
കളിക്കളം അടക്കിവാണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്ലെയിംഗ് കരിയര്‍ അവസാനിപ്പിക്കുന്നതോടെ ഫുട്‌ബോളില്‍ മറ്റൊരു മേഖലയില്‍ വലിയ സാമ്രാജ്യം സൃഷ്ടിക്കും. തന്റെ ആഗോള ഫാന്‍ ബേസ് മോണിറ്റൈസേഷന്‍ ചെയ്യാന്‍ പദ്ധതിയിടുന്ന ക്രിസ്റ്റ്യാനോ കൂടുതല്‍ ക്ലബ്ബുകളില്‍ ഉടമസ്ഥാവകാശം ലക്ഷ്യമിടുന്നു.
ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ തന്റെ സ്‌പോര്‍ട്‌സ് ഹോള്‍ഡിങ് കമ്പനിയായ സിആര്‍7 സ്‌പോര്‍ട്‌സ് ഇന്‍വെസ്‌റ്റ്‌മെന്റ്‌സ് വഴി സ്‌പാനിഷ് ക്ലബ്ബായ യു ഡി അല്‍മേരിയയുടെ 25 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. അവിടെ അവസാനിക്കുന്നില്ല ക്ലബ്ബുകളില്‍ നിക്ഷേപം നടത്താനുള്ള ക്രിസ്റ്റ്യാനോയുടെ താത്‌പര്യം. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിലെ അല്‍ നസര്‍ ക്ലബ്ബിന്റെ ടേക്ക് ഓവര്‍ പ്ലാനുണ്ട് സൂപ്പര്‍താരത്തിന്.
സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തങ്ങളുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് റൊണാള്‍ഡോയുടെ പുതിയ നീക്കം. സൗദി ക്ലബ്ബ് ഇപ്പോള്‍ വലിയ കടക്കെണിയിലാണ്. ക്രിസ്‌റ്റിയാനോ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങളെ വലിയ ശമ്പളം നല്‍കി ഫുട്‌ബോള്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച അല്‍ നസറിന് ഇപ്പോള്‍ 213 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക ബാധ്യതയുണ്ട്. അതിനൊരു പരിഹാരം കണ്ടെത്താന്‍ അല്‍ നസര്‍ ക്ലബ്ബ് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ മുന്‍ അല്‍ നസര്‍ പ്രസിഡന്റ് ഇബ്രാഹിം അല്‍-മുഹൈദിബ്, റെഡ്‌ബേര്‍ഡ് ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകര്‍ക്കൊപ്പം ചേര്‍ന്ന് അല്‍നസറിന്റെ വലിയൊരു ഓഹരി സ്വന്തമാക്കാന്‍ റൊണാള്‍ഡോ ശ്രമിക്കുന്നു. ഗ്ലോബല്‍ ഫാന്‍ എന്‍ഗേജ്‌മെന്റിലൂടെ തന്റെ ഉടമസ്ഥതിയുള്ള ക്ലബ്ബുകളിലൂടെ വലിയൊരു ബിസിനസ് പദ്ധതി തന്നെ ക്രിസ്റ്റ്യാനോയ്‌ക്കുണ്ട്.
ഇന്‍സ്‌റ്റഗ്രാമിലും യുട്യൂബിലുമായി റൊണാള്‍ഡോയ്‌ക്കുള്ള നൂറ്‌കോടിയിലധികം വരുന്ന ഫോളോവേഴ്‌സിനെ അല്‍മേരിയ, അല്‍ നസര്‍ തുടങ്ങിയ ക്ലബ്ബുകളുടെ ഫാന്‍ബേസിലേക്ക് കൊണ്ടുവന്നാല്‍ ആ ബിസിനസ് ക്ലിക്കാകും. ടിക്കറ്റ് വില്‍പന, ജഴ്‌സി വില്‍പന എന്നിവയിലൂടെ ഈ ക്ലബ്ബുകള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനാകും. റൊണാള്‍ഡോയുടെ പേര് മാത്രം മതി സ്‌പോണ്‍സര്‍മാരെയും വന്‍കിട ബ്രാന്‍ഡുകളെയും ക്ലബ്ബിലേക്ക് ആകര്‍ഷി്‌ക്കാന്‍. ഇത് ക്ലബ്ബിന്റെ കോമേഴ്‌സ്യല്‍ റവന്യു കുത്തനെ ഉയര്‍ത്തും.
ക്ലബ്ബ് അക്കാദമികള്‍ വലിയ വരുമാന സ്രോതസാണ്. അക്കാദമികളിലൂടെ യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് മറ്റ് വമ്പന്‍ ക്ലബ്ബുകള്‍ക്ക് പ്ലെയേഴ്‌സ് ട്രാന്‍സ്‌ഫറില്‍ വില്‍ക്കുന്നത് ഫുട്‌ബോളിലെ ഏറ്റവും ലാഭകരമായ ബിസിനസാണ്. ക്രിസ്‌റ്റിയാനോയുടെ സാന്നിധ്യമുള്ള ഫുട്‌ബോള്‍ അക്കാദമികളില്‍ ചേരാന്‍ വലിയ തള്ളിക്കയറ്റമുണ്ടാകും.
ക്ലബ്ബ് ബിസിനസിലെ മറ്റൊരു വരുമാന മാര്‍ഗം സംപ്രേഷണാവകാശമാണ്. മീഡിയ, ടെലിവിഷന്‍ അവകാശങ്ങള്‍ക്കുള്ള തുക ആഗോളതലത്തില്‍ കുതിച്ചുയരുകയാണ്. ഒന്നിലധികം ക്ലബ്ബുകളുടെ ഉടമയാകുന്നതോടെ റൊണാള്‍ഡോക്ക് തന്റെ വരുമാനസ്രോതസുകള്‍ ഭാവിയിലും ശക്തമാക്കാന്‍ കഴിയും. ക്രിസ്‌റ്റിയാനോ മുഴുവന്‍ സമയ ക്ലബ്ബ് ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് ശേഷം സ്‌പാനിഷ് ക്ലബ്ബ് യു ഡി അല്‍മേരിയ നടത്തുന്ന ആദ്യ ട്രാന്‍സ്‌ഫറില്‍ ഫോര്‍വേഡ് പാട്രിക് സോകോ മാഡ്രിഡ് ക്ലബ്ബായ സി ഡി ലെഗാനസിലേക്ക് മാറി.
ഇപ്പോള്‍ ലോണിലാണ് താരത്തെ നല്‍കിയതെങ്കിലും ഈ ട്രാന്‍സ്‌ഫര്‍ സ്ഥിരമാക്കാന്‍ രണ്ട് ക്ലബ്ബുകളും സീസണിനൊടുവില്‍ തീരുമാനിക്കും. അല്‍മേരിയ ക്ലബ്ബിലേക്ക് കൂടുതല്‍ മികച്ച താരങ്ങളെ കൊണ്ടുവരാനും ഒന്നാം ഡിവിഷനിലേക്ക് പ്രമോട്ട് ചെയ്യിക്കാനുമാണ് ക്രിസ്‌റ്റിയാനോ ലക്ഷ്യമിടുന്നത്. ഒമ്പത് വര്‍ഷം താന്‍ കളിച്ച റയല്‍ മാഡ്രിഡിനെയും ബാഴ്‌സലോണയെയും വിറപ്പിക്കാന്‍ പോന്ന ടീമാക്കി അല്‍മേരിയയെ മാറ്റിയെടുക്കുകയാണ് പോര്‍ച്ചുഗല്‍ താരത്തിന്റെ ലക്ഷ്യം.