
ലുസൈലില്‍ അനശ്വരമായ ആ ബൂട്ടുകള്‍ക്ക് ഇനിയെന്താണ് വേണ്ടത്, സമ്മര്‍ദത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ആ കുമായവരയ്ക്കുള്ളില്‍ സര്‍വസ്വതന്ത്രനായി സര്‍വ്യാപിയായി അയാള്‍ക്ക് നിറയണം...
കാൻസാസ് സിറ്റി സ്റ്റേഡയത്തിന്റെ നീലക്കടലിന് നടുവിലെ പുല്‍നാമ്പുകള്‍ ആ കാല്‍സ്പര്‍ശമേല്‍ക്കാനൊരുങ്ങുകയാണ്. പൂര്‍ണനായി അമേരിക്കൻ മണ്ണിലേക്ക് ഉള്‍വലിഞ്ഞവനുവേണ്ടി കാല്‍പ്പന്തുലോകം ഇമവെട്ടാതെ കാത്തിരുന്നു...വെള്ളയില്‍ ഊര്‍ന്നിറങ്ങിയ നിലവരകളണിഞ്ഞ്, ഒരിക്കല്‍ക്കൂടി, അവസനമായി മൈതാനങ്ങള്‍ക്ക് ദിവ്യത്വം നല്‍കാൻ മിശിഹ തീരുമാനിച്ചിറങ്ങിയ ആറാം ലോകകപ്പ്...
ഒരു കൗമാരകാലത്തിന്റെ ദൂരത്തിനിപ്പുറം അള്‍ജീരിയ അയാള്‍ക്ക് മുന്നില്‍. കൈകളും ക്യാമറാക്കണ്ണുകളും ഉയര്‍ത്തി മുക്കാല്‍ ലക്ഷത്തോളം പേര്‍ ട്രിയോൻഡ ആ കാലുകളെത്തേടിയെത്തുന്നതിനായി അക്ഷമരായി...അള്‍ജീരിയൻ താരങ്ങള്‍ക്ക് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളു, അയാളെയും പന്തിനേയും വേര്‍പ്പെടുത്തി നിര്‍ത്തുക. എന്നാല്‍ മറുപുറത്തെ പത്തുപേര്‍ക്ക് ഒരു ദൗത്യമേയുണ്ടായിരുന്നുള്ളു...ആ മനുഷ്യനിലേക്ക് പന്തെത്തിക്കുക...അത് അവര്‍ ചെയ്തുകൊണ്ടേയിരുന്നു...
അഞ്ചാം മിനുറ്റിലാ നിമിഷം സംഭവിച്ചതാണ്, പക്ഷേ നിഷേധിക്കപ്പെട്ടു...ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു 17-ാം മിനുറ്റില്‍ ലിയോ. പാതിയില്‍ നിന്ന് റോഡ്രിഗൊ ഡിപോള്‍ പന്ത് നീട്ടി നല്‍കി, നാല് അള്‍ജീരിയൻ താരങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച പന്ത് ലിയോയുടെ കാലുകളിലേക്ക്, അനുസരണയോടെ.
ഒരുടേണ്‍, ശേഷം ഗോള്‍മുഖത്തേക്ക് മുന്ന് ചുവടുകള്‍, അല്‍പ്പം മുൻപ് നിഷേധിക്കപ്പെട്ട നിമിഷം ബോക്സിന് പുറത്തുനിന്ന് കണ്ടെത്തുകയാണ് ആ ഇടം കാല്‍. ലുക്ക സിദാന്റെ കൈകളെയും താണ്ടി പന്ത് വലയില്‍. കാൻസാസ് സിറ്റി സ്റ്റേഡയത്തിന്റെ കോര്‍ണറിലേക്ക് കൈകള്‍ വിടര്‍ത്തി മിശിഹ...ലയണല്‍ ആന്ദ്രേസ് മെസി.
താരമായും പരിശിലകനായുമിരിക്കെ തന്നെ അത്ഭുതപ്പെടുത്തിയ കൗമാരക്കാരൻ, പിന്നീട് ഇതിഹാസപരിവേഷമണിഞ്ഞവൻ, തന്റെ മകനും അതേ കാഴ്ച സമ്മാനിക്കുന്നത് സിനദിൻ സിദാൻ നോക്കിനിന്നു. രണ്ട് ദശാബ്തത്തിന് മുൻപ് മുൻപ് ഇതേ ദിവസമാണ് ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ മെസി നേടുന്നത്.
20 വര്‍ഷത്തിനിപ്പുറം അര്‍ജന്റീനയ്ക്കായി 200-ാം മത്സരം, ആറാം ലോകകപ്പ്, പ്രായം 39 ആണ്. ലയണല്‍ ആന്ദ്രേസ് മെസി, ലുസൈലില്‍ നിന്നുള്ള തുടര്‍ച്ച തന്നെയായിരുന്നു കാൻസാസ് സിറ്റി സ്റ്റേഡിയത്തിലും. ഫൈനല്‍ തേഡില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മെസി ആയിരുന്നില്ല ഇവിടെയെന്ന് മാത്രം, പ്രതിരോധനിരയിലേക്കിറങ്ങി പന്ത് വീണ്ടെടുക്കുന്ന മെസിയെ പലകുറി കണ്ടു.
ഗോള്‍വലയിലേക്ക് പന്ത് എത്തണമെങ്കിലും മെസി തന്നെ തീരുമാനിക്കണം, അതായിരുന്നു സ്ഥിതി . 60-ാം മിനുറ്റില്‍ മക്കാലിസ്റ്ററിന്റെ ഷോട്ടിനെ ലൂക്ക സിദാൻ തടഞ്ഞു നിര്‍ത്തി, റീബൗണ്ടായ പന്തെത്തുന്ന മെസിയുടെ ബൂട്ടുകളിലേക്കാണ്, പന്ത് ആ ബൂട്ടുകളെ തേടിയെത്തുന്നത് പോലെയാണ് തോന്നിച്ചത്. വണ്‍ടച്ചില്‍ ഗോള്‍വരകടത്തി. ഒരുപക്ഷേ, അത്ഭുതങ്ങള്‍ക്കൊണ്ട് നിറഞ്ഞ കരിയറില്‍ അയാള്‍ നേടിയ ഏറ്റവും അനായാസമായ ഗോള്‍ ആയിരുന്നിരിക്കാം അത്.
ലോകകപ്പിലെ 15-ാം ഗോള്‍. മണിക്കൂറുകള്‍ക്ക് മുൻപായിരുന്നു കിലിയൻ എംബാപെ മെസിയെ മറികടന്ന് തന്റെ ടാലി 14-ലേക്ക് ഉയര്‍ത്തിയത്. ഒരിക്കല്‍ക്കൂടി റെക്കോര്‍ഡ് പുസ്തകങ്ങള്‍ മെസിക്കൊപ്പം നില്‍ക്കാൻ തീരുമാനിച്ചു.
ഒന്നുകൂടി അപ്പോഴും ബാക്കിയുണ്ട്, ഒരു ലോകകപ്പ് ഹാട്രിക്ക്. 60-ാം മിനുറ്റില്‍ രണ്ടാം ഗോള്‍ പിറന്നപ്പോള്‍ത്തൊട്ട് ലോകം അതിനായി കാത്തിരിക്കുകയായിരുന്നു. അയാള്‍ക്കൊപ്പം അണിനിരന്ന 10 പേരും അതിനുവേണ്ട മാത്രമായിരുന്നു ആ പന്തില്‍ തൊട്ടതൊക്കെയും, മെസിയെ ആഘോഷിക്കാൻ തീരുമാനിച്ചുറച്ച സംഘം.
65-ാം മിനുറ്റില്‍ അസാധരണായ ഒരു സേവിലൂടെ ലൂക്ക സിദാൻ മെസിയോട് അല്‍പ്പം കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, അത് സംഭവിച്ചെ മതിയാകു, അല്ലാതെ കാലം കടന്നുപോകില്ല. മത്സരത്തിന്റെ 76-ാം മിനുറ്റ്. പകുതിയില്‍ നിന്ന് മെസിയാണ് തുടങ്ങിവെച്ചത്. ബോക്സിന് പുറത്ത് ഇടതുമൂലയിലേക്ക് ഗോള്‍സാലസിലേക്ക് പന്ത് കൈമാറി, ശേഷം ബോക്സിനുള്ളിലേക്ക് കുതിക്കാനൊരുങ്ങിയ മെസിയിലേക്ക് തന്നെ ഗോള്‍സാലസ് പന്ത് തിരികെ നല്‍കി. ഒരു മജസ്റ്റിക്ക് ഫിനിഷ്, ഇക്കുറി ലൂക്ക സിദാന് ആ പന്ത് തടയുകയെന്നത് അസാധ്യമായ ഒന്നായിരുന്നു.
കൈകള്‍ വാനിലേക്ക് ഉയര്‍ത്തി ആ നിമിഷത്തെ ഇതിഹാസം ഉള്‍ക്കൊണ്ടു, എത്ര കണ്ടുപരിചരിച്ച കാഴ്ചയാണെങ്കിലും ഇപ്പോഴും അതിന് വല്ലാത്തൊരു സൗന്ദര്യമുണ്ട്. ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ 16 ഗോളുകളുമായി മിറോസ്ലാവ് ക്ലോസേയ്ക്ക് ഒപ്പം,ലോകകപ്പ് മൈതാനങ്ങള്‍ കണ്ട ഏറ്റവും വലിയ താരമാകാനുള്ള സഞ്ചാരത്തിന് കാൻസാസില്‍ തുടക്കം.
80-ാം മിനുറ്റില്‍ ആ ശരീരത്തിന് വിശ്രമം അനുവദിക്കാൻ സ്കലോണി തീരുമാനിക്കുമ്പോള്‍, ഗ്യാലറികളില്‍ ആരവങ്ങള്‍ മാത്രമായിരുന്നില്ല, പറഞ്ഞറിയിക്കാൻ ആകാത്തവിധം എന്തൊഒരു തരം ആനന്ദം പടരുകയായിരുന്നു.
അയാളുടെ ഈ യാത്ര എങ്ങോട്ടാണ്...അറിയില്ല. പന്തുതട്ടി അയാള്‍ക്ക് കൊതിതീര്‍ന്നിട്ടില്ല, കണ്ടുനമുക്കും...ആസ്വദിക്കാം ആ തുകല്‍പ്പന്ത് അയാളുടെ കാലുകളെ അവസാനമായി സ്പര്‍ശിക്കുന്ന നിമിഷം വരെ...അനശ്വരതയ്ക്കും അപ്പുറം...ലിയോ...