
ജോഹന്നാസ്‌ബര്‍ഗിലേക്ക് ആ കിരീടം എത്തിക്കാനുള്ള ഉത്തരവാദിത്തം നദീൻ ഡി ക്ലെര്‍ക്കിന്റെ ബാറ്റിലാണ് ഇനി. രണ്ട് ഡോട്ട്ബോളുകളെറിഞ്ഞ് നദീനെ സമ്മര്‍ദക്കയത്തിലേക്ക് എടുത്തെറിയുകയാണ് ദീപ്തി ശര്‍മ, കൂറ്റനടിക്കപ്പുറമൊന്നും ചിന്തിക്കാൻ നദീന് ഇനി അവസരമില്ല.
വര്‍ഷങ്ങള്‍ക്ക് മുൻപ് ഇങ്ങനെയൊരു നിമിഷം നാം കണ്ട് പഴകിയതല്ലെ, ഏകദിന ലോകകപ്പ്, നിര്‍ണായക ഘട്ടം, ബൗളിങ് എൻഡില്‍ ദീപ്തി ശര്‍മ. ഓരോ പന്തെറിയും മുൻപും ആ നിമിഷം ഒരിക്കലെങ്കിലും ദീപ്തി ശര്‍മയുടെ മനസില്‍ മിന്നിമാഞ്ഞിട്ടുണ്ടാകില്ലെ. അത് ഇവിടെ ആവര്‍ത്തിക്കരുതെന്ന് അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ലെ. ആ പന്തില്‍ നിന്ന് തുടങ്ങുമ്പോഴാണ് ദീപ്തിയുടെ ഈ യാത്രയ്ക്ക് പൂര്‍ണത കൈവരിക്കുന്നത്.
2022 ഏകദിന ലോകകപ്പ്. ഇന്ത്യയ്ക്കും സെമി ഫൈനലിനുമിടയില്‍ ഒരു ജയദൂരം. ക്രൈസ്റ്റ് ചര്‍ച്ചില്‍ എതിരാളികള്‍ ഇതേ ദക്ഷിണാഫ്രിക്കയാണ്. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് വിജയത്തിലേക്ക് പ്രോട്ടിയാസിനെത്താൻ ഏഴ് റണ്‍സ് ബാക്കി, ഒരു ഓവറും. ഹര്‍മനെപ്പോലെ അന്ന് മിതാലി രാജും വിശ്വാസമര്‍പ്പിച്ചത് ദീപ്തിയില്‍ തന്നെയായിരുന്നു. മിഗ്നോണ്‍ പ്രീസും ത്രിഷ കെറ്റിയുമാണ് ക്രീസില്‍, ആദ്യ നാല് പന്തുകളില്‍ നാല് സിംഗിളുകള്‍. നിര്‍ണായകമായ അഞ്ചാം പന്താണ്. അതൊരു സ്ലോട്ട് ബോളായിരുന്നു പ്രീസിന്.
എന്നാല്‍, കണക്റ്റ് ചെയ്യുന്നതില്‍ പ്രീസിന് പിഴക്കുകയാണ്, പന്ത് ലോങ് ഓണില്‍ ഹര്‍മന്റെ കൈകളില്‍. സെമിക്ക് തൊട്ടരികില്‍ ഇന്ത്യ. പ്രീസ് മടങ്ങുന്നതിന് മുൻപ് അമ്പയര്‍മാരുടെ ഇടപെടല്‍. ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ നിരാശയുടെ തീരുമാനം. അതൊരു ഫ്രണ്ട് ഫൂട്ട് നോബോളായിരുന്നു, ഇന്ത്യയുടെ പ്രീമിയം ബൗളറായ ദീപ്തിയില്‍ നിന്ന് അവിശ്വസനീയമായ ഒന്ന്. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളും മിതാലിയുടെ യാത്രയും അവിടെ അവസാനിക്കുകയായിരുന്നു.
നദീൻ ദീപ്തിയുടെ മൂന്നാം പന്ത് നേരിടാൻ ഒരുങ്ങുകയാണ്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ലോ ഫുള്‍ ടോസ്. ക്സ്ട്രാ കവറിന് മുകളിലൂടെ ഒരു ഇൻസൈഡ് ഔട്ട് ലോഫ്റ്റഡ് ഷോട്ടിനുള്ള ശ്രമം. പ്രീസിനെപ്പോലെ പന്ത് കണക്റ്റ് ചെയ്യാൻ നദീനാകുന്നില്ല. പന്ത് പരന്നുയര്‍ന്ന് വായുവിലൂടെ നിങ്ങുമ്പോള്‍, ദീപ്തി കണ്ണിമചിമ്മാതെ നോക്കി നിന്നു. എക്സ്ട്ര കവറില്‍ നിന്ന് ഹര്‍മൻ തന്റെ ചുവടുകള്‍ പിന്നോട്ട് വെക്കുകയാണ്, ന്റെ ശരീരത്തെ വലിച്ചുനീട്ടി ഹര്‍മൻ ആ പന്തിനെ കൈകളിലാക്കി...ദീപ്തി ചെമ്മണ്ണിന് മുകളില്‍ നിന്ന് കൈകള്‍ ചുരുട്ടി അലറി, അവര് ആകാശത്തേക്ക് നോക്കി....
ഇന്ത്യൻ വനിത ക്രിക്കറ്റ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, ആസ്വദിക്കാൻ കൊതിച്ച ആ നിമിഷം...സ്മൃതി ദീപ്തിക്കരികിലെത്തി ആശ്ലേഷിച്ചു, ഹര്‍മനും സംഘവും ദീപ്തിക്കരികിലേക്കെത്തി...അവരാ നിമിഷത്തിലേക്ക് ചേരുകയായിരുന്നു...
ഫൈനലില്‍ അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പടെ ലോകകപ്പില്‍ 22 തവണ ബാറ്റര്‍മാരെ കൂടാരം കയറ്റി. ഫൈനലിലെ അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍. 215 റണ്‍സ്. ലോകകപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ ദീപ്തിയോളം തിളക്കം ഹര്‍മന്റെ സംഘത്തിലുള്ളവര്‍ ചുരുക്കം മാത്രമാണ്. ലോകകപ്പിന്റെ താരം.
ടൂര്‍ണമെന്റിലുടനീളം കൂട്ടുകെട്ടുകള്‍ പൊളിക്കാൻ ഹര്‍മൻ നിയോഗിച്ചത് ദീപ്തിയെയായിരുന്നു. ആദ്യം സിനലൊ ജാഫ്തയായിരുന്നു. ഇന്ത്യയില്‍ നിന്ന് കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരുങ്ങിയ ലോറ വോള്‍വാര്‍ട്ട് - അനേരി ഡെര്‍ക്ക്സണ്‍ കൂട്ടുകെട്ട്. ഡെര്‍ക്‌സെ കൈപ്പിടിയിലൊതുക്കാനുള്ള അനായാസ അവസരം ദീപ്തി നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് പരിഹാരം കണ്ടത് ഡെര്‍ക്ക്‌സണിന്റെ ഓഫ് സ്റ്റമ്പിളക്കിയ യോര്‍ക്കറിലൂടെയായിരുന്നു. നിര്‍ണായക നിമിഷത്തില്‍ പൊളിച്ചത് 61 റണ്‍സിന്റെ കൂട്ടുകെട്ട്.
കിരീടം ഇന്ത്യ ഉറപ്പിച്ച നിമിഷം പിറന്നതും ദീപ്തിയുടെ പന്തില്‍ നിന്നായിരുന്നു. സെഞ്ച്വറി നേടി ഗിയര്‍ ഷിഫ്റ്റിനൊരുങ്ങുകയായിരുന്നു ലോറ. സ്റ്റമ്പ് ലൈനിലെത്തിയ ലെങ്ത് ബോള്‍, തന്റെ സ്ലോട്ടില്‍ പന്തില്‍ ലോഫ്റ്റഡ് ഷോട്ട്. പക്ഷേ, ടൈമിങ് പിഴച്ചു. പന്ത് ഉയര്‍ന്ന് പൊങ്ങി ഡീപ് മിഡ് വിക്കറ്റിലേക്ക്. അമൻജോത് കൗര്‍ മുന്നിലേക്ക് ആഞ്ഞു. ഡിവൈ പാട്ടിലിന്റെ ഗ്യാലറികളേയും 140 കോടി ജനങ്ങളുടേയും ഹൃദയമിടിപ്പ് നിലച്ചപോയെന്ന് തോന്നിച്ചതായിരുന്നു ആ നിമിഷം, മൂന്നാം ശ്രമത്തില്‍ അമൻ ക്യാച്ച് പൂര്‍ത്തിയാക്കി. അമനിലേക്ക് ഇന്ത്യൻ ടീം ഒഴുകിയെത്തി. മൊമന്റ് ഓഫ് ദ മാച്ച്.
ട്രിയോണിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി നദീനെ ആ വിക്കറ്റില്‍ ഒറ്റയ്ക്കാക്കിയതും ദീപ്തിയായിരുന്നു. 9.3 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍. ബാറ്റിങ്ങില്‍ ലോറയുടെ ബൗളിങ് സംഘം കൂട്ടുകെട്ടുകള്‍ കൃത്യമായ ഇടവേളകളില്‍ പൊളിച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയപ്പോഴും പതിവ് പോലെ ദീപ്തി ഒരുവശത്ത് നിലകൊണ്ടു. ചെറുകൂട്ടുകെട്ടുകളിലൂടെ ഇന്ത്യൻ സ്കോര്‍ മൂന്നൂറിനടുത്തെത്തിച്ചു. അവസാന പന്തില്‍ റണ്ണൗട്ടാകുമ്പോള്‍ 58 പന്തില്‍ 58 റണ്‍സ്, മൂന്ന് ഫോറും ഒരു സിക്സും.
ഒരു ലോകകപ്പില്‍ 200ലധികം റണ്‍സും 20ലധികം വിക്കറ്റും നേടിയ താരങ്ങളെ എടുത്തു നോക്കിയാല്‍ അവിടെ ദീപ്തിയുടെ പേര് മാത്രമായിരിക്കും നിങ്ങള്‍ കാണുക. അതിപ്പോള്‍ പുരുഷ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയാലും.
ആഗ്രയിലെ ഷാഗഞ്ചില്‍ ഒരു എട്ട് വയസുകാരിയുണ്ടായിരുന്നു, അവള്‍ പന്തെടുത്തപ്പോള്‍ ഉറക്കക്കേട്ട വാചകം ഇത് പുരുഷന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്, ഡോക്ടറോ എഞ്ചിനീറോ ആകാൻ നോക്കൂയെന്നായിരുന്നു. രണ്ട് പതിറ്റാണ്ടിനിപ്പുറം എതിര്‍പ്പുകളേയും വിമര്‍ശനങ്ങളേയും അധിക്ഷേപങ്ങളേയും ലോകത്തേയും ജയിച്ച് ദീപ്തി ഉയര്‍ന്നു നില്‍ക്കുകയാണ്, ആ കൈകളില്‍ ലോക കിരീടവും ഒപ്പം ലോകകപ്പിലെ താരത്തിനുള്ള ട്രോഫിയുമുണ്ട്. മറ്റൊരു യുവരാജ് സിങ്ങല്ല, മറിച്ച് ആദ്യത്തെ ദീപ്തി ശര്‍മ.