ജു മാറുന്നത്. ആ പേരിലേക്കായിരുന്നു കഴിഞ്ഞ നാളുകള്‍ ക്രിക്കറ്റ് ലോകം ചുരുങ്ങിയത്. അയാള്‍ അർഹിക്കുന്നത് ചിലതൊക്കെ തേടിയെത്തുന്നതുപോലെ.
സഞ്ജു വണക്കം പറഞ്ഞുതുടങ്ങുന്നത് ചെന്നൈയുടെ തലമുറമാറ്റത്തിലേക്ക് കൂടിയാണ്. ചെന്നൈയുടെ തലവരമാത്രമായിരിക്കില്ല ഇവിടെ മാറുക, സഞ്ജുവിന്റെ കൂടെയായിരിക്കും.ചേട്ടൻ വന്നല്ലോ, ഇനി കാത്തിരിക്കാം.