പ്രതിരോധമാണ് ആയുധം, ഒപ്പം വൊസീന്യയുടെ കൈകളും; സ്‌പെയിനെ തളച്ച കേപ് വെർദെ തന്ത്രം

Published : Jun 16, 2026, 01:44 PM IST
Cape Verde

Synopsis

കേപ് വേർദെയ്ക്ക് ഒരു ആയുധമെയുണ്ടായിരുന്നുള്ളു, പ്രതിരോധം. അവരത് നടപ്പാക്കിയ വിധം, അത് ചെറുത്തുനില്‍പ്പുകളുടെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ കോർത്തിണക്കിയതായിരുന്നു

ലാ റോജ ബൂട്ടുകള്‍ക്കിടയിലൂടെ ട്രിയോൻഡ ഒഴുകിനടന്നത് 764 തവണയാണ്, അറ്റാക്കിങ് തേഡില്‍ 400 പ്രാവശ്യം. ബോക്‌സിനുള്ളില്‍ മാത്രം 51 ടച്ചുകള്‍, ഗോള്‍ വല ലക്ഷ്യമാക്കി 27 ഷോട്ടുകള്‍...പക്ഷേ, പോസ്റ്റിന് കുറകെയുള്ള വെള്ളവര മാത്രം ആ പന്ത് കടന്നില്ല...അതിന് അവര്‍ അനുവാദം നല്‍കിയില്ലെന്ന് പറയുന്നതാകും ശരി.

അറ്റ്ലാന്റയുടെ ആകാശത്തിന് കീഴില്‍ അക്ഷരാർത്ഥത്തില്‍ സംഭവിച്ചത് ദാവിദ് - ഗോലിയാത്ത് വിഖ്യാതകഥയുടെ ഏറ്റവും പുതിയ അധ്യായമായിരുന്നു. നാല് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിന്റേയും ഒരു ലോകകിരീടത്തിന്റേയും ചരിത്രം പേറുന്ന, അമേരിക്കൻ മണ്ണില്‍ ഏറ്റവും അധികം സാധ്യതകല്‍പ്പിക്കുന്ന സ്പെയിൻ, ലമീൻ യമാലിന്റെ സ്പെയിൻ. മറുവശത്ത്, കേപ് വേർദെ. അവർ ഭൂപടത്തിന്റെ ഭാഗമാണെന്ന് പോലും ഈ ലോകമറിഞ്ഞത് അടുത്തിടെയാണ്.

ഇവിടെ ഗോലിയാത്തിനെ വീഴ്ത്താൻ കേപ് വേർദെയ്ക്ക് ഒരു ആയുധമെയുണ്ടായിരുന്നുള്ളു, പ്രതിരോധം. അവരത് നടപ്പാക്കിയ വിധം, അത് ചെറുത്തുനില്‍പ്പുകളുടെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ കോർത്തിണക്കിയതായിരുന്നു...ലോകം കണ്ണടച്ചു നിന്ന ഒരു ജനതയിലേക്ക് ഫുട്ബോള്‍ലോകത്തെയാകെ 90 മിനുറ്റുകള്‍ക്കൊണ്ട് എത്തിച്ചു ആ 11 പേര്‍ ചേര്‍ന്ന്...

18-ാം മിനുറ്റില്‍ ഒരു കാഴ്ചയുണ്ടായി, കേപ് വെര്‍ദേയുടെ ഡിഫൻസീവ് ലൈനില്‍ ആറ് സ്പാനിഷ് താരങ്ങള്‍. ഫുള്‍ ബാക്കുകളായ കുക്കുറേയയും ലൊറേന്റയുമായിരുന്നു മുന്നേറ്റനിരയ്ക്കൊപ്പമപ്പോള്‍ ചേര്‍ന്നത്. റോഡ്രിയെ പിന്നോട്ട് വലിച്ചായിരുന്നു നീക്കം. മത്സരത്തിന്റെ ആദ്യ പതിനഞ്ചുമിനുറ്റില്‍ സ്പെയിൻ താരങ്ങളുടെ ഷോട്ടുകള്‍ക്ക് കേപ് വെര്‍ദെ പ്രതിരോധനിര ബോക്‌സിലേക്ക് പ്രവേശനം നിഷേധിച്ചതിന്റെ ഫലമായിരുന്നു ഡെലെ ഫ്യൂന്റെ നടത്തിയ ആ ടാക്റ്റിക്കല്‍ ഷിഫ്റ്റ്. ലക്ഷ്യം ഒന്നുമാത്രം കേപ് വേര്‍ദെയുടെ ഡിഫൻസിനെ ഡിസ്‌റപ്റ്റ് ചെയ്യണം, സ്പേസ് കണ്ടെത്തണം, .

ഈ സമ്മര്‍ദം കേപ് വേര്‍ദേ ഡീഫൻസിനെ കൂടുതല്‍ ഡീപായി കളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. 4-5-1 എന്ന ഫോര്‍മേഷനിലായിരുന്നു ബുബിസ്റ്റ തന്റെ കുട്ടികളെ അണിനിരത്തിയത്. കോംപാക്റ്റായ മധ്യനിരയും അതിന് അനുയോജ്യമായ പ്രതിരോധവും. കുക്കുറേയയുടേയും ലൊറന്റേയുടെയും കുതിപ്പുകളും നിരന്തരമുള്ള അറ്റാക്കിങ്ങിനും മുന്നില്‍ തങ്ങളുടെ ഡിഫൻസീവ് ഷേപ്പിന് ഇളക്കം തട്ടാതിരിക്കാൻ അവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പൊടുന്നനെയുള്ള സ്പെയിനിന്റെ ടാക്റ്റിക്കല്‍ ഷിഫ്റ്റുകളെപ്പോലും അവര്‍ ടാക്കിള്‍ ചെയ്തു, അത് കൃത്യമായ മാൻ മാര്‍ക്കിങ്ങിലൂടെയായിരുന്നു.

സ്പെയിന്റെ ഏറ്റവും വലിയ കരുത്ത് ഇമാജിനേഷനും വിഷനും ക്രിയേറ്റിവിറ്റിയും ഒത്തിണങ്ങിയുള്ള അവരുടെ മധ്യനിരയാണ്. പെഡ്രി, ഫാബിയാൻ റൂയിസ്, റോഡ്രി. എന്നാല്‍ സുവാൻ കാബ്രാലും ജമീറൊ മൊന്റെയ്‌റോയും റയാൻ മെൻഡസും ചേര്‍ന്ന് മധ്യനിരയിലൂടെയുള്ള സ്പെയിന്റെ സ്വതന്ത്ര്യത്തോടെയുള്ള സ‍ഞ്ചാരത്തെ വെല്ലുവിളിച്ചു. ഇത് വിങ്ങുകളിലൂടെ സ്പേസ് കണ്ടെത്താൻ സ്പെയിനിനെ നിര്‍ബന്ധിതമാക്കിയ ഘടകം മാത്രമല്ല കേപ് വേര്‍ദെയുടെ മുന്നേറ്റങ്ങള്‍ക്കും സഹായകരമായി.

വിങ്ങിലേക്ക് സ്പെയിന്റെ നീക്കങ്ങള്‍ സംഭവിച്ചപ്പോഴെല്ലാം അവിടെ ലാരോസ് ദൂവാത്തും കെവിൻ പിനയും പ്രതിരോധനിരയ്ക്ക് പിന്തുണയുമായി എത്തി. രണ്ടാം പകുതിയില്‍ സ്പെയിൻ തങ്ങളുടെ കളിവേഗം ഉയര്‍ത്തിയപ്പോഴും കേപ് വെര്‍ദെ ഒരുതരിപോലും പ്രതിരോധത്തിലെ കൃത്യതയും സ്ഥിരതയും കൈവിട്ടില്ലെന്നതും ഓര്‍ക്കണം. ലമീൻ യമാല്‍ 70-ാം മിനുറ്റില്‍ മൈതാനത്ത് എത്തിയപ്പോള്‍ മാത്രമാണ് അല്‍പ്പമെങ്കിലും അവര്‍ക്ക് തങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് വ്യതിചലിക്കേണ്ടി വന്നത്, പക്ഷേ അപ്പോഴും യമാലില്‍ നിന്ന് ഗോളവസരങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അവര്‍ ശ്രമിക്കുകയായിരുന്നു.

764 പാസുകളെ ഒരുതരത്തില്‍ സ്പെയിനിന്റെ ക്ഷമയെന്ന് വേണമെങ്കിലും വിളിക്കാനാകും, ഗോള്‍ കണ്ടെത്താനുള്ള അവരുടെ വല്ലാത്ത കാത്തിരിപ്പ്. ആ കാത്തിരിപ്പിന് പലപ്പോഴും ഫലമുണ്ടായതുമാണ്, പക്ഷേ ആ മൂന്ന് പേരുകള്‍ അവയുടെ ദൈര്‍ഘ്യം നീട്ടിക്കൊണ്ടേയിരുന്നു. ഗോള്‍വലയ്ക്ക് മുന്നില്‍ അസാധാരണ നിമിഷങ്ങള്‍ക്ക് മധ്യസ്ഥനായി നിലകൊണ്ട, അത്ഭുതങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്ന ആ 40കാരൻ, വൊസീന്യ. ഒപ്പം സെന്റര്‍ ബാക്കുകളായ റൊബേര്‍ട്ടൊ ലോപ്പസും ഡിനെയും.

27 ഷോട്ടുകളാണ് വൊസീന്യക്ക് നേരെ എത്തിയത്, ഏഴ് സേവുകള്‍, ആറെണ്ണം ബോക്സിനകത്തും ഒന്ന് പുറത്തും. ഇതില്‍ മൂന്നെണ്ണം നിര്‍ണായകമായിരുന്നു. 38-ാം മിനുറ്റില്‍ പെഡ്രി തൊടുത്ത ലോങ് റേഞ്ചറും ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ ഫെറാൻ ടോറസിനും ലപ്പോര്‍ട്ടയ്ക്കും ഗോള്‍നിമിഷം തടുത്തു. 65 ടച്ചുകള്‍, കേപ് വേര്‍ദെ നിരയില്‍ കൂടുതല്‍ ടച്ചുകളില്‍ രണ്ടാമത്. ഇറ്റ് വാസ് സ്പെയിൻ വേഴ്സസ്, വൊസീന്യ.

ഡിനെ വിൻ ചെയ്തത് ആറ് ഡുവല്‍സാണ്, 18 ഡിഫൻീസ് ഇന്റര്‍വെൻഷൻസ്. റോബേര്‍ട്ടോ ലോപസാകട്ടെ 17 ഡിഫൻസീവ് ഇൻ്റ‍ര്‍വെൻഷൻസ്, രണ്ട് ഡുവല്‍സും വിൻ ചെയ്തു. അവസാന നിമിഷം ഒയര്‍സബാലിന്റെ ഗോള്‍ ശ്രമം തടുത്തത് ലോപസായിരുന്നു, കേപ് വേര്‍ദയുടെ 90 മിനുറ്റുകളുടെ പോരാട്ടം ഐതിഹാസികമാക്കിത്തന്നെ നിലനിര്‍ത്തിയത് ആ ഒരൊറ്റ നിമിഷമായിരുന്നു.

ഒടുവില്‍ ചുവപ്പ് പരവതാനിയായി മാറിയ ഗ്യാലറിക്ക് നടുവില്‍ നിന്ന് ആദം മഖാദമെ ഫൈനല്‍ വിസില്‍ മുഴക്കുമ്പോള്‍ ഒരു കാഴ്ചയുണ്ടായി. വിശ്വവേദിയില്‍ തന്നെ അടയാളപ്പെടുത്താൻ എത്തിയ ലമീൻ യമാല്‍ നിരാശയോടെ ആ മൈതാനം വിടുകയാണ്, തൊട്ടരികില്‍ നിറകണ്ണുകളുമായി കേപ് വേർദേയുടെ വോസീന്യ, റൊബേര്‍ട്ടൊ ലോപെസും ഡിനെയും പരസ്പരം ആസ്ലേഷിച്ചു. മനോഹരം.

തലമുറകള്‍ക്ക് അഭിമാനിക്കാൻ 90 മിനുറ്റുകള്‍, ഉറുഗ്വെയെ നേരിടാൻ അവര്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമിറങ്ങും, അത്മവിശ്വാസത്തോടെ മാത്രമായിരിക്കും ആ ചുവടുവെപ്പ്.

PREV
Read more Articles on
click me!

Recommended Stories

ബാഴ്സയെ നോവിച്ച് പെരേസ്; സില്‍വക്ക് പിന്നാലെ കുക്കുറേയയും, വീണ്ടെടുപ്പിന് റയല്‍
ജര്‍മ്മനിയെ തളച്ച ആ 17 മിനുറ്റുകൾ; ക്യുറസാവ് ലോകകപ്പില്‍ വരവറിയിച്ചത് അവിടെയാണ്