
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ്, ധോണിയും രോഹിതും കോഹ്ലിയും വാഴുന്നിടത്ത് ആ പേരിന്റെ ശബ്ദത്തോളം ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റൊന്നുമില്ല ഇന്ന്. ഒരുപക്ഷേ, മണിക്കൂറുകളുടെ ദൂരത്തിനപ്പുറം ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ തലക്കെട്ടായി അയാള്‍ മാറും. മറുവശത്ത്, ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ അയാള്‍ക്ക് കൃത്യമായൊരു സ്ഥാനം പോലും നിരസിക്കപ്പെടുന്ന നാളുകളാണ് കടന്നുപോകുന്നത്. സഞ്ജു സാംസണ്‍, ദ ഗ്രേറ്റസ്റ്റ് ഹു നെവര്‍ വാസ്. അയാള്‍ക്കിന്ന് 31 വയസ്. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും സഞ്ജുവിന്റെ ഭാവിയെന്ത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ സഞ്ജുവിന്റെ സാന്നിധ്യത്തില്‍ ആശങ്കയേറുമ്പോള്‍, ഐപിഎല്ലില്‍ കഥ മറ്റൊന്നാണ്. സാക്ഷാല്‍ തലയുടെ പിൻഗാമിയായി മഞ്ഞയണിയാൻ സഞ്ജു തയാറാകുന്നുവെന്നത് താരത്തെയും ചെന്നൈ സൂപ്പര്‍ കിങ്സിനേയും സംബന്ധിച്ച് സുപ്രധാനമായ ചുവടുവെപ്പാണ്. ഇതിഹാസ താരം രവീന്ദ്ര ജഡേജയേയും ഇംഗ്ലീഷ് യുവതാരം സാം കറണേയും സഞ്ജുവിന് പകരം രാജസ്ഥാൻ റോയല്‍സിന് നല്‍കാൻ ചെന്നൈ മാനേജ്മെന്റ് തയാറാകുന്നു. കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ആവശ്യമായ കാലതാമസം മാത്രമാണ് അവശേഷിക്കുന്നതെന്നാണ് സൂചനകള്‍.
കഴിഞ്ഞ മെഗാതാരലേലത്തില്‍ രാജസ്ഥാൻ റോയല്‍സിന്റെ നെടുംതൂണുകളായ ജോസ് ബട്ട്ലര്‍, രവി അശ്വിൻ, യുസുവേന്ദ്ര ചഹല്‍, ട്രെൻ ബോള്‍ട്ട് തുടങ്ങിയ താരങ്ങളെ നിലനിര്‍ത്താൻ മാനേജ്മെന്റ് തയാറാകാത്തത് ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന് അതൃപ്തിയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2025 സീസണിന്റെ ഒടുവില്‍, സഞ്ജു ടീം വിടുമെന്നതും വ്യക്തമായിരുന്നു. ചെന്നൈക്ക് പുറമെ ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകളായിരുന്നു സഞ്ജുവിനായി കസേര മാറ്റിവെച്ച് കാത്തിരുന്നവര്‍.
പക്ഷേ, സഞ്ജുവിന് അനുയോജ്യമായ ഇടം ചെന്നൈ തന്നെയായിരുന്നു. ധോണിയെന്ന അതികായന്റെ പകരക്കാരനെ കണ്ടെത്താനുള്ള തീവ്രശ്രമം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചെന്നൈ നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ജഡേജയ്ക്കും ബെൻ സ്റ്റോക്ക്സിനും റുതുരാജ് ഗെയ്ക്വാദിനുമൊന്നും പ്രതീക്ഷക്കൊത്ത് ഉയരാനായിരുന്നില്ല. അതിന്റെ ഉദാഹരണമാണ് കടന്നുപോയ സീസണുകള്‍. ഇവിടെയാണ് സഞ്ജുവിന്റെ വരവ്, വിക്കറ്റ് കീപ്പര്‍, നായകനായുള്ള പരിചയസമ്പത്തും മികച്ച റെക്കോര്‍ഡും. നായകന്റെ സമ്മര്‍ദമില്ലാതെ സ്ഥിരതയോടെ ബാറ്റ് ചെയ്യാനുള്ള മികവ്. ഇതെല്ലാം സഞ്ജുവിലേക്ക് ചെന്നൈയെ അടുപ്പിക്കുന്ന ഘടകങ്ങളായിരുന്നു.
നിലവില്‍ ചെന്നൈയുടേത് യുവതാരങ്ങളാല്‍ സമ്പന്നമായ നിരയാണ്, സഞ്ജുവിന്റെ കീഴിലെ രാജസ്ഥാന് ഏറക്കുറെ സമാനമാണ് ടീം ഘടന. ട്രേഡ് പൂര്‍ണമായി ചെന്നൈയിലെത്തിയാല്‍ നായകസ്ഥാനം സഞ്ജുവിന് നല്‍കിയാലും അത്ഭുതപ്പെടാനില്ല. കാരണം, നായകഭാരമില്ലാതെയാണ് റുതുരാജിന്റെ മികവ് ഐപിഎല്ലില്‍ കണ്ടിട്ടുള്ളത്. റുതുരാജ് എന്ന ബാറ്ററിന്റെ സേവനവും സഞ്ജുവിന്റെ നായകമികവും ചേരുമ്പോള്‍ ചെന്നൈക്ക് പ്രതാപത്തിനൊത്ത തിരിച്ചുവരവിന് തുടക്കമിടാനായേക്കും. തിളക്കമാര്‍ന്ന ഈ വശത്തിനപ്പുറം നീലജഴ്സിയില്‍ സഞ്ജുവിന് മുന്നിലുള്ളത് ഇരുണ്ടകാലമാണ്.
ഏഷ്യ കപ്പിലെ നിര്‍ണായക പ്രകടനങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയൻ പര്യടനം കേവലം നാല് പന്തില്‍ അവസാനിച്ചു, അവസരം ലഭിച്ചത് ഒരു തവണ മാത്രം. ശുഭ്മാൻ ഗില്ലിന്റെ വരവിന് പിന്നാലെയുള്ള സഞ്ജുവിനോടുള്ള സമീപനം അല്‍പ്പം ക്രൂരമായിപ്പോയി എന്ന് പറഞ്ഞാലും തെറ്റ് പറയാനാകില്ല. ഓപ്പണറായി അസാധാരണ പ്രകടനങ്ങള്‍ സ്ഥിരതയോടെ സഞ്ജു പുറത്തെടുക്കുമ്പോഴാണ് ഗില്ലിന്റെ വരവും ലോവര്‍ ഓര്‍ഡറിലേക്കുള്ള മലയാളി താരത്തിന്റെ ചുവടുമാറ്റവും. ഇരുവരുടേയും കണക്കുകള്‍ തട്ടിച്ചുനോക്കുമ്പോള്‍ സഞ്ജു അര്‍ഹിക്കുന്നത് അയാളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുവെന്ന് കരുതേണ്ടി വരും.
ഒന്നാം നമ്പറില്‍ സഞ്ജു 14 ഇന്നങ്സുകളാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. 40 ശരാശരിയിലും 183 സ്ട്രൈക്ക് റേറ്റിലും ബാറ്റ് വീശിയ സഞ്ജു മൂന്ന് സെഞ്ച്വറിയടക്കം 512 റണ്‍സ് നേടി. മറുവശത്ത് ഗില്‍ അവസാനം ഓപ്പണറായി എത്തിയ 12 മത്സരങ്ങളില്‍ നിന്ന് 28 ശരാശരിയിലും 143 സ്ട്രൈക്ക് റേറ്റിലും 259 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. ജിതേഷ് ശര്‍മയെ പരീക്ഷിക്കാനുള്ള തീരുമാനം സഞ്ജുവിന്റെ അഞ്ചാം നമ്പര്‍ സാധ്യതകളെപ്പോലും ഇല്ലാതാക്കിയിരിക്കുന്നു. അഞ്ചാം നമ്പറില്‍ സഞ്ജുവിന്റെ അത്രയും അനുയോജ്യനായ മറ്റൊരു താരമില്ലെന്ന് മനേജ്മെന്റ് ഒരുവശത്തുനിന്ന് പറയുകയും ചെയ്യുന്നുവെന്നതാണ് ഇതിലെ വിരോധാഭാസം.
ഇനി ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ടൂര്‍ണമെന്റ് 2026 ട്വന്റി 20 ലോകകപ്പാണ്. ഏകദിനത്തില്‍ സഞ്ജുവിനപ്പുറം ബിസിസിഐ ചിന്തിച്ചുതുടങ്ങിയെന്നത് ഓസീസ് പര്യടനത്തില്‍ ദ്രുവ് ജൂറലിനെ തിരഞ്ഞെടുത്തതിലൂടെ വ്യക്തമായി. അവസാനം കളിച്ച ഏകദിനത്തില്‍, ദക്ഷിണാഫ്രിക്കൻ മണ്ണില്‍ സെഞ്ച്വറി നേടി കളിയിലെ താരമായി ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തതിന് ശേഷമായിരുന്നു തഴഞ്ഞത്. ട്വന്റി 20 ലോകകപ്പിന് മുൻപ് ഇന്ത്യക്ക് 10 മത്സരങ്ങളാണ് ബാക്കിയുള്ളത്. അഞ്ച് വീതം ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനുമെതിരെ.
ഇതില്‍ എത്ര മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ഉണ്ടാകും എന്നതാണ് ചോദ്യം. കിട്ടുന്ന അവസരങ്ങളും പുറത്തെടുക്കുന്ന പ്രകടനവുമായിരിക്കും 2026 ട്വന്റി 20 ലോകകപ്പിലെ സഞ്ജുവിന്റെ സ്ഥാനത്തെ നിര്‍ണയിക്കുക. ഇനി ഓപ്പണറായി പരീക്ഷിക്കുമോ, മൂന്നാം നമ്പറിലായിരിക്കുമോ, അതോ അഞ്ചില്‍ ഉറപ്പിക്കുമോ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് ബാക്കി. സ്ഥിരസ്ഥാനമില്ലാത്തത് ഒരു താരത്തിന്റെ പ്രകടനത്തെ എത്രത്തോളം ബാധിക്കുമെന്നതും സഞ്ജുവിന്റെ കരിയറുകൊണ്ട് ഉദാഹരിക്കാനാകും. ട്വന്റി 20യില്‍ ഓപ്പണര്‍മാര്‍ക്ക് മാത്രമാണ് ഉറപ്പുള്ള സ്ഥാനമെന്ന് ഗംഭീര്‍ പറഞ്ഞുകഴിഞ്ഞു, ബാക്കിയെല്ലാവരും ഏത് പൊസിഷനിലും ഇറങ്ങാനും തയാറാകണം.
പക്ഷേ, അതിനുള്ള അവസരം പോലും സഞ്ജുവിലേക്ക് എത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. റിഷഭ് പന്തിന്റെ തിരിച്ചുവരവ് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കും. സഞ്ജുവിന് പുറമെ ജിതേഷും പന്തും വിക്കറ്റ് കീപ്പര്‍ റോളിലേക്ക് എത്തിയിരിക്കുന്നു. അടുത്ത 10 മത്സരങ്ങള്‍ സഞ്ജുവിന് കരിയറോളം പ്രധാനമാണ്. 2024 ട്വന്റി 20 ലോകകപ്പില്‍ ടീമിലുണ്ടായിട്ടും പുറത്തിരിക്കേണ്ടി വന്നിരുന്നു സഞ്ജുവിന്, അത് ആവര്‍ത്തിക്കുമോയെന്നത് നിര്‍ണയിക്കുക ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് പരമ്പരകളായിരിക്കും.