അസാധാരണ ഫോമില്‍ ജൂറല്‍, ആരെ പുറത്തിരുത്തും? ഇന്ത്യക്കൊരു നല്ല 'തലവേദന'

Published : Nov 11, 2025, 01:25 PM IST
Dhruv Jurel

Synopsis

ദ്രുവ് ജൂറലിന്റെ അവസാന അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലില്‍ മൂന്ന് സെഞ്ച്വറിയും നാല് അർദ്ധ ശതകങ്ങളുമുണ്ട്, മറ്റൊരു യുവതാരത്തിനും അവകാശപ്പെടാനില്ലാത്ത പ്രകടനം

റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ദ്രൂവ് ജൂറലിന് എവിടെയാണ് സ്ഥാനം? അയാളെ ഡഗൗട്ടിലിരുത്തുക എന്നത് ഗൗതം ഗംഭീറിനും ശുഭ്മാൻ ഗില്ലിനും അത്ര എളുപ്പമുള്ള ഒന്നല്ല. ഒന്നരവര്‍ഷം മാത്രം താണ്ടിയ അന്താരാഷ്ട്ര കരിയറാണ്, കളിച്ചത് ഏഴ് ടെസ്റ്റുകള്‍ മാത്രം, ലഭിച്ച അവസരങ്ങള്‍ എല്ലാം റിഷഭ് പന്തിന്റെ അഭാവത്തില്‍. എന്നാല്‍, പന്തിന്റെ സാന്നിധ്യത്തിലും അന്തിമ ഇലവനില്‍ നിന്ന് ഒഴിവാക്കാൻ കഴിയാത്തൊരു ടെസ്റ്റ് ബാറ്ററായി ദ്രുവ് ജൂറല്‍ മാറിയിരിക്കുന്നു. ടീം മാനേജ്മെന്റിന്റെ മുന്നിലെ സുഖമുള്ളൊരു ജൂറല്‍ തലവേദന.

ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള അനൗദ്യോഗിക രണ്ടാം ടെസ്റ്റ് മാത്രമെടുക്കാം. ബെംഗളൂരു ആതിഥേയത്വം വഹിച്ച മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു. കെ എല്‍ രാഹുല്‍, ദേവദത്ത് പടിക്കല്‍, റിഷഭ് പന്ത്, സായ് സുദര്‍ശൻ, അഭിമന്യു ഈശ്വരൻ തുടങ്ങിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടുള്ളവ‍ര്‍ അണിനിരന്ന ബാറ്റിങ് നിര. അവിടെ 24 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത ഒരോയൊരു ബാറ്റര്‍ മാത്രമായിരുന്നു. ദ്രുവ് ജൂറല്‍, 132 നോട്ടൗട്ട്.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് നിരയില്‍ പന്ത് തിരിച്ചുവരവ് നടത്തി, ഹര്‍ഷ് ദൂബെയും തിളങ്ങി. അവിടെയും സെഞ്ച്വറിയുമായി പുറത്താകാതെ നിലയുറപ്പിച്ചത് ജൂറല്‍ മാത്രം. രണ്ട് ഇന്നിങ്സിലും പ്രോട്ടീയാസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ജൂറലിന്റെ വിക്കറ്റ് അകന്നുനിന്നു. ജൂറലിന്റെ അവസാന അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ സ്കോറുകള്‍ നോക്കാം. 94, 53, 52, 28, 140, 1, 56, 132, 127. മൂന്ന് സെഞ്ച്വറി, നാല് അര്‍ദ്ധ സെഞ്ച്വറി. സ്ഥിരതയുടെ പീക്ക് എന്നല്ലാതെ മറ്റെന്ത് പറയാൻ.

അവസാനം കളിച്ച ടെസ്റ്റ് മത്സരങ്ങളിലെ സ്കോറുകള്‍. ഇംഗ്ലണ്ടില്‍ ഓവലില്‍ 19, 34 എന്നിങ്ങനെ. വെസ്റ്റ് ഇൻഡീസിനെതിരെ അഹമ്മദാബാദില്‍ 125 റണ്‍സ്. ഡല്‍ഹിയില്‍ ഒന്നാം ഇന്നിങ്സില്‍ 44 റണ്‍സ്, രണ്ടാം ഇന്നിങ്സില്‍ ആറ് നോട്ടൗട്ട്. ഈ കണക്കുകളോട് കണ്ണടയ്ക്കാനാകില്ലെന്നത് തീര്‍ച്ചയാണ്, പക്ഷേ ബാറ്റിങ് നിരയില്‍ ജൂറലിന് എവിടെ ഇടം നല്‍കുമെന്നതാണ് ചോദ്യം. വിൻഡീസിനെതിരായ പരമ്പരയില്‍ പന്തിന്റെ അഭാവത്തില്‍ അഞ്ചാം നമ്പറിലായിരുന്നു ജൂറല്‍ ക്രീസിലെത്തിയത്. പരുക്കിന് ശേഷം മടങ്ങിയെത്തിയ പന്ത് ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികളുമായി തിരിച്ചുവരവിന്റെ സൂചന നല്‍കിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ റിഷഭ് പന്തിനെ മറികടന്ന് അന്തിമ ഇലവനിലേക്ക് ജൂറലിന് എത്താനാകില്ല. ബാറ്റിങ് ലൈനപ്പ് നോക്കിയാല്‍ രാഹുല്‍, ജയ്സ്വാള്‍, സായ്, ഗില്‍, പന്ത്, ജഡേജ എന്നിങ്ങനെയായിരിക്കും. ഇംഗ്ലണ്ട് പര്യടനത്തോടെ ലോവര്‍ ഓര്‍ഡറില്‍ തനിക്ക് പകരം മറ്റൊരാള്‍ ആവശ്യമില്ലെന്ന് തെളിയിക്കാൻ ജഡേജയ്ക്ക് സാധിച്ചു. ഏഴാം നമ്പറിലോ, ആറിലോ ജൂറലിനെ സ്പെഷ്യലിസിറ്റ് ബാറ്ററായി ഇറക്കാനുള്ള സാധ്യതയാണ് ഇനി മുന്നിലുള്ളത്. പൊതുവെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളത്തിലിറക്കുന്ന ശീലം ടീമുകള്‍ക്കില്ല. എന്നാല്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ പന്ത് കീപ്പറായും ജൂറല്‍ ബാറ്ററായുമാണ് കളത്തിലെത്തിയത്.

ഇതാണ് വരുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയില്‍ സംഭവിക്കാൻ പോകുന്നതെങ്കില്‍ ഒരു ഓള്‍റൗണ്ടറെ ബലി കൊടുക്കേണ്ടതായി വരും ഇന്ത്യക്ക്. അത് വാഷിങ്ടണ്‍ സുന്ദറോ നിതീഷ് കുമാര്‍ റെഡ്ഡിയോ ആയേക്കും. ബാറ്റിങ് ഡെപ്തിന്റെ ബാലൻസ് തെറ്റില്ലെങ്കിലും ബൗളിങ് ഡെപ്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരും. ആറാം ബൗളറുടെ അഭാവം ഉണ്ടാകും. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ഇത് കാര്യമായ വെല്ലുവിളി സൃഷ്ടിച്ചേക്കില്ലെങ്കിലും വിദേശപര്യടനങ്ങളില്‍ പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ചും ജസ്പ്രത് ബുമ്രയുടെ ശാരീരിക ക്ഷമത പരിഗണിക്കുമ്പോള്‍.

ഇന്ത്യയിലെ വിക്കറ്റുകളില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാൻ ഇന്ത്യ നിര്‍ബന്ധിതമാകുമ്പോള്‍, ജൂറലിന് സാധ്യത ഒരുങ്ങാനിടയുള്ളത് സായിയുടെ മൂന്നാം നമ്പറിലാണ്. മൂന്നാം നമ്പറിലെ ഭാവി താരമായി മാനേജ്മെന്റ് കണക്കാക്കുന്ന സായ് പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു അർദ്ധ സെഞ്ച്വറിയും വിൻഡീസിനെതിരെ ഡല്‍ഹി ടെസ്റ്റിലെ പ്രകടനവും മാത്രമാണ് ഓർത്തുവെക്കാനുള്ളത്. ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക പരമ്പരയില്‍ തിളങ്ങിയെങ്കിലും ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ട് ടെസ്റ്റിലും സായ് നിരാശയാണ് സമ്മാനിച്ചത്.

അസാധാരണ ഫോമിലുള്ള ജൂറലിനായി സായിയെ പുറത്തിരുത്താൻ ഗില്‍ തയാറായാല്‍ ബൗളിങ് ഡെപ്ത് നിലനിര്‍ത്താനുമാകും. ആറാം ബൗളറായി നിതീഷിനെയോ പ്രസിദ്ധിനെയോ ടീമില്‍ ഉള്‍പ്പെടുത്താം. ബാറ്റിങ് ഡെപ്ത് കണക്കാക്കുമ്പോള്‍ നിതീഷിനായിരിക്കും സാധ്യതയെന്ന് മാത്രം.

ഇത്തരം സാധ്യതകളും ആശയക്കുഴപ്പങ്ങളുമൊക്കെ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡില്‍ ജൂറല്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട് എന്നത് മറുഅഭിപ്രായങ്ങളില്ലാത്ത ഒന്നാണ്. പക്ഷേ, അത് എങ്ങനെ ഒരുങ്ങുമെന്നതാണ് ആശങ്ക. ദീര്‍ഘകാലമായി ഓള്‍റൗണ്ടര്‍മാ‍ര്‍ക്ക് മുൻഗണന കൊടുക്കുന്ന ടീം ഘടന പൊളിക്കാൻ ഇന്ത്യ തയാറാകുമോയെന്നും കാത്തിരുന്നു കാണാം.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?