ഒരേയൊരു ഷഫാലി വർമ! മെല്‍ബണിലെ കണ്ണീരില്‍ നിന്നൊരു തിരിച്ചുവരവ്, പകരം വെക്കാനില്ല!

Published : Nov 03, 2025, 09:52 PM IST
Shafali Verma

Synopsis

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യയുടെ ഏകദിന പദ്ധതികളില്‍ ഷഫാലി വര്‍മ എന്ന പേരുണ്ടായിരുന്നില്ല. അവസാനം കളിച്ച എട്ട് ഇന്നിങ്സുകളെടുത്താല്‍ വിരലില്‍ എണ്ണാൻ മാത്രമാണ് 20ന് മുകളിലൊരു സ്കോര്‍

Its not whether you get knocked down, its whether you get up!

തലമുറകള്‍ക്ക് ഊർജമേകാൻ കെല്‍പ്പുള്ള ആ അസാധാരണ തിരിച്ചുവരിന്റെ കഥ തുടങ്ങുന്നത് ഒരാഴ്ച മുൻപല്ല. അഞ്ച് വർഷങ്ങളുടെ പഴക്കമുണ്ടതിന്, അങ്ങ് മെല്‍ബണില്‍. 2020 വനിത ട്വന്റി 20 ലോകകപ്പ് ഫൈനല്‍. അന്നവള്‍ക്ക് പ്രായം വെറും 16 വയസാണ്, എതിരാളികള്‍ ഓസ്ട്രേലിയ. ഇന്ത്യയുടെ ബൗളിങ് നിരയെ അലീസ ഹീലി - ബെത്ത് മൂണി ദ്വയം നിഷ്പ്രഭമാക്കുകയാണ്. 185 എന്ന വിജയലക്ഷ്യത്തിലേക്കുള്ള ഹര്‍മന്റെ സംഘത്തിന്റെ യാത്ര മേഗൻ ഷൂട്ടും ജെസ് ജോനാസണും ചേര്‍ന്ന് പൊടുന്നനെ അവസാനിപ്പിച്ചു. 99 റണ്‍സിനാണ് ഓള്‍ ഔട്ടാകുന്നത്.

മൂന്ന് പന്തുകള്‍ മാത്രമായിരുന്നു ക്രീസില്‍ അവളുടെ ആയുസ്. പരാജയം ആ പതിനാറുകാരിയുടെ കണ്ണിര്‍ മെല്‍ബണിന്റെ മൈതാനത്ത് വീഴ്ത്തി. കരഞ്ഞുകലങ്ങി കണ്ണുകളുമായി ഹര്‍ളീൻ ഡിയോളിന്റെ തോളില്‍ ചാഞ്ഞിരിക്കുന്ന ആ മുഖം ഇന്നും ക്രിക്കറ്റ് ലോകത്ത് മായതെ നില്‍ക്കുന്നുണ്ട്. കാവ്യനീതിപൊലൊരു കാഴ്ച മറ്റൊരു ഫൈനലില്‍ നവി മുംബൈയിലെ അര്‍ദ്ധ രാത്രിയിലുണ്ടായി. കണ്ണീരുതുടച്ചു തന്ന ഹര്‍ളീൻ ഡിയോളിനൊപ്പം വനിത ഏകദിന ലോകകപ്പ് കിരീടം കൈകളിലേന്തുന്ന അന്നത്തെ പതിനാറുകാരി.

ആ നിമിഷം അവളുടെ തോളില്‍ മെല്‍ബണിലെ ദുഖഭാരമുണ്ടായിരുന്നില്ല, കണ്ണുകളില്‍ നിരാശ തളം കെട്ടി നിന്നിരുന്നില്ല. മറിച്ച് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതിന്റെ ആത്മവിശ്വാസമായിരുന്നു. മോഹിന്ദര്‍ അമര്‍നാഥ്, ഇര്‍ഫാൻ പത്താൻ, എം എസ് ധോണി, വിരാട് കോഹ്ലി...ഈ പേരുകള്‍ക്കൊപ്പം അവളുടെ പേരും ഇനി എഴുതപ്പെടും, വാഴ്ത്തപ്പെടും. റിഡംഷൻ ഓഫ് ദ ഫിയര്‍ലെസ് ഷഫാലി വര്‍മ.

എന്തൊരു തിരിച്ചുവരവ്

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യയുടെ ഏകദിന പദ്ധതികളില്‍ ഷഫാലി വര്‍മ എന്ന പേരുണ്ടായിരുന്നില്ല. അവസാനം കളിച്ച എട്ട് ഇന്നിങ്സുകളെടുത്താല്‍ വിരലില്‍ എണ്ണാൻ മാത്രമാണ് 20ന് മുകളിലൊരു സ്കോര്‍. ഫ്രീ വിക്കറ്റായി തീര്‍ന്നെന്ന് കരുതിയിടത്ത് കാലം കാത്തുവെച്ചു ഒരു നിയോഗം. പ്രതിക റാവലിന്റെ പരുക്ക് ടീമിലേക്കുള്ള വഴിതുറക്കുകയാണ്, ലോകകപ്പ് ടീമിലേക്ക് ഷഫാലിയെത്തുന്നു. സെമിഫൈനലിലെ വരവ് 10 റണ്‍സിലവസാനിച്ചപ്പോള്‍ ഒരുപാട് പേര്‍ വിധിയെഴുതി. പക്ഷേ, തന്റെ കരിയറിലെ ഏറ്റവും മികച്ച ദിവസം ഒരു ഞായറാഴ്ചയിലേക്ക് മാറ്റിവെക്കുകയാണ്.

നവി മുംബൈയില്‍ ഖാക്കയുടെ ഔട്ട് സ്വിങ്ങറായിരുന്നു ഷഫാലിയെ സ്വീകരിച്ചത്. ക്രീസുവിട്ടിറങ്ങി പോയിന്റിനും കവര്‍ പോയിന്റിനുമിടയിലൂടെ ബൗണ്ടറിനേടി ഗ്യാലറികളെ ഉണര്‍ത്തി ഷഫാലിയുടെ ബാറ്റ്. നാലാം ഓവറിലെ ആദ്യ പന്തില്‍ മനോഹരമായൊരു ഫ്ലിക്ക്. സ്മൃതി മന്ദന ഡി വൈ പാട്ടീലില്‍ താളം കണ്ടെത്താതെ സമ്മര്‍ദത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോള്‍ ഷഫാലി മറുവശത്ത് അഗ്രസീവ് ശൈലി വിടാതെ തുടരുകയായിരുന്നു. മരിസാൻ കാപ്പിനെതിരെ അഞ്ചാം ഓവറില്‍ നേടിയ കവര്‍ ഡ്രൈവും ഫ്ലിക്കും, പ്യൂവര്‍ ക്ലാസ് ആൻഡ് ടൈമിങ്. മലാബയെ ഫൈനലിലേക്ക് സ്വീകരിച്ചതും ബൗണ്ടറിയിലൂടെ.

മൂവ് ചെയ്യുന്ന പന്തുകള്‍ ഷഫാലിയെ പരീക്ഷിക്കാറുണ്ട്, ഫ്രണ്ട് ഫൂട്ടില്‍ മാത്രം കളിക്കാൻ ശ്രമിക്കുന്ന കളിശൈലിയാണ് വലം കൈ ബാറ്ററുടേത്. എന്നാല്‍, ഫൈനലിനിറങ്ങിയ ഷഫാലി തന്റെ ദുര്‍ബലതകളെ മറികടന്നത് നോക്കു. പേസര്‍മാരെ ക്രീസുവിട്ടിറങ്ങി സെറ്റില്‍ ചെയ്യാൻ അനുവദിക്കാതെ നേരിട്ടു. സ്ട്രെയിറ്റ് ബാറ്റിലായിരുന്നു ഇന്നിങ്സുടനീളം. ഒരു എഡ്ജുപോലുമുണ്ടാകാതെയാണ് പ്രോട്ടിയാസ് ബൗളര്‍മാരെ ഷഫാലി നേരിട്ടത്. ബൗണ്ടറികളില്‍ മാത്രം ഊന്നിയുള്ള തന്ത്രം വെടിഞ്ഞ്, സ്മൃതിക്കൊപ്പം സ്ട്രൈക്ക് റൊട്ടേഷനും നടത്തുന്ന പുതിയ വേര്‍ഷൻ.

നദീൻ ഡി ക്ലെര്‍ക്കിന്റെ ബാക്ക് ഓഫ് ദ ലെങ്ത് ബോള്‍ സ്ട്രെയിറ്റ് ബാറ്റില്‍ മിഡ് ഓഫിന് മുകളിലൂടെ ബൗണ്ടറി വരക്കപ്പുറം കോരിയിട്ടു, ഫൈനലിലെ ആദ്യ സിക്സ്. സ്മൃതിക്കൊപ്പം 100 റണ്‍സ് കൂട്ടുകെട്ട്. പതിനെട്ടാം ഓവറിലാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷഫാലി ഏകദിനത്തില്‍ ഒരു അര്‍ദ്ധ സെഞ്ച്വറി നേടുന്നത്, 49 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും. സ്മൃതിയുടെ പുറത്താകലിലും ഷഫാലി സ്കോറിങ്ങിന്റെ വേഗം കുറയ്ക്കാൻ ശ്രമിച്ചില്ല. ട്രിയോണും ലൂസും ഖാക്കയും വീണ്ടുമറിഞ്ഞു ബാറ്റിന്റെ ചൂട്.

ഒടുവില്‍ 28 ഓവറില്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് 13 റണ്‍സകലെ മടങ്ങുമ്പോള്‍ ഷഫാലി തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് പൂര്‍ത്തിയാക്കിയിരുന്നു. 78 പന്തില്‍ 87 റണ്‍സ്. ഏഴ് ഫോറും രണ്ട് സിക്സറുകളും ഇന്നിങ്സില്‍ പിറന്നു. നവി മുംബൈയിലെ ഗ്യാലറികള്‍ ആ മടക്കത്തിന് അര്‍ഹിച്ചതെല്ലാം നല്‍കി.

ഡബിള്‍ റോള്‍

ബാറ്റിലൊതുങ്ങുന്നതായിരുന്നില്ല ഷഫാലിയുടെ ഫൈനല്‍. ലോറ വോള്‍വാര്‍ട്ടും സൂനെ ലൂസും ചേര്‍ന്ന് റണ്‍മലയിലേക്ക് അടുക്കാനൊരുങ്ങുമ്പോഴാണ് ഹര്‍മൻപ്രീത് കൗര്‍ മറ്റൊരു ഉത്തരവാദിത്തം ഷഫാലിയെ ഏല്‍പ്പിക്കുന്നത്. ഷഫാലിയുടെ ദിവസമാണ് ഇന്ന് എന്ന ഒരൊറ്റ തോന്നലായിരുന്നു ഹര്‍മനെ ആ തീരുമാനത്തിലേക്ക് നയിച്ചത്. ഹര്‍മന്റെ തീരുമാനവും കണക്കുകൂട്ടലുകളും തെറ്റിയില്ല. എറിഞ്ഞ രണ്ടാം പന്തില്‍ സൂനെ ഷഫാലിയുടെ കൈകളില്‍ തന്നെ. അവള്‍ ഹര്‍മനരികിലേക്ക് ഓടി, ഗ്യാലറിയില്‍ ആ ആവേശം അലതല്ല.

വൈകാതെ രണ്ടാം പ്രഹരം ഷഫാലി നല്‍കി. ഇത്തവണ വീണത് സാക്ഷാല്‍ മരിസാൻ കാപ്പ്, മിഡില്‍ സ്റ്റമ്പിനെ ലക്ഷ്യമാക്കിയെത്തിയ ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി. വിക്കറ്റില്‍ നിന്ന് ടേണ്‍ ലഭിക്കുകയാണ്. പന്തിനെ പിന്തുടര്‍ന്ന കാപ്പിന് പിഴച്ചു. ബാറ്റിലുരസി റിച്ച ഘോഷിന്റെ കൈകളില്‍ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു. മത്സരത്തിലെ ഏറ്റവും നിര്‍ണായകമായ നിമിഷങ്ങളിലൊന്നായിരുന്നു അത്. കാപ്പും ലോറയും ചേര്‍ന്ന് എത്രയെത്ര സന്ദര്‍ഭങ്ങളില്‍ പ്രോട്ടിയാസിനെ വിജയതീരത്ത് എത്തിച്ചിട്ടുണ്ട്. ഏഴ് ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍.

പകരക്കാരിയായി എത്തി പകരം വെക്കാനില്ലാത്ത ഒരു പ്രകടനം, ഫൈനലിലെ താരം. എല്ലാം എനിക്ക് ദുഷ്കരമായിരുന്നു, പക്ഷേ എന്നിലെനിക്ക് അതിയായ ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്കെല്ലാം നേടാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. ഷഫാലി പറഞ്ഞുവെച്ചു നവി മുംബൈയില്‍ ആ നിയോഗം പൂര്‍ണമാകുകയാണ്. തിരിച്ചുവരവിന്റെ ഐതിഹാസിക കഥകളുടെ അധ്യായങ്ങളില്‍ ഒന്നുകൂടി. എത്ര മനോഹരം.

PREV
Read more Articles on
click me!

Recommended Stories

സെറ്റായി ബെംഗളൂരു, ആശയക്കുഴപ്പത്തില്‍ കൊല്‍ക്കത്ത; സ്ക്വാഡ് ഡെപ്തും പോരായ്മകളും
ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ??